ആറാം ക്ലാസ്സുമുതൽ അപർണ പഠിച്ചത് ഒരു അനാഥാലയത്തിൽ ആയിരുന്നു. സാമ്പത്തിക ശേഷിയില്ലാത്ത മാതാപിതാക്കൾ അവിടെ ആക്കുക ആയിരുന്നു. തൃശൂർ പോലീസ് അക്കാദമിയുടെ എതിർവശത്തുള്ള ക്രൈസ്റ്റ് വില്ല പുവർ ഹോമിൽ പഠിക്കുമ്പോൾ അപർണ ഒരിക്കലും കരുതിക്കാണില്ല ഒരു പൊലീസുകാരി ആകുമെന്ന്. എന്തിന്, വിവാഹം കഴിക്കുമ്പോൾ പോലും ഒരു ജോലി നേടുന്നതിനെ കുറിച്ചോ പോലീസ് ആകുന്നതിനെ കുറിച്ചോ ആലോചിച്ചിരുന്നില്ല. ഒരു വീട്ടമ്മ ആയിക്കഴിഞ്ഞാണ് പരീക്ഷ എഴുതുന്നതും പോലീസിലേക്കു സെലക്ഷൻ കിട്ടുന്നതും, അപ്പോഴുള്ള ഏറ്റവും വലിയ ദുഃഖം മുട്ടോളമുള്ള മുടി മുറിച്ചു കളയേണ്ടി വരുമോ എന്നായിരുന്നു. ആ മുടിയാണ് പിന്നീടൊരിക്കൽ കാൻസർ ബാധിച്ച ഒരു കുട്ടിക്ക് വിഗ് വയ്ക്കുന്നതിനു വേണ്ടി മുറിച്ചുകൊടുത്തത്. ഒരിക്കൽ ഒരു ടീച്ചറുമായി സംസാരിച്ചപ്പോൾ മുടി പിന്നീട് വളരുമെങ്കിലും കൊഴിഞ്ഞ മുടിയുമായി ക്ലാസ്സിൽ വരാൻ മടിക്കുന്ന, നിലവാരമുള്ള വിഗ് വാങ്ങാൻ ശേഷിയില്ലാത്ത കുട്ടികളെ കുറിച്ചു കേട്ടപ്പോൾ മുട്ടോളമുള്ള മുടി മുറിക്കാൻ തീരുമാനിക്കുകയായിരുന്നു.
പിന്നീട് കേരളം അപർണ എന്ന പോലീസുകാരിയുടെ പേര് കേൾക്കുന്നത് ആശുപത്രിയിൽ ബില്ലടയ്ക്കാനാവാതെ മോർച്ചറിയിൽ നിന്നും മൃതദേഹം വിട്ടുകിട്ടാതെ വിഷമിച്ച ഒരു കുടുംബത്തിനു കൈയിൽ കിടന്ന മൂന്നു വള പണയം വയ്ക്കാൻ ഊരിക്കൊടുത്തപ്പോഴാണ്. ഭർത്താവിന്റെ അനിയന്റെ തലയ്ക്കടിയേറ്റ് മരിച്ച ഒരു സ്ത്രീയുടെ മൃതദേഹത്തിന് കൂട്ടുനിൽക്കാൻ വന്നതായിരുന്നു അപർണ. മൃതദേഹത്തിൽ പുതപ്പിക്കാനുള്ള വെള്ളത്തുണി വാങ്ങാൻ അവർ മറ്റുള്ളവർക്ക് മുന്നിൽ കൈനീട്ടുന്നത് കണ്ടപ്പോൾ, അറുപതിനായിരം രൂപയിൽ, പകുതി എങ്കിലും അടയ്ക്കാതെ മൃതദേഹം വിട്ടുകിട്ടില്ലെന്നു ആശുപത്രി തീർത്തുപറഞ്ഞപ്പോൾ, അപർണ വളയൂരി നിർബന്ധപൂർവം അവരെ ഏൽപ്പിച്ചു. പിന്നീട് കഴിഞ്ഞ ദിവസമാണ് അപർണ ലവകുമാർ എന്നപേര് കേൾക്കുന്നത്. തൃശൂർ നഗരത്തിൽ ആംബുലൻസിനു വഴിയൊരുക്കാൻ പിങ്ക് പോലീസിന്റെ ജീപ്പിൽ നിന്നും ചാടിയിറങ്ങി ഒറ്റയ്ക്ക് വണ്ടികളെ ഉന്തിമാറ്റിയ അസിസ്റ്റന്റ് എസ്‌ഐ അപർണ ലവകുമാർ…വാഹനങ്ങൾക്ക് ഇടയിലൂടെ അതിവേഗം ഓടി ഗതാഗതക്കുരുക്കിൽ അകപ്പെട്ടുപോയ ഒരു ആംബുലൻസിന് വഴിയൊരുക്കുന്ന വനിതാ പൊലീസ് ഉദ്യോഗസ്ഥയുടെ വീഡിയോ ദൃശ്യങ്ങളാണ് ഇന്നലെ സമൂഹ മാധ്യമങ്ങളിൽ നിറയെ പ്രചരിച്ചത്. ആംബുലൻസിനു മുന്നിലൂടെ സ്പീഡിൽ ഓടി മറ്റ് വാഹനങ്ങൾക്ക് നിർദേശം നൽകി വളരെ വേഗത്തിൽ ഗതാഗതക്കുരുക്ക് അഴിച്ചുമാറ്റിയ പൊലീസ് ഉദ്യോഗസ്ഥയെ അഭിനന്ദിക്കുകയാണ് കേരളം ഇന്ന്…. തൃശൂർ സിറ്റി വനിതാ പൊലീസ് സ്റ്റേഷനിലെ എഎസ്‌ഐ അപർണ ലവകുമാർ ഓടിക്കയറിയത് കേരള ജനതയുടെ നെഞ്ചിലേക്ക് ആയിരുന്നു. ഒരു ജീവൻ രക്ഷിക്കാനുള്ള അപർണയുടെ ഓട്ടത്തിന് വലിയ കൈയ്യടിയാണ് സമൂഹ മാധ്യമങ്ങളിൽ നിന്ന് ലഭിച്ചത്. അപർണയുടെ നന്മ വെളിവാക്കുന്ന വീഡിയോ നിരവധി പേരാണ് ഷെയർ ചെയ്യുന്നത്…തൃശൂർ അശ്വിനി ജങ്ഷനിൽ ശനിയാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. അത്യാസന്ന നിലയിലുള്ള രോഗിയുമായി തൃശൂർ മെഡിക്കൽ കോളജിൽ നിന്ന് ജൂബിലി മിഷൻ ആശുപത്രിയിലേക്കുള്ള യാത്രയിലായിരുന്നു ആംബുലൻസ്. അശ്വിനി ജംഗ്ഷനിൽ എത്തിയപ്പോൾ ഗതാഗതക്കുരുക്ക് കാരണം ആംബുലൻസിന് മുന്നോട്ടു പോകാനാവാത്ത അവസ്ഥയുണ്ടായി. ഈ സമയത്ത് അപർണ അടങ്ങുന്ന പിങ്ക് പോലീസ് സംഘം അവിടെയുണ്ടായിരുന്നു. ഗതാഗതക്കുരുക്ക് പെട്ടെന്നൊന്നും അഴിയില്ലെന്ന് തിരിച്ചറിഞ്ഞതോടെ അപർണ വാഹനങ്ങൾക്കിടയിലൂടെ വേഗത്തിൽ ഓടി ആംബുലൻസിന് വഴിയൊരുക്കുകയായിരുന്നു. ജീവൻ പണയം വച്ച് അപർണ ഓടുന്ന ദൃശ്യങ്ങൾ, ആംബുലൻസ് ഡ്രൈവർ ഫൈസലിന് ഒപ്പമുണ്ടായിരുന്ന ഇർഫാൻ പകർത്തി സമൂഹ മാധ്യമത്തിൽ പങ്കുവെച്ചു. നിമിഷങ്ങൾക്കുള്ളിൽ ഈ ദൃശ്യങ്ങൾ ഫേസ്ബുക്ക് ഉൾപ്പെടെയുള്ള സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു. ഇതോടെ കേരള പോലീസും തങ്ങളുടെ ഔദ്യോഗിക പേജിൽ പങ്കുവെച്ചതോടെ ലക്ഷക്കണക്കിന് ആളുകളാണ് വീഡിയോ കണ്ടത്.