2000 ന്റെ തുടക്കത്തിൽ സിനിമാ ലോകത്തേക്ക് വന്നതാണ് ഗോപിക. ഗേളി ആന്റോ എന്ന ഗോപിക സിനിമയ്ക്ക് വേണ്ടി സ്വീകരിച്ച പേരാണ് ഗോപിക. മലയാളത്തിന് പുറമെ തമിഴിലും കന്നടയിലും എല്ലാം വിജയം നേടിയ നടിയെ കുറിച്ച് ഇപ്പോൾ ഒരു വിവരവുമില്ല. കഴിഞ്ഞ പത്ത് വർഷത്തോളമായി സിനിമയിൽ നിന്നും പൂർണമായും അകന്ന് കഴിയുകയാണ് നടി…2002 ൽ പുറത്തിറങ്ങിയ പ്രണയമണിത്തൂവൽ എന്ന സിനിമയിലൂടെയായിരുന്നു ഗോപികയുടെ അരങ്ങേറ്റം. സിനിമ വേണ്ട രീതിയിൽ ശ്രദ്ധിക്കപ്പെട്ടില്ല എങ്കിലും ഗോപിക എന്ന നടിയുടെ വരവിന് തുടക്കം കുറിച്ചു. രണ്ടാമത്തെ സിനിമയായ 4 ദ പീപ്പിൾ ആണ് ഗോപികയ്ക്ക് കരിയർ ബ്രേക്ക് നൽകിയത്. ജയരാജ് സംവിധാനം ചെയ്ത ചിത്രത്തിൽ ഭരത്തിന്റെ നായികയായി വന്ന പെൺകുട്ടിയും, ലജ്ജാവതി എന്ന പാട്ടും കേരളക്കര ഏറ്റെടുത്തു..
അതിന് ശേഷം തമിഴിൽ നിന്നും മലയാളത്തിൽ നിന്നും ഗോപിയ്ക്ക് ഒരുപാട് അവസരങ്ങൾ കിട്ടി. ഓട്ടോഗ്രാഫ് എന്ന ആദ്യ തമിഴ് ചിത്രവും ക്ലിക്കായി. പിന്നീട് വർഷം, ചാന്തുപൊട്ട് , പച്ചക്കുതിര, ഡോൺ, മായാവി, അണ്ണൻ തമ്പി, കീർത്തി ചക്ര തുടങ്ങി ഒരുപാട് സിനിമകളിൽ അഭിനയിച്ചു. മമ്മൂട്ടി, ദിലീപ്, ജയറാം, മോഹൻലാൽ തുടങ്ങിയവർക്കൊപ്പമെല്ലാം സ്‌ക്രീൻ പങ്കിടാനുള്ള അവസരവും ലഭിച്ചു. സത്യത്തിൽ മോഡലിങിലിങിലൂടെയായിരുന്നു ഗോപിക അഭിനയ ലോകത്തേക്ക് വന്നത്. മിസ് തൃശ്ശൂർ കോംപറ്റീഷനിൽ മത്സരിച്ചുവെങ്കിലും ടൈറ്റിൽ വിന്നറാകാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ അതിലൂടെ ശ്രദ്ധ നേടാൻ സാധിച്ചു. അതിന് ശേഷം മോഡലിങിൽ സജീവമായപ്പോഴാണ് സിനിമയിലേക്കുള്ള വാതിലും തുറക്കപ്പെട്ടത്. അഭിനയത്തിലെത്തിയ ശേഷവും മോഡലിങിൽ സജീവമായിരുന്നു. വെറുതേ അല്ല ഭാര്യ എന്ന ചിത്രമാണ് ഗോപികയ്ക്ക് ഒരു ഗംഭീര ബ്രേക്ക് നൽകിയത്.
സിനിമ സൂപ്പർ ഡ്യൂപ്പർ ഹിറ്റായി എന്ന വാർത്തയ്ക്ക് പുറമെ വന്നത് ഗോപിക വിവാഹിതയാകാൻ പോകുന്നു എന്ന വിശേഷമാണ്. 2008 ൽ ആണ് ഗോപികയുടെയും അജിലേഷ് ചാക്കോ എന്ന ഡോക്ടറുടെയും വിവാഹം കഴിയുന്നത്.വിവാഹത്തിന് ശേഷം ഗോപിക ഇന്റസ്ട്രിയിൽ നിന്ന് ചെറിയൊരു ബ്രേക്ക് എടുത്തു. എന്നാൽ തിരിച്ചുവരും എന്ന വാക്ക് തന്നിരുന്നു. ആ വാക്ക് പാലിച്ച് വെറുതേ അല്ല ഭാര്യയുടെ രണ്ടാം ഭാഗമായ ഭാര്യ അത്ര പോര എന്ന സിനിമയിലൂടെ തിരിച്ചെത്തി. എന്നാൽ സിനിമ ഒരു സമ്പൂർണ പരാജയമായിരുന്നു. വലിയ കൊട്ടിഘോഷത്തോടെ വന്ന സിനിമ ജയറാമിന്റെ കരിയറിനെയും തിരിച്ചടിച്ചു.2013 ൽ ഇറങ്ങിയ ഭാര്യ അത്ര പോര എന്ന സിനിമയോടെ ഗോപിക അഭിനയ ലോകത്തോടെ മുഖംതിരിച്ചു. അതിന് ശേഷം ഒരു സിനിമ പോലും ചെയ്തിട്ടില്ല. ക്യാമറയ്ക്ക് മുന്നിലേക്ക് വന്നിട്ടുമില്ല. സോഷ്യൽ മീഡിയയിലും ഇല്ല. ഇപ്പോൾ ഭർത്താവിനും രണ്ടു മക്കൾക്കുമൊപ്പം മെൽബണിൽ സ്വകാര്യ ജീവിതം ആസ്വദിക്കുകയാണ് നടി.