16കാരിക്ക് കൊടുക്കുന്ന സമ്മാനം മറച്ചു വയ്ക്കാൻ വയ്യാത്ത ഒരു അവസ്ഥ എത്തുമ്പോൾ ആരും ഉണ്ടാവില്ല അവൾക്ക് ഒപ്പം, അന്നേരം വളർത്തു ദോഷം എന്ന ഉപായത്തിലൂന്നി നമ്മൾ അവരെ വിമർശിക്കും, കല്ലെടുത്തെറിയും- അഞ്ജു പാർവതി പ്രഭീഷ്

പത്തനംതിട്ടയിൽ രാത്രിയിൽ പതിനാറുകാരിക്ക് പിറന്നാൾ കേക്കുമായെത്തിയ യുവാവിന് പെൺകുട്ടിയുടെ ബന്ധുക്കൾ വക മർദ്ദനം നടന്നെന്ന വാർത്ത കഴിഞ്ഞ ദിവസമാണ് പുറത്തു വന്നത്. പത്തനംതിട്ട കുമ്മണ്ണൂർ സ്വദേശി മുഹമ്മദ് നഹാസിനാണ് മർദ്ദനമേറ്റത്. പെൺകുട്ടിയുടെ വീട്ടുകാരുടെ പരാതിയെ തുടർന്ന് ഇയാൾക്കെതിരെ പൊലീസ് പോക്സോ കേസും രജിസ്റ്റർ ചെയ്തു. കൊല്ലം തേവലക്കരയിൽ ചൊവ്വാഴ്ച രാത്രിയാണ് സംഭവം. ഇപ്പോളിതാ വിഷയത്തിൽ കുറിപ്പുമായെത്തിരിക്കുകയാണ് മാധ്യമ പ്രവർത്തക അഞ്ജു പാർവതി പ്രഭീഷ്.

കുറിപ്പിങ്ങനെ

കാണരുതാത്ത സമയത്ത് സ്വന്തം വീട്ടിൽ പതിനാറു വയസ്സുള്ള മകൾക്കൊപ്പം ഒരു പയ്യനെ കണ്ടാൽ നവോഥാനം തലയ്ക്ക് പിടിക്കാത്ത, ഗുൽമോഹർ ചോട്ടിലെ അസ്കിത ഇല്ലാത്ത ഏതൊരു വീട്ടുകാർക്കും തോന്നുന്ന പ്രതികരണം തന്നെയാണ് ആ വീട്ടിലും സംഭവിച്ചത്. ഇന്ന് പിറന്നാൾ കേക്ക് കൊടുക്കാൻ പാതിരാത്രി വീട്ടിലെത്തിയ അവന്റെ ഹീറോയിസത്തെ കയ്യടിച്ചു പ്രോത്സാഹിപ്പിച്ചാൽ നാളെ മകൾക്ക് അവൻ കൊടുക്കുന്ന സമ്മാനം എന്തായിരിക്കും എന്ന് അവർക്ക് അറിയാം. ഒരുപക്ഷേ ആ സമ്മാനം കൊച്ചിയിൽ ഒക്കെ സംഭവിച്ചത് പോലെ നടുറോഡിൽ വലിച്ച് എറിയപ്പെട്ടേക്കാം.

