കാഴ്ചയുറയ്ക്കും മുൻപ് തന്നെ ഉപേക്ഷിച്ചുപോയ പെറ്റമ്മയെ തേടി ഒരു മകൾ. നാൽപത്തിരണ്ടുവർഷം മുൻപ് എറണാകുളം സെൻറ് തെരേസാസ് കോളജ് ക്യാംപസിലുണ്ടായിരുന്ന അനാഥാലയത്തിലെത്തിയ പെൺകുഞ്ഞിനെ ദത്തെടുത്തത് ബൽജിയം ദമ്പതികളായിരുന്നു. പെറ്റമ്മയെയും തൻറെ കുടുംബവേരുകളും കണ്ടെത്തണമെന്ന ആഗ്രഹത്തിൽ വർഷങ്ങൾക്കിപ്പുറം കൊച്ചിയിൽ തിരിച്ചെത്തി താമസമുറപ്പിക്കുകയാണ്. 1983 ഡിസംബർ 31. സെൻറ് തെരേസാസ് കോളജ് ക്യാംപസിൽ അക്കാലത്തുണ്ടായിരുന്ന മൻസിൽ എന്ന അനാഥാലയത്തിൽനിന്ന് ഒരുവയസ്സുപിന്നിട്ട പെൺകുഞ്ഞിനെ യാത്രയാക്കുകയാണ് സിസ്റ്റർ തെരേസിറ്റയും സിസ്റ്റർ ബ്രിജിറ്റും. ആറുമാസം മാത്രം പ്രായമുള്ളപ്പോൾ കിട്ടിയ കുഞ്ഞിന് നിഷ എന്നവർ പേര് നൽകിയിരുന്നു.ബെൽജിയം ദമ്പതികളായ എറിക്കും മാർടീനിയും അവൾക്ക് അച്ഛനും അമ്മയുമായി. അവരിൽനിന്നാണ് പിൽക്കാലത്ത് എവിടെയോ ജീവിച്ചിരിപ്പുണ്ടായേക്കാവുന്ന തൻറെ പെറ്റമ്മയേയും കൊച്ചിയിലെ അനാഥാലയത്തെയും കുറിച്ച് നിഷ അറിഞ്ഞത്.
പക്ഷേ താൻ ഒരു അമ്മയായപ്പോഴാണ് തൻറെ പെറ്റമ്മയും അവർ തന്നെ ഉപേക്ഷിച്ച് കടന്നുപോയിട്ടുണ്ടാകാവുന്ന സാഹചര്യങ്ങളും മനസിൽ വൈകാരികമായി നിറഞ്ഞതെന്നും പറയുന്നു നിഷ. അങ്ങനെയാണ് വീണ്ടും പഴയ ആ അനാഥാലയം പ്രവർത്തിച്ചിരുന്ന സെൻറ് തെരേസാസ് കോളജ് മുറ്റത്തേക്ക് എത്തിയതും. അമ്മയെ അറിയാൻ.പക്ഷേ ഇന്ന് നിഷയെ സഹായിക്കാൻ ആ പഴയ തലമുറയിൽപ്പെട്ടവർ ആരും ഇവിടെയില്ല. അന്നുണ്ടായിരുന്ന സിസ്റ്റർ ബ്രിജിറ്റ് കോട്ടയം എൻ.എസ്.ഐ കോൺവൻറിൽ വിശ്രമജീവിതത്തിലാണ്. എൺപതുവയസുള്ള സിസ്റ്ററെ സെൻറ് തെരേസാസ് കോളജിൽനിന്ന് ബന്ധപ്പെട്ടെങ്കിലും അക്കാലം ഓർമയിലെ മറവിലാണ്. പക്ഷേ അമ്മ എന്ന വികാരത്തോളം മറ്റൊന്നില്ല. ഞാനിവിടെയുണ്ടെന്ന് ആ അമ്മ അറിയണമെന്ന ആഗ്രഹമാണ് നിഷയുടെ ഉള്ളുനിറയെ. ഇക്കാണുന്ന തന്നെ അല്ലെങ്കിൽ ആ പഴയ ഫോട്ടോ, അത് ആ പെറ്റമ്മയ്ക്ക് തിരിച്ചറിയാൻ കഴിയില്ലേ എന്ന് ചോദിക്കുകയാണ് നിഷ.തന്നെ ഉപേക്ഷിച്ച കാലത്തെ അതേകാരണങ്ങൾ വർഷങ്ങൾക്കിപ്പുറവും ഒരു സ്ത്രീ അഭിമുഖീകരിക്കുന്ന സമൂഹത്തെ മുൻനിർത്തി നിഷ പറയുന്നു. ആരെയും കുറ്റപ്പെടുത്താനില്ല. ആ അമ്മയെ ഒന്ന് കാണണം. ആ അമ്മയെ അറിയാതെ മരിക്കുക വയ്യ എന്ന്.പെറ്റമ്മയെയും രക്തബന്ധമുള്ള കുടുംബവൃത്തങ്ങളെയും കുറിച്ചുള്ള വിവരങ്ങൾ കണ്ടെത്തണം എന്ന ലക്ഷ്യത്തോടെ, ബെൽജിയം സ്വദേശിനിയായ നിഷ ഇപ്പോൾ കേരളത്തിൽ തുടരുകയാണ്.നമ്മുടെ സമൂഹത്തിൽ ദിനംപ്രതി നിരവധി കുഞ്ഞങ്ങളാണ് അനാഥരാക്കപ്പെടുന്നത്. ചിലർ അനാഥാലയങ്ങളിൽ ഉപേക്ഷിച്ച് പോകുമ്പോൾ മറ്റ് ചിലർ എവിടെയെങ്കിലും ഉപേക്ഷിക്കുന്നു. ചില കുട്ടികൾക്ക് ദത്ത് എടുക്കുന്നതിലൂടെ പുതിയൊരു ജീവിതം തന്നെ ലഭിക്കുന്നു. എന്നാൽ പിന്നീട് ആ കുട്ടികൾ അവരുടെ മാതാപിതാക്കൾ ആരെന്നോ എവിടെ എന്നോ അന്വേഷിച്ച് വരാറില്ല. അപൂർവ്വങ്ങളിൽ അപൂർവ്വമായിട്ട് മാത്രമേ അത്തരം കാര്യങ്ങൾ സംഭവിക്കാറുള്ളു. ഇപ്പോഴിതാ തന്നെ അനാഥാലയത്തിൽ ഉപേക്ഷിച്ച പോയ മാതാപിതാക്കളെ ഒരുനോക്ക് കാണാൻ എത്തിയിരിക്കുകയാണ് ബെൽജിയത്തിൽ നിന്നും നിഷ എന്ന യുവതി.