വിഷം തന്ന് കൊല്ലുമെന്നാ വാപ്പി പറയുന്നേ.. ഞെട്ടിച്ച് നാലാം ക്ലാസുകാരിയുടെ കുറിപ്പ്

ചോര കല്ലിച്ച് വീങ്ങിയ കവിളിൽക്കൂടി ഉപ്പുരസമുള്ള കണ്ണീർ എത്ര ഒഴുകിയിട്ടുണ്ടാവും. അതെന്തുതന്നെയായാലും ഒരൊമ്പത് വയസ്സുകാരിയുടെ ഹൃദയം നൊന്തതിനേക്കാൾ നീറ്റൽ അതിനുണ്ടാക്കാൻ കഴിയില്ല. എന്റെ വാപ്പീ എന്ന അവളുടെ വിളിയിൽ ആ വേദനയുണ്ട്. നൊന്തുപെറ്റതല്ലെങ്കിലും ഉമ്മിയെന്ന് വിളിച്ചുശീലിച്ച സ്ത്രീയെയും ജന്മം നൽകിയ വാപ്പിയെയും വരെ അവൾ തള്ളിപ്പറഞ്ഞെങ്കിൽ, അത് ഉള്ളുപൊട്ടിയിട്ടാണ്, കുഞ്ഞുഹൃദയം തേങ്ങിയിട്ടാണ്…ക്ലാസിൽ അധ്യാപിക അനുഭവക്കുറിപ്പ് എഴുതാൻ പറഞ്ഞപ്പോൾ നാലാം ക്ലാസുകാരി എഴുതിയ കുറിപ്പ് വന്ന് തറച്ചത് കേരള മനസാക്ഷിയുടെ ഹൃദയത്തിലേക്ക്. പ്രസവിച്ചതിന് പിന്നാലെ അമ്മ മരിച്ച് രണ്ടാനമ്മയുടെയും സ്വന്തം പിതാവിന്റെയും ക്രൂരത തുറന്ന് കാട്ടുന്നതായിരുന്നു ഒമ്പതു വയസ്സുകാരിയുടെ ആ അനുഭവ കുറിപ്പ്. കുറിപ്പ് വായിച്ച അധ്യാപകരുടെയും പോലിസുകാരുടെയും ഉള്ളം അവളെ ഓർത്ത് തേങ്ങി.’എനിക്ക് അമ്മയില്ല കേട്ടോ. എനിക്കു രണ്ടാനമ്മയാണു കേട്ടോ. എന്റെ വാപ്പിയും ഉമ്മിയും എന്നോടു ക്രൂരതയാണു കാണിക്കുന്നത്. എനിക്കു സുഖമില്ല സാറേ. വിഷം തന്നു കൊല്ലുമെന്നാണു വാപ്പി പറയുന്നത്. എന്റെ വാപ്പീ.. കഷ്ടമുണ്ട്’ ഇങ്ങനെ തുടങ്ങുന്നു ആ കുരുന്നെഴുതിയ കുറിപ്പ്. സെറ്റിയിൽ ഇരിക്കരുത്, ഫ്രിഡ്ജ് തുറക്കരുത്. ശുചിമുറിയിൽ കയറരുത് അങ്ങിനെ പോകുന്നു ആ കുഞ്ഞ് മകളുടെ കത്തിലെ ഉള്ളടക്കം. പിതാവും രണ്ടാനമ്മയും ചേർന്ന് അടിച്ചു തിണർപ്പിച്ച കവിളിലൂടെ കണ്ണീരൊഴുക്കി കൊണ്ടായിരുന്നു അവൾ ആ കത്ത് എഴുതിയത്. മറ്റ് കുട്ടികൾ അച്ഛനും അമ്മയും നൽകിയ സമ്മാനത്തെ കുറിച്ചും സ്‌നേഹത്തെ കുറിച്ചും അനുഭവ കുറിപ്പിൽ വാചാലമായപ്പോഴാണ് അവൾ തേങ്ങലോടെ താൻ വീട്ടിൽ അനുഭവിക്ുന്ന സമാനതകളില്ലാത്ത പീഡനത്തെ കുറിച്ച് തുറന്നെഴുതുന്നത്.

