ഏക വരുമാനമാര്‍ഗാമയിരുന്ന അച്ഛന്റെ അപ്രതീക്ഷിത മരണം.. ജോലി നോക്കാനായി വീട് വിട്ട് ഇറങ്ങി അമ്മയും തിരികെ വന്നില്ല… സഹോദരങ്ങളെ നോക്കാന്‍ വാഹനം കഴുകി ജീവിക്കുന്ന അട്ടപ്പാടിക്കാരി പ്രിയ

ഭാരതപ്പുഴയുടെ പ്രധാനപോഷകനദികളുടെ ഉത്ഭവസ്ഥാനം അട്ടപ്പാടി പ്രദേശമാണ്. നെല്ലിപ്പുഴ, കുന്തിപ്പുഴ എന്നിവയാണ് അവയിൽ പ്രധാനം. നിറയെ മുടിപ്പിൻ വളവുകളോടു കൂടിയ അട്ടപ്പാടി ചുരം റോഡ്, താഴ്വര എന്നിവ നയനാനന്ദം തരുന്നവയാണ്. പക്ഷേ അട്ടപ്പാടിയിലെ ചില ജീവിതങ്ങളും അവരുടെ കഥകളും കേട്ടാൽ നമ്മുടെ കണ്ണ് നിറയും…
അച്ഛൻ മരിച്ച ശേഷം അമ്മ തനിച്ചാക്കിപ്പോയ സഹോദരങ്ങളെ പോറ്റാൻ സർവീസ് സ്റ്റേഷനിൽ വാഹനം കഴുകുകയാണ് അട്ടപ്പാടി ഗൂളിക്കടവിലെ ആദിവാസി യുവതി പ്രിയ. ജീവിതദുരിതങ്ങൾക്കിടയിൽ അട്ടപ്പാടി ഗവ. കോളജിൽ നിന്നു ബിരുദം പൂർത്തിയാക്കിയെങ്കിലും ഒരു വിഷയത്തിൽ ജയിക്കാനായില്ല. 2012ൽ പ്രിയയുടെ അച്ഛൻ അയ്യപ്പൻ മരിച്ചു. അധികം വൈകാതെ അമ്മ ബീന ജോലി തേടിപ്പോയി. ആദ്യമൊക്കെ വീട്ടിലേക്കു വരുമായിരുന്നെങ്കിലും പിന്നീട് തീരെ വരാതായെന്നു പ്രിയ പറഞ്ഞു. പ്രിയയുടെ സഹോദരി പാലക്കാട്ടെ കോളജിൽ ബിരുദ വിദ്യാർഥിയാണ്. ഇളയ സഹോദരനു പ്ലസ്ടു പൂർത്തിയാക്കാനായില്ല. കൂലിപ്പണിക്കു പോവുകയാണ്. ജീർണിച്ച മേൽക്കൂരയിൽ പ്ലാസ്‌റ്റിക് വലിച്ചുകെട്ടിയ ഇടിഞ്ഞുവീഴാറായ 4 ചുമരുകൾക്കുള്ളിലാണു പ്രിയയുടെയും സഹോദരങ്ങളുടെയും ജീവിതം. ശുചിമുറിയില്ല, ശുദ്ധജല കണക്‌ഷനില്ല.