തെറ്റും ശരിയും പ്രണയവും കാമവുമൊക്കെ വേർതിരിച്ചറിയാനുള്ള പാകതയെത്താത്ത ഒരു പതിനാറു വയസ്സുള്ള പെങ്കൊച്ചിന് ഇപ്പോൾ ഈ കലിപ്പന്റെ കാ‍ന്താരി ഷോ പെരുത്ത് ഇഷ്ടം ആയേക്കാം. പക്ഷേ അവൻ കൊടുക്കുന്ന സമ്മാനം മറച്ചു വയ്ക്കാൻ വയ്യാത്ത ഒരു അവസ്ഥ എത്തുമ്പോൾ ആരും ഉണ്ടാവില്ല അവൾക്ക് ഒപ്പം. അന്നേരം വളർത്തു ദോഷം എന്ന ഉപായത്തിലൂന്നി നമ്മൾ അവരെ വിമർശിക്കും, കല്ലെടുത്തെറിയും. പക്ഷേ നമുക്കുള്ള ചുറ്റുപാടും സോഷ്യൽ സെറ്റിംഗ്സും ആ പ്രായത്തിലുള്ള കുട്ടികളെ നേർ വഴിക്ക് നടത്താൻ പാകത്തിലുള്ളതാണോ ? ഡേറ്റിങ്ങ് ഇല്ലെങ്കിൽ സോഷ്യൽ സ്റ്റാറ്റസ് ആവില്ലെന്നു ധരിച്ചിരിക്കുന്ന പുത്തൻ തലമുറയ്ക്ക് എന്ത് ഗൈഡൻസാണ് കൊടുക്കാൻ നമുക്ക് കഴിയുന്നത് ? എന്റെ ശരീരം, എന്റെ സ്വാതന്ത്ര്യം എന്ന വാഴ്ത്തുപ്പാട്ടിന്റെ അകമ്പടിയോടെ നവോത്ഥാനമെന്നാർത്തു വിളിക്കുന്നവരിൽ നിന്നും എന്ത് പാഠമാണ് ഇന്നത്തെ കൗമാരക്കാർ പഠിക്കേണ്ടത് ? വീടുകളിലെ രണ്ടാം നിലകൾ ഇന്ന് പല കുട്ടികൾക്കും തങ്ങളുടെ തോന്ന്യാസം ചെയ്യാനുള്ള വേദികളാണ്. വീട്ടുകാരറിയാതെ പ്രസവവും കുഞ്ഞിനെ കൊല്ലല്ലും വരെ അവിടെ നടക്കുന്നു. എന്തായാലും ഈ വിഷയത്തിൽ ഞാൻ ആ വീട്ടുകാർക്ക് ഒപ്പം തന്നെയാണ്.

സിനിമയിൽ തന്റെ ആണത്തം കാണിക്കാൻ നായകൻ പാതിരാത്രിയോ കൊച്ചുവെളുപ്പാൻ കാലത്തോ കാമുകിയുടെ വീട്ടിലെ മതിലു ചാടിയാൽ അത് ഹീറോയിസം. ഭഗീരഥൻ പിള്ളയുടെ വീട്ടിൽ രാത്രി മതിലു ചാടി ഓടിളക്കി എന്റെ എല്ലാമെല്ലാം അല്ലേന്നു മകളെ നോക്കി പാടിയ മീശ മാധവനു നിറഞ്ഞ കൈയ്യടി . രാത്രി ആരുമില്ലാത്ത വീട്ടിലേയ്ക്ക് മാത്തനെ വിളിച്ചു കയറ്റിയ അപ്പു daring പെണ്ണാണ്. ഒരു പെണ്ണ് വിളിച്ചപ്പോൾ പാതിരാത്രി വീട്ടിൽ ചെന്ന മാത്തൻ നമ്മുടെ പൊതുബോധത്തിന് മുന്നിൽ ദിവ്യപ്രണയമുള്ള പുരുഷുവാണ്. അങ്ങനെയെത്രയെത്ര നരേഷൻസ് . പക്ഷേ ജീവിതം ഒരിക്കലും സിനിമ അല്ല. അവിടെ യാഥാർഥ്യം പലപ്പോഴും വീർത്ത വയറുമായി എന്ത്‌ ചെയ്യണം എന്നറിയാതെ ട്രോമയിൽ നില്ക്കുന്ന പ്രായപൂർത്തി ആവാത്ത പെൺകുട്ടികളുടെ മുഖമാണ്.

പിറന്നാൾ കേക്കുമായി കാമുകൻ ഒരു പെൺകുട്ടിയുടെ വീട്ടിൽ ചെല്ലുന്നത് തെറ്റല്ല, പക്ഷേ അതിന് സമയവും കാലവും ഉണ്ട്. പാതിരാത്രി കേക്കുമായി പതിനാറു വയസ്സുള്ള പെൺകുട്ടിയുടെ വീട്ടിൽ ചെല്ലുന്ന പയ്യനെ തളികയുമായി സ്വീകരിക്കാൻ ഒരു വീട്ടുകാരും തയ്യാറാവില്ല. ഈ പയ്യന് ഇത്രയല്ലേ കിട്ടിയുള്ളൂ. പേട്ടയിലെ സൈമൺ ലാലയെ പോലെ വല്ല അച്ഛനും ആയിരുന്നെങ്കിൽ കഥ അവിടെ തീർന്നേനെ!!

Scroll to Top