ഹൈദരാബാദിലെ ഹോട്ടൽ മുറിയിൽ വച്ച് കൽപ്പന എന്ന അഭിനയ പ്രതിഭ ഈ ലോകത്തോട് വിട പറയുമ്പോൾ അവർ ഏറെക്കാലമായി ഭയപ്പെട്ടിരുന്നത് സംഭവിയ്ക്കുകയായിരുന്നു. ഹോട്ടൽമുറികളോട് കൽപ്പനയ്ക്ക് എന്നും ഭയമായിരുന്നു. പലപ്പോഴും ഷൂട്ടിംഗിനായി പോകുമ്പോൾ ഹോട്ടൽ മുറിയിൽ അവർ തനിച്ചിരിയ്ക്കാറില്ല. ആദ്യകാലത്തൊക്കെ അമ്മ നടിമാരുടെ മുറികളിലേയ്ക്ക് കൽപ്പനയുടെ ചങ്ങാത്തം നീളുമായിരുന്നു…കൂട്ടിന് ഒപ്പമുള്ള സ്ത്രീ ആയാലും മതി, അവർക്കൊപ്പം സംസാരിച്ചും സിനിമ കണ്ടും കൽപ്പന സമയം കളയും. ഒരു പക്ഷേ ഒറ്റയ്ക്ക് ഹോട്ടൽമുറിയിൽ ഇരിയ്ക്കുന്നതിന്റെ ഭയം ഒഴിവാക്കാനായിരിക്കണം ഇങ്ങനെയൊക്കെ ചെയ്തത്. എന്നിട്ടും നോക്കണേ വിധി കൽപ്പനയെ ആ ഹോട്ടൽമുറിയിൽ നിന്നും തട്ടിയെടുത്തത്…ഷൂട്ടിങുമായി ബന്ധപ്പെട്ട് ഹൈദരബാദിൽ അവർ താമസിച്ചിരുന്ന ഹോട്ടലിൽ രാവിലെ ബോധരഹിതയായി കണ്ടെത്തുകയായിരുന്നു. പൊടുന്നനെയുണ്ടായ ഹൃദയാഘാതമാണ് പ്രേക്ഷകരുടെ പ്രിയനടിയെ അവരിൽ നിന്നും ഞൊടിയിടയിൽ കവർന്നെടുത്തത്.
താരം ഹൈദരാബാദിലെ 106 എന്ന റൂമിൽ കിടന്നാണ് മരിക്കുന്നത്. അതിന് പിന്നിൽ ഒരു കഥയുണ്ട്. കൽപ്പനയുടെ ഏറ്റവും പ്രിയപ്പെട്ട നമ്പറായിരുന്നു 106 എന്നത്. ഭാഗ്യ നമ്പർ എന്നൊക്കെയാണ് കരുതിയിരുന്നത്. അതുകൊണ്ട് തന്നെ എവിടെ എന്ത് പരിപാടിക്ക് പോയാലും അവർക്ക് 106 എന്ന റൂം തന്നെ വേണമായിരുന്നു. 106 ലഭിച്ചില്ലെങ്കിൽ ഇടയ്ക്ക് പൂജ്യം വരുന്ന നമ്പർ വേണമെന്നുള്ളതും അവരുടെ വാശിയാണ്… അത് മാത്രമാണ് അവർ ഒരു ഷൂട്ടിംഗ് ലൊക്കേഷനിൽ ആകെ ആവശ്യപ്പെടുന്ന കാര്യം… മരണ രംഗങ്ങൾ ചിത്രീകരിയ്ക്കുന്നതും കൽപ്പനയ്ക്ക് ഇഷ്ടമല്ലായിരുന്നു…ചിരിയും വർത്തമാനവും ഒന്നുമില്ലാത്ത മരണ സീനുകൾ അവരെ വേദനിപ്പിച്ചിരുന്നു. അത്തരം രംഗങ്ങളിൽ അഭിനയിക്കുന്നത് അവർക്ക് വിഷമമായിരുന്നുവെന്നും കേട്ടിട്ടുണ്ട്…ഞാൻ കൽപ്പന എന്ന ആത്മകഥയുടെ അവസാന താളുകളിൽ പോലും കൽപ്പന ജീവിതത്തോട് വല്ലാത്ത പ്രതീക്ഷ വച്ച് പുലർത്തുന്നതായി തോന്നിയിട്ടുണ്ട്…പക്ഷേ അവർക്കിഷ്ടപ്പെട്ട നമ്പരുള്ള ഹോട്ടൽ മുറിയിൽ അവർ വിട വാങ്ങി…
ജീവിതത്തോടുള്ള എല്ലാ പ്രതീക്ഷകളും അറ്റ്… പൊടുന്നനെയുണ്ടായ ഹൃദയാഘാതമാണ് പ്രേക്ഷകരുടെ പ്രിയനടിയെ അവരിൽ നിന്നും ഞൊടിയിടയിൽ കവർന്നെടുത്തത്….മൂന്നുറിലേറെ സിനിമകളിൽ അഭിനയിച്ചിട്ടുള്ള നടി ‘തനിച്ചല്ല ഞാൻ’ എന്ന സിനിമയിലെ പ്രകടനത്തിന് മികച്ച സഹനടിക്കുള്ള ദേശീയ പുരസ്കാരം നേടിയിട്ടുണ്ട്. ഹാസ്യരസപ്രധാനമായ നിരവധി കഥാപാത്രങ്ങളെ കൽപന എന്ന പ്രതിഭ അവിസ്മരണീയമാക്കി. 1965 ഒക്ടോബർ അഞ്ചിന് ജനിച്ച കൽപ്പന ബാലതാരമായാണ് സിനിമയിൽ അരങ്ങേറിയത്. പിന്നീട് ഭാഗ്യരാജിനൊപ്പം ‘ചിന്നവീട്’ എന്ന ചിത്രത്തിലൂടെ തമിഴകത്തും സാന്നിധ്യമറിയിച്ചതോടെ ചുരിങ്ങിയ കാലം കൊണ്ട് അവർ തെന്നിന്ത്യൻ സിനിമാലോകത്ത് കൽപന തൻറേതായ വ്യക്തിമുദ്ര പതിപ്പിച്ചു. ഹാസ്യം കൈകാര്യം ചെയ്യാൻ മാത്രമല്ല മികച്ച രീതിയിൽ സ്വഭാവ നടിയായും അവർ വെള്ളിത്തിരയിൽ മിന്നിമറഞ്ഞു. അവസാന കാലഘട്ടങ്ങളിൽ ഇവർ ചെയ്ത കഥാപാത്രങ്ങളെല്ലാം തന്നെ തന്മയത്വമുള്ള ശക്തമായ വേഷങ്ങളായിരുന്നു. മാർട്ടിൻ പ്രക്കാട്ട് ഒരുക്കിയ ‘ചാർലി’യാണ് കൽപന അഭിനയിച്ച അവസാന ചിത്രം.