കലാഭവൻ നവാസിന് സംഭവിച്ച പോലെ നിനച്ചിരിക്കാതെ ജീവനെടുക്കുന്ന ഹെർട്ട് അറ്റാക്കുകളെപ്പറ്റി ചില സൂചനകൾ നമ്മുടെ ശരീരം തന്നെ തരാറുണ്ടെന്ന് ഡോ. സൗമ്യ സരിൻ. “ഇനി വൈകിക്കല്ലേ” എന്ന് നമ്മുടെ ശരീരം നമ്മോട് പറയുമെന്നും ആ സമയം ഉടൻ ഡോക്ടറെ കാണണമെന്നും ഡോ. സൗമ്യ ഫെയ്സ്ബുക്കിൽ കുറിച്ചു. നവാസിനും അന്ന് രാവിലെ ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു എന്ന് കേൾക്കുന്നു. പക്ഷെ നമ്മൾ എല്ലാവരും ചെയ്യുന്ന പോലെ ” നാളെ നോക്കാം ” എന്ന് അദ്ദേഹവും കരുതിക്കാണും. എന്താണ് ഈ ലക്ഷണങ്ങൾ?, എപ്പോഴാണ് ഉടനെ തന്നെ നമ്മൾ വൈദ്യസഹായം തേടേണ്ടത്?, ഏതൊക്കെ ലക്ഷണങ്ങളെയാണ് നമ്മൾ ഒരിക്കലും അവഗണിക്കാൻ പാടില്ലാത്തത് തുടങ്ങി നിരവധി കാര്യങ്ങൾ വ്യക്തമാക്കുന്ന വിഡിയോയും ഡോ. സൗമ്യ സരിൻ പങ്കുവെച്ചു. നെഞ്ചുവേദന വന്നാൽ ഗ്യാസെന്ന് പറഞ്ഞ് അവഗണിക്കരുതെന്നാണ് ഡോക്ടറുടെ ആദ്യ നിർദേശം.
മസിൽ പെയിനും ഹൃദയത്തിൻറെ പ്രശ്നം കൊണ്ടെല്ലാം നെഞ്ചുവേദന വരാം. നെഞ്ചിൽ പത്തോ ഇരുപതോ കിലോ ഭാരം കയറ്റി വെച്ചാൽ തോന്നുന്ന പോലുള്ള വേദനയാണ് വരുന്നതെങ്കിൽ അത് ഹെർട്ട് അറ്റാക്കിൻറെ സൂചനയാകാം. വേദന ഇടത് കൈയ്യിലേക്കോ കക്ഷത്തിലേക്കോ, മുതുകിലേക്കോ ഒക്കെ പടരുന്ന പോലെ തോന്നുകയും ചെയ്തേക്കാം. ഹൃദയമിടിപ്പ് ക്രമാതീതമായി ഉയരുന്ന പോലെ തോന്നാം, കിടക്കുമ്പോൾ ശ്വാസം മുട്ടൽ വരുക തുടങ്ങിയവ പെട്ടെന്ന് വന്ന് പോയേക്കാം. എങ്കിൽ പോലും പെട്ടെന്ന് ഡോക്ടറെ സമീപിച്ച് ഇസിജി ഉൾപ്പടെയുള്ള ടെസ്റ്റുകൾ നടത്തണമെന്നും ഡോക്ടർ നിർദേശിക്കുന്നു. മലയാളികൾ ഒന്നടങ്കം ഇഷ്ടപ്പെട്ടിരുന്ന മിമിക്രി കലാകാരനും നടനുമായിരുന്നു കലാഭവൻ നവാസ്. ദീർഘമായ ഇടവേളകൾക്കിടയിൽ വന്നു പോകുന്ന ഒരു നടൻ മാത്രമായിരുന്നില്ല നവാസ്. 51 വയസ്സിനിടയിൽ കേവലം 40 സിനിമകളിൽ മാത്രമേ അഭിനയിക്കാൻ കഴിഞ്ഞുളളു.
ഡിറ്റക്റ്റീവ് ഉജ്വലൻ എന്ന ചിത്രത്തിലൂടെ തിളങ്ങിയ അദ്ദേഹം, വീണ്ടും സിനിമയിൽ മികച്ച വേഷങ്ങളിലൂടെ ചുവടുറപ്പിക്കാൻ തുടങ്ങുന്നതിനിടെ ആയിരുന്നു അപ്രതീക്ഷിതമായി നവാസിനെ മരണം തട്ടിയെടുത്തത്.ഹോട്ടൽ മുറിയിൽ മരണപ്പെട്ട നിലയിലായിരുന്നു നവാസിനെ കണ്ടെത്തിയത്. ഹൃദയാഘാതത്തെ തുടർന്നായിരുന്നു നവാസിന്റെ മരണം. ഇതിന് പിന്നാലെ സിനിമാ മേഖലയിൽ നിന്നുള്ള ഒട്ടേറെ പേർ താരത്തിന്റെ ഓർമ്മകൾ പങ്കുവച്ചു രംഗത്ത് വന്നിരുന്നു. നവാസിനെ ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ കുഴഞ്ഞുവീണ നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ തൊട്ടടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അസ്വാഭാവികമായി മറ്റൊന്നും കണ്ടെത്താനായിട്ടിലെന്ന് ചോറ്റാനിക്കര പൊലീസ് വ്യക്തമാക്കിയിരുന്നു..ഇതിന് മുൻപും ഹൃദയാഘാതമുണ്ടായതിൻറെ ലക്ഷണവും പോസ്റ്റമാർട്ടത്തിൽ കണ്ടെത്തി.നെഞ്ചുവേദന വന്ന് ഹോട്ടൽ മുറിക്ക് പുറത്തേക്കിറങ്ങി ആരുടെയെങ്കിലും സഹായം തേടാൻ ശ്രമിക്കുന്നതിനിടെയാണ് നവാസ് കുഴഞ്ഞുവീണതെന്നാണ് നിഗമനം. ഹോട്ടൽ മുറിയുടെ വാതിലിനോട് ചേർന്നാണ് നവാസ് വീണ് കിടന്നിരുന്നത്, വാതിൽ ലോക്ക് ചെയ്തിരുന്നില്ല. വീഴ്ചയുടെ ആഘാതത്തിൽ നവാസിൻറെ തലയിലും മുറിവുണ്ടായി. ഷൂട്ടിങ്ങിനിടെ സെറ്റിൽവെച്ച് നവാസിന് നെഞ്ചുവേദന അനുഭവപ്പെട്ടിരുന്നതായി നടൻ വിനോദ് കോവൂർ ഫെയ്സ്ബുക്കിൽ കുറിച്ചിരുന്നു. ഡോക്ടറെ വിളിച്ചെങ്കിലും ഷൂട്ടിങ് മുടങ്ങേണ്ടെന്ന കരുതി മുന്നോട്ടുപോയെന്നായിരുന്നു കുറിപ്പ്.