ഞാനില്ലെങ്കിലും എന്റെ ഹൃദയം എപ്പോഴും അമ്മയ്‌ക്കൊപ്പമുണ്ട്, വേദനയോടെ അമ്മക്ക് ഷഷ്ടി പൂർത്തി ആശംസകളുമായി അമൃത സുരേഷ്

അമ്മ ലൈല സുരേഷിന് ഷഷ്ടിപൂര്‍ത്തി ആശംസകള്‍ നേര്‍ന്ന് ഗായിക അമൃത സുരേഷ പങ്കുവെച്ച പോസ്റ്റാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. ഉയിരും നീയേ ഉടലും നീയേ എന്ന അമ്മപ്പാട്ട് പാടിയാണ് അമൃത ആശംസകള്‍ നേര്‍ന്നത്.

സംഗീതപരിപാടിയുമായി ബന്ധപ്പെട്ട് വിദേശത്ത് ആയതിനാല്‍ അമൃതയ്ക്ക് അമ്മയുടെ പിറന്നാളിന് വീട്ടിലെത്താനായില്ല. അകലെയായിരിക്കുന്നതിന്റെ സങ്കടവും അമൃത പങ്കുവെച്ചിട്ടുണ്ട്. അമ്മാ.. അറുപതാം ജന്മദിനാശംസകള്‍ അമ്മേ ഞാനില്ലെങ്കിലും എന്റെ ഹൃദയം എപ്പോഴും അമ്മയോടൊപ്പമുണ്ട്. അമ്മയെ ഒരുപാട് മിസ് ചെയ്യുന്നു ഉമ്മ എന്നാണ് അമൃത കുറിച്ചത്. ഗായികയുടെ പോസ്റ്റിന് പിന്നാലെ നിരവധി പേരാണ് ലൈലയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് എത്തുന്നത്. അമൃതയുടെ പാട്ടിനെ പ്രശംസിച്ചവരും ഏറെയാണ്.

അമൃതയുടെയും അഭിരാമിയുടെയും സംഗീതജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തിയവരാണ് മാതാപിതാക്കളായ സുരേഷും ലൈലയും. സ്ട്രോക്കിനെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കവെ കഴിഞ്ഞ വർഷം സുരേഷ് അന്തരിച്ചു.

പിന്നീടിങ്ങോട്ട് അമ്മ ലൈലയാണ് അമൃതയ്ക്കും അഭിരാമിക്കും പ്രചോദനം പകർന്ന് ഒപ്പം നിൽക്കുന്നത്. എപ്പോഴും പിന്തുണയുമായി അമ്മ കൂടെ നിൽക്കുന്നതാണ് തങ്ങളുടെ ധൈര്യമെന്ന് ഇരുവരും അഭിമുഖങ്ങളിൽ ഉൾപ്പെടെ തുറന്നു പറഞ്ഞിട്ടുണ്ട്.

Scroll to Top