2000 നവംബർ 27-ന് വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ ബോംബേറിൽ വലതുകാൽ നഷ്ടപ്പെട്ട കണ്ണൂർ ചെറുവാഞ്ചേരിയിലെ ആറുവയസ്സുകാരി അസ്ന… അക്രമരാഷ്ട്രീയത്തിന്റെ ക്രൂരതയെ അതിജീവിച്ച അസ്ന ഇന്ന് വടകരയിലെ സ്വകാര്യ ക്ലിനിക്കിൽ ഡോക്ടറായി ജോലി ചെയ്യുകയാണ്. പക്ഷേ ഇപ്പോൾ അസ്നയുടെ ജീവിതത്തിൽ മറ്റൊരു വിശേഷം നടക്കാൻ പോകുകയാണ്. അസ്നയുടെ വിവാഹം. അതേ അസ്ന വിവാഹിതയാകാൻ പോകുന്നു. ജൂലൈ അഞ്ചിനാണ് വിവാഹം. ആലക്കോട് അരങ്ങം വാഴയിൽ വീട്ടിൽ വി.കെ.നാരായണന്റെയും ലീന നാരായണന്റെയും മകനും ഷാർജയിൽ എൻജിനീയറുമായ നിഖിലാണ് അസ്നയെ വിവാഹം കഴിക്കാൻ പോകുന്നത്.
പത്തൊമ്പത് വർഷം മുമ്പായിരുന്നു നാടിനെ നടുക്കിയ ദുരന്ത വാർത്ത കേരളം കേട്ടത്. കണ്ണൂരിൽ രാഷ്ട്രീയ അക്രമവും ബോംബേറും കൊലപാതകവും അസാധാരണമായിരുന്നില്ല. അക്കാലത്ത് നിരന്തരമോന്നോണം കണ്ണൂരിൽ അക്രമ പരമ്പരകൾ നടന്നിട്ടുമുണ്ട്. കൊല്ലപ്പെട്ടവരിൽ സാധാരണ പ്രവർത്തകർ മുതൽ പ്രമുഖ നേതാക്കൾ വരെയുണ്ടായിരുന്നു. ഇതിനിടയിലാണ് നിരപരാധിയായ പിഞ്ചു ബാലികക്ക് ബോംബേറിൽ കാല് തകരുന്നത്. 2000 സെപ്റ്റംബർ 27ന് തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് ദിവസമായിരുന്നു കേരളത്തെ ഞെട്ടിച്ച അക്രമം അരങ്ങേറിയത്. ചെറുവാഞ്ചേരി പൂവത്തൂർ യു പി സ്കൂളിൽ പോളിംഗിനിടെ ബി ജെ പി പ്രവർത്തകർ ബാലറ്റ് പെട്ടി തട്ടിയെടുത്ത് ഓടുന്നതിനെ കോൺഗ്രസ് പ്രവർത്തകർ തടഞ്ഞിരുന്നു. ഇതേത്തുടർന്നുള്ള സംഘർഷത്തിനിടെയാണ് ബോംബേറ് നടന്നത.്
സ്കൂളിന് സമീപം തന്നെയാണ് അസ്നയുടെ വീട്. വീടിന് ചേർന്നാണ് പിതാവ് നാണു ചായക്കട നടത്തിയിരുന്നത്. ബോംബേറിൽ ഗുരുതരമായി പരുക്കേറ്റ അസ്നയെ ആദ്യം തലശ്ശേരി ആശുപത്രിയിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജിലുമെത്തിക്കുകയായിരുന്നു. മാരകമായ ബോംബിന്റെ ഷെല്ലുകൾ തുളച്ചുകയറി ചിതറിയ പിഞ്ചു കാൽ മുട്ടിന് താഴെ വെച്ച് മുറിച്ച് നീക്കിയെങ്കിലും വെടിമരുന്ന് കൊണ്ടുണ്ടായ മുറിവ് പൂർണമായി ഉണങ്ങാൻ വർഷങ്ങളെടുത്തു. ബോംബേറ് കേസിൽ പ്രതികളായ മുഴുവൻ ബിജെപി പ്രവർത്തകരെയും പിന്നീട് കുറ്റക്കാരായി കണ്ടെത്തി ശിക്ഷിച്ചിരുന്നു.ഒരു കാൽ നഷ്ടപ്പെട്ട അസ്ന ആറാം ക്ലാസ് മുതൽ കൃത്രിമ കാൽ ഉപയോഗിച്ചാണ് സ്കൂളിൽ പോയിക്കൊണ്ടിരുന്നത്. പ്രായം കൂടുന്തോറും കൃത്രിമ കാൽ ഇടക്കിടെ മാറ്റിവെച്ചു കൊണ്ടേയിരിക്കുകയായിരുന്നു. ഡോക്ടറാകണമെന്ന അസ്നയുടെ ആഗ്രഹം പൂവണിയാൻ നാടും നാട്ടുകാരും ബന്ധുക്കളും ഒപ്പം നിന്നു. വേദന അസ്നയുടെ പഠനത്തെ ബാധിച്ചില്ല. മകളെ നോക്കാൻ അച്ഛൻ നാണു താൻ നടത്തിയിരുന്ന ചായക്കട പോലും നിർത്തി വീട്ടിലിരുന്നു. തോളിലെടുത്താണ് ഒരു കാൽ നഷ്ടപ്പെട്ട മകളെ അച്ഛൻ സ്കൂളിലെത്തിച്ചത്. പിന്നീട് കൃത്രിമ കാൽ ലഭിച്ചതോടെയാണ് അസ്ന വിജയത്തിന്റെ പടവുകൾ ഓരോന്നായി ചവിട്ടിക്കയറിയത്.
എസ് എസ് എൽ സിക്കും ഹയർസെക്കൻഡറിക്കും മികച്ച വിജയം നേടിയ അസ്ന 2013 ലായിരുന്നു കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശനം നേടുന്നത്. എന്നാൽ മെഡിക്കൽ കോളജിലെ നാലാം നിലയിലെ ക്ലാസ് മുറിയിലേക്ക് കയറുന്നത് അവൾക്ക് മുന്നിൽ ഒരു വെല്ലുവിളിയായി മാറി. അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടിക്ക് കെ എസ് യു നേതാക്കൾ നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിൽ 38 ലക്ഷം രൂപ ചെലവിൽ മെഡിക്കൽ കോളജിൽ ലിഫ്റ്റൊരുക്കി. ഇത് അസ്നയുടെ സ്വപ്നത്തിലേക്കുള്ള വലിയ സഹായമായി മാറി. പിന്നീട് അസ്നയുടെ ഓരോ മുന്നേറ്റങ്ങളും നാടിന്റെ കൂടി വിജയമായി.