അൻസാറിന്റെ കുടുംബവീട്ടിൽ കഴിഞ്ഞിരുന്ന ഇവർ രണ്ടു മാസം മുൻപാണു പുതിയ വീട്ടിലേക്കു മാറിയത്. സെറ്റിയിൽ ഇരിക്കരുത്, ശുചിമുറിയിൽ കയറരുത്, ഫ്രിജ് തുറക്കരുത് തുടങ്ങി നിറയെ വിലക്കുകളുള്ളതായിരുന്നു പുതിയ വീടെന്നും തന്നെ പിതൃമാതാവിനൊപ്പം വിടണമെന്നും പഴയ വീട്ടിൽ താമസിച്ചാൽ മതിയെന്നും കുറിപ്പിലും നേരിട്ടും അവൾ കേണു പറഞ്ഞു.അടികൊണ്ട് വിങ്ങി ചോര തിണിർത്ത കവിളുമായാണ് ആ കുരുന്ന് തന്റെ കുറിപ്പ് എഴുതി തീർത്തത്. നോട്ട്ബുക്ക് പരിശോധിച്ചപ്പോൾ കരയാതെ വായിക്കാൻ കഴിയാത്ത, മൂന്നു പേജുള്ള കുറിപ്പും കണ്ടു. ഒരു വർഷമായി തുടരുന്ന ക്രൂരപീഡനത്തിന്റെ ചുരുക്കമേ അതിലുള്ളൂ. കുട്ടിയെ പ്രസവിച്ച് ഏഴാം ദിവസം മാതാവ് തെസ്‌നി മരിച്ചതിനെ തുടർന്ന് അൻസാറിന്റെ മാതാപിതാക്കളാണു വളർത്തിയത്. അഞ്ച് വർഷം മുൻപ് അൻസാർ മാതൃസഹോദരന്റെ മകൾ ഷെബീനയെ വിവാഹം ചെയ്തു. ഇവർക്കു നാലുവയസ്സുള്ള മകനുണ്ട്. ഇന്നലെ രാവിലെ കുട്ടി സ്‌കൂളിലെത്തിയപ്പോൾ കവിളുകളിൽ തിണർപ്പു കണ്ട് അധ്യാപിക കാരണം അന്വേഷിച്ചപ്പോഴാണു വിവരങ്ങൾ പുറത്തു വന്നത്.ചൊവ്വാഴ്ച രാത്രിയും കുട്ടി നേരിട്ടത് സമാനതകളില്ലാത്ത പീഡനമാണ്. ഒന്ന് ഉറങ്ങാൻ പോലും ആവാതെ അവൾ രാത്രി മുഴുവനും കരഞ്ഞിരുന്നു. പിറ്റേദിവസം സ്‌കൂളിലെത്തിയപ്പോഴാണ് ടീച്ചർ പറഞ്ഞത് അനുസരിച്ച് അനുഭവക്കുറിപ്പ് എഴുതുന്നത്. കത്തു വായിച്ച സ്‌കൂൾ അധികൃതർ സംഭവം പോലിസിൽ അറിയിച്ചു. പൊലീസ് എത്തിയപ്പോഴേക്കും പ്രതികളായ പാലമേൽ കഞ്ചുകോട് പൂവണ്ണംതടത്തിൽ കിഴക്കേതിൽ അൻസാറും ഭാര്യ ഷെബീനയും ഒളിവിൽ പോയി. ഇരുവർക്കുമെതിരെ കേസെടുത്തിട്ടുണ്ട്.

ഉറങ്ങിക്കിടന്ന തന്നെ ചൊവ്വാഴ്ച അർധരാത്രിയോടെ ഷെബീന തലമുടിയിൽ കുത്തിപ്പിടിച്ചു മുറിയ്ക്കു പുറത്തു കൊണ്ടുവന്നെന്നും പിതാവിനോടു തന്നെപ്പറ്റി കള്ളങ്ങൾ പറഞ്ഞെന്നും കുട്ടി അധ്യാപകരെയും പൊലീസിനെയും അറിയിച്ചു. ഇരുവരും ചേർന്ന് ഇരുകവിളിലും പലതവണ അടിച്ചു, കാൽമുട്ട് അടിച്ചു ചതച്ചു. പുലർച്ചെ വരെ ഉറങ്ങാതെ താൻ കരയുകയായിരുന്നെന്നും കൂട്ടി പറഞ്ഞു.അൻസാർ വിവിധ സ്റ്റേഷനുകളിൽ ക്രിമിനൽ കേസുകളിൽ പ്രതിയാണെന്നു നൂറനാട് പൊലീസ് പറഞ്ഞു. കുട്ടിയെ വൈദ്യപരിശോധനയ്ക്കു ശേഷം അൻസാറിന്റെ മാതാവ് ബന്ധുവീട്ടിലേക്കു കൂട്ടിക്കൊണ്ടുപോയി. കുട്ടിയെ ശിശുക്ഷേമ സമിതിയുടെ സംരക്ഷണത്തിലാക്കുമെന്ന് പൊലീസ് അറിയിച്ചു.

Scroll to Top