കാത്തിരിപ്പിനൊടുവിൽ അർജ്ജുൻ സോമശേഖരൻന്റെ ചേട്ടൻ അരുൺ വിവാഹിതനായിരിക്കുകയാണ്. രണ്ടു നാൾ മുമ്പ് തിരുവനന്തപുരം ആക്കുളത്തെ പുലിയൂർക്കോട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ വച്ചാണ് അരുണിൻ്റെയും വിദ്യയുടേയും വിവാഹം കഴിഞ്ഞത്. ഇതുവരെ വിദ്യയെ കണ്ടതിൽ നിന്നും വ്യത്യസ്തമായ ലുക്കിലാണ് വിവാഹത്തിന് സൗഭാഗ്യ വിദ്യയെ ഒരുക്കിയതും ആചിത്രങ്ങൾ ആരാധകരിലേക്ക് എത്തിച്ചതും. സ്വർണക്കസവുള്ള പച്ച പട്ടുസാരിയിൽ ലളിതമായ ആഭരണങ്ങൾ മാത്രമാണ് വിദ്യ ധരിച്ചത്. രണ്ടു മാലകളും ഇരുകൈകളിലുമായി മൂന്നു വളകളും കമ്മലും മാത്രമാണ് വിദ്യ ധരിച്ചത്. എല്ലാം സൗഭാഗ്യയുടെ കൂടി സെലക്ഷൻ ആണെന്നതാണ് മറ്റൊരു പ്രത്യേകത. ചേട്ടത്തിയമ്മയെ സുന്ദരിയാക്കാനും കല്യാണ ഒരുക്കങ്ങൾക്കുമൊക്കെയായി സൗഭാഗ്യ തന്നെയായിരുന്നു മുന്നിലുണ്ടായിരുന്നത്.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സൗഭാഗ്യയും അർജ്ജുനും ഒരു കല്യാണത്തിന്റെ തിരക്കിലാണെന്ന് ആരാധകർക്ക് സൂചന ലഭിച്ചിരുന്നു. ചേട്ടത്തിയമ്മയാകാൻ പോകുന്ന വിദ്യയ്ക്കും വീട്ടിലെ കുട്ടികൾക്കും ഒപ്പം കൈനിറയെ മൈലാഞ്ചിയിട്ടുള്ള ചിത്രങ്ങൾ സൗഭാഗ്യ പങ്കുവച്ചത് ഒരു വിവാഹത്തിൻ്റെ സൂചനകൾ നൽകിയാണ്. അരുണിന്റെയും വിദ്യാ അനാമികയുടേയും രണ്ടാം വിവാഹം കൂടിയാണിത്. കോവിഡ് ബാധിച്ചുണ്ടായ ആദ്യ ഭാര്യയുടെ മരണ ശേഷം തനിച്ചായിരുന്നു അരുൺ കഴിഞ്ഞിരുന്നത്. അരുണിന് മുന്നോട്ടുള്ള ഈ ജീവിതത്തിൽ ഒരു കൂട്ടുവേണമെന്ന അർജ്ജുന്റെയും സൗഭാഗ്യയുടേയും പരിശ്രമമാണ് വിദ്യാ അനാമികയെ കണ്ടെത്തുന്നതിലേക്ക് എത്തിച്ചത്. ആദ്യം ഇരുവരും തമ്മിൽ അടുത്തു പരിചയപ്പെടുകയും സംസാരിക്കുകയും ഒക്കെ ചെയ്യുകയും ന്യൂ ഇയറോടെ ഈ താരകുടുംബത്തിൻ്റെ ഭാഗമായി വിദ്യ എത്തുകയും ആയിരുന്നു. പിന്നീട് മാസങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിലാണ് ഇപ്പോൾ വിവാഹത്തിലേക്ക് കാര്യങ്ങളെത്തിയത്.
അതേസമയം, വിവാഹത്തിൻ്റെ ചിത്രങ്ങളും മറ്റും കുടുംബം സ്വകാര്യമായി സൂക്ഷിച്ചിരിക്കുകയാണെങ്കിലും സൗഭാഗ്യയുടെ മകൾ സുധാപ്പൂ കല്യാണത്തിന് ഒരുങ്ങിയെത്തിയ ചിത്രങ്ങൾ നേരത്തെ താരകുടുംബം പങ്കുവച്ചിരുന്നു. മഞ്ഞയും പച്ചയും മെറൂണും ചേർന്നുവരുന്ന നിറയെ ഞൊറികളുള്ള ചെക്ക് പട്ടുപാവാടയും ബ്ലൗസും അതിനു മെറൂൺ ഷാളുമായിരുന്നു സൂധാപ്പൂവിന്റെ വേഷം. പഫ് കൈകൾ നൽകിയുള്ള ഡിസൈനിലാണ് ആ കുഞ്ഞു മുറിയൻ ബ്ലൗസ് തയിച്ചിട്ടുള്ളതും. ആ മെറൂൺ ഷാളിന് ഭംഗി നൽകുന്നത് മയിലിന്റെ ഡിസൈനിലുള്ള ഗോൾഡൺ അരപ്പട്ട തന്നെയാണ്. കൈനിറയെ മഞ്ഞയും മെറൂണും നിറത്തിലുള്ള കുപ്പിവളകളിട്ട് വാലിട്ട് കണ്ണെഴുതി കറുത്ത പൊട്ടും തൊട്ട് വല്യച്ഛന്റെ കല്യാണം കൂടാൻ സുധാപ്പൂ എത്തിയത് ഒരു കൊച്ചു സുന്ദരിയായി തന്നെയാണ്.