വീടിരിക്കുന്നതു ഗൂളിക്കടവ് ടൗണിനടുത്തു പ്രധാന റോഡരികിൽ മുത്തച്ഛന്റെ പേരിലുള്ള ഭൂമിയിലാണ്. ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് പട്ടികവർഗ വകുപ്പ് അനുവദിച്ച വീടുനിർമാണം മുടങ്ങി. പ്രിയയുടെയും സഹോദരങ്ങളുടെയും ദുരിതം മാധ്യമവാർത്തയിലൂടെയാണ് പുറംലോകം അറിഞ്ഞത്. തുടർന്ന് കലക്ടറും റവന്യു, പട്ടികവർഗ വകുപ്പുകളും ഇടപെട്ടു. ജില്ലാ അസി. സെക്രട്ടറി മണികണ്ഠൻ പൊറ്റശേരിയുടെ നേതൃത്വത്തിൽ സിപിഐ നേതാക്കളും ഇടപെട്ടു. കഴിഞ്ഞ ദിവസം പ്രിയയെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ രണ്ടു പേരെ അഗളി പൊലീസ് താക്കീതു ചെയ്തു. ഇന്നലെ ജില്ലാ ശിശുക്ഷേമ സമിതി ചെയർപഴ്സൻ എം.വി.മോഹനൻ പ്രിയയുടെ വീട്ടിലെത്തി.വിഷയം സർക്കാരിന്റെ ശ്രദ്ധയിൽപെടുത്തുമെന്നും കുട്ടികളുടെ ജീവിതം സുരക്ഷിതമാക്കാൻ നടപടിക്കു ശുപാർശ നൽകുമെന്നും ചെയർപഴ്സൻ പറഞ്ഞു. എന്നാൽ കുടുംബത്തിന്റെ റവന്യൂ പ്രശ്നങ്ങൾ പരിഹരിച്ചതായി കളക്ടർ ജി. പ്രിയങ്ക വ്യക്തമാക്കി…ഭൂമിക്ക് ഉടമസ്ഥാവകാശമുള്ള മറ്റ് കുടുംബാംഗങ്ങളുമായി സംസാരിക്കാൻ തഹസിൽദാറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഭൂമിയുടെ തണ്ടപ്പേര് അനുവദിക്കുന്നതിൽ ഉദ്യോഗസ്ഥർ മെല്ലെപ്പോക്ക് കാണിക്കുന്നെന്നും, ഇത് കാരണം ഭവനപദ്ധതിയിൽ പേരുണ്ടായിട്ടും വീട് നിർമ്മാണം നടത്താൻ കഴിയുന്നില്ലെന്നുമായിരുന്നു പ്രിയയുടെ പ്രധാന പരാതി. ഈ പ്രശ്നങ്ങൾക്കാണ് ഇപ്പോൾ പരിഹാരമായത്. പ്രിയയും സഹോദരങ്ങളും ഇപ്പോഴും പാതി തകർന്ന വീട്ടിലാണ് കഴിയുന്നത്. 21 വയസുകാരി പ്രിയയുടെ വീടുള്ള ഭൂമിയിൽ ഭൂമാഫിയ കണ്ണുവച്ചിരുന്നെന്നാണ് റിപ്പോർട്ട്…ഒരേക്കറിനു മുകളിലുള്ള ഭൂമി സ്വന്തമാക്കാൻ ശ്രമം നടന്നെന്നും ഉദ്യോഗസ്ഥരും ചില രാഷ്ട്രീയ നേതാക്കളും കൂട്ടുനിന്നെന്നും ആരോപണമുണ്ട്…ഭൂമിയിൽമറ്റു കുടുംബാംഗങ്ങൾക്ക് അവകാശമുണ്ടെന്നു പറഞ്ഞു ഉദ്യോഗസ്ഥർ മനപൂർവം കാലതാമസമുണ്ടാക്കിയത് ഭൂമാഫിയക്കു വേണ്ടിയായിരുന്നു..വാർഡ് മെമ്പർ മുതൽ എം.എൽ.എ വരേയുള്ള ജനപ്രതിനിധികളെ പ്രിയ നേരിട്ട് കണ്ട് പരാതി നൽകിയിട്ടും ഇടപെടാത്തത് ദുരൂഹമാണെന്നും ആരോപണമുണ്ട്…ഭൂമിയിലെ പ്രതിസന്ധി മാറിയാൽ ഭവനനിർമാണ പദ്ധതിയിൽ അനുവദിക്കപ്പെട്ട തുക ലഭിക്കും.. പ്രിയയുടെ ദുരിതത്തിനു ഒരുവിധമെങ്കിലും പരിഹാരമാകും.

Scroll to Top