മഴ പെയ്തു തോർന്നൊരു വൈകുന്നേരം. മിഠായി പൊതികളുമായി അച്ഛൻ ഇനിയൊരിക്കലും മടങ്ങിവരില്ലെന്ന് അഞ്ചു വയസുകാരി ഐദികയ്ക്കറിയാം… എങ്കിലും അവൾ വരാന്തയിൽ കാത്തിരുന്നു. കോഴിക്കോട് ദേശീയപാത നിർമാണത്തിലെ അനാസ്ഥയിൽ പൊലിഞ്ഞതാണ് ഐദികയുടെ അച്ഛൻ രഞ്ജിത്തിന്റെ ജീവൻ. ദേശീയപാത നിർമാണത്തിന്റെ ഭാഗമായെടുത്ത കുഴിയിൽ വീഴുകയായിരുന്നു രഞ്ജിത്ത്. കഴിഞ്ഞ ഫെബ്രുവരി 3ന് രാത്രിയിലാണ് ഭക്ഷണവിതരണത്തിനായി ബൈക്കിൽ പോകുമ്പോൾ പനാത്തുതാഴം നേതാജി ജംക്‌ഷനിൽ ദേശീയപാത നിർമാണത്തിന്റെ ഭാഗമായി നിർമിച്ച കുഴിയിൽ രഞ്ജിത്ത് വീണത്. സംഭവം നടന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും രഞ്ജിത്തിന്റെ കുടുംബത്തിന് ഇതുവരെ നീതി ലഭിച്ചില്ല. കരാർ കമ്പനിക്കെതിരെ നടപടിയെടുക്കുകയോ, കുടുംബത്തിന് സർക്കാർ വക നഷ്ടപരിഹാരമോ ലഭിച്ചിട്ടില്ല.
നിർമാണ കമ്പനി നൽകിയത് മൂന്ന് ലക്ഷം രൂപ മാത്രം. മുഖ്യമന്ത്രിക്കടക്കം നിവേദനമയച്ചിട്ടും സർക്കാരിന്റെ ഭാഗത്തുനിന്നും ഒരു നടപടിയുമുണ്ടായില്ല. വരുമാന മാർഗം നിലച്ചതോടെ താത്കാലിക ജോലി ചെയ്താണ് ഭാര്യ പ്രിയ കുടുംബം പോറ്റുന്നത്. ആറുവരിപ്പാതയാക്കുന്നതിന്റെ ഭാഗമായി ചേവരമ്പലം-ഹരിതനഗർ ജങ്ഷനിലെടുത്ത കിടങ്ങിൽവീണ് തങ്ങളുടെ എല്ലാമായ രഞ്ജിത്ത് മരിച്ചതിന്റെ ഉത്തരവാദികൾ എവിടെ? അവരെ നിയമത്തിനുമുന്നിൽ കൊണ്ടുവരേണ്ട പോലീസ് എവിടെ? നാട്ടിലെ മന്ത്രിമാർ ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ എവിടെ? ജില്ലാഭരണകൂടം, ദേശീയപാതാ അതോറിറ്റി, കരാറേറ്റെടുത്ത കെ.എം.സി. പ്രൈവറ്റ് ലിമിറ്റഡ്, സബ്കരാർ ഏറ്റെടുത്ത കാലിക്കറ്റ് എക്സ്പ്രസ്‌വേയ്സ് പ്രൈവറ്റ് ലിമിറ്റഡ് ഇവരെല്ലാം എവിടെ?‘‘രഞ്ജിത്തേട്ടന്റെ മരണത്തിന് ഉത്തരവാദികളായവർക്കെതിരേ നിയമനടപടി വേണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് മുതലക്കുളം മൈതാനിയിൽ കുഞ്ഞുമായിപ്പോയി പരാതിനൽകിയിട്ടുണ്ട്. അതിലാണ് പ്രതീക്ഷ’’-പ്രിയ പറഞ്ഞുനിർത്തി.കുഞ്ഞിന്റെ ഭാവി സുരക്ഷിതമാക്കാൻ പകലും രാത്രിയും ജോലിചെയ്ത് കടങ്ങൾവീട്ടാൻ ശ്രമിക്കുന്നതിനിടെയാണ് ദേശീയപാതാ അതോറിറ്റിയുടെ കടുത്ത അനാസ്ഥമൂലം ദുരന്തം ഈ വീട്ടിലെത്തുന്നത്.കേസന്വേഷണം കാര്യക്ഷമമായിട്ടില്ല. ചേവായൂർ പോലീസ് രജിസ്റ്റർചെയ്ത എഫ്.ഐ.ആർ. അപകടസ്ഥലത്തിന്റെ അതിർത്തിയുന്നയിച്ച് മെഡിക്കൽ കോളേജ് പോലീസിലേക്കെത്തി.
അവിടെ മറ്റുതിരക്കുകളുടെ കാരണംപറഞ്ഞ്, ഇതുവരെ മനഃപൂർവമല്ലാത്ത നരഹത്യ വകുപ്പുചേർത്ത് പ്രതികളിലേക്ക് നിയമനടപടിയെത്തിക്കാൻ ഉദ്യോഗസ്ഥർക്ക് ‘സമയംകിട്ടിയില്ല’. സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായ അനാസ്ഥമൂലമുള്ള മരണത്തിന് സർക്കാർതന്നെ ആശ്വാസമേകാൻ എത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം. എം.ബി.എ. ബിരുദധാരിയായ രഞ്ജിത്തിന്റെ ഭാര്യക്ക് അർഹിക്കുന്ന സഹായംലഭിക്കാൻ നിയമപോരാട്ടത്തിനിറങ്ങാനുള്ള ആലോചനയിലാണ് ബന്ധുക്കളും നാട്ടുകാരും.