എനിക്ക് ഒരു നാണവും ഉണ്ടായിരുന്നില്ല. എന്റെ ഉദ്ദേശ്യം എന്താണെന്ന് കൃത്യമായി അറിയാം. പിന്നെ നാണിക്കാന്‍ എന്തിരിക്കുന്നു?16 വര്‍ഷം ഇതൊന്നുമില്ലാതെ ജീവിക്കാന്‍ പറ്റുമെന്ന് ഞങ്ങള്‍ തെളിയിച്ചിരുന്നു- ധർമ്മജൻ

വിവാഹ വാർഷികദിനത്തിൽ തന്റെ ഭാര്യ അനൂജയെ നടൻ ധർമജൻ ബോൾ​ഗാട്ടി വീണ്ടും താലികെട്ടിയത് സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു. പതിനാറു വർഷം മുൻപ്‌ നടന്ന തങ്ങളുടെ പ്രണയവിവാഹത്തെ നിയമ സാധുതയുള്ളതാക്കി മാറ്റുന്നതിനാണ് ഇരുവരും വീണ്ടും വിവാഹിതരായത്. മക്കളുടെ സാന്നിധ്യത്തിലായിരുന്നു വിവാഹം. ഇപ്പോളിതാ രണ്ടാം വിവാഹത്തെക്കുറിച്ച് സംസാരിക്കുകയാണ് താരം.

ഞാന്‍ കൂടി കമ്മിറ്റി അംഗം ആയിരുന്ന ദേവസ്വം ബോര്‍ഡ് അമ്പലത്തില്‍ വച്ചാണ് 16 വര്‍ഷം മുന്‍പ് പെട്ടെന്നൊരു ദിവസം തന്റെ വിവാഹം നടത്തിയത്. അന്ന് അമ്പലത്തില്‍ വച്ചു താലി കെട്ടിയെങ്കിലും വിവാഹം റജിസ്റ്റര്‍ ചെയ്യാന്‍ വിട്ടുപോയി. മാത്രമല്ല കഴിഞ്ഞ 16 വര്‍ഷം ഇതൊന്നുമില്ലാതെ ജീവിക്കാന്‍ പറ്റുമെന്ന് ഞങ്ങള്‍ തെളിയിക്കുകയും ചെയ്തു. പക്ഷേ ഇപ്പോള്‍ കുട്ടികളൊക്കെ വലുതായി വരികയാണ്. വിവാഹത്തിന് ഒരു നിയമസാധുത വേണമെന്ന് തോന്നി. അങ്ങനെയാണ് വിവാഹം റജിസ്റ്റര്‍ ചെയ്യാമെന്ന തീരുമാനത്തിലേക്ക് എത്തിയത്.

പ്രോഗ്രാമുകളുമായി ബന്ധപ്പെട്ട് തിരക്കുകളില്‍ ആയിരുന്നതിനാല്‍ വിവാഹം റജിസ്റ്റര്‍ ചെയ്യുന്ന കാര്യം മറന്ന് പോവുകയായിരുന്നു. അപ്പോഴും അമ്പലത്തില്‍ റജിസ്റ്റര്‍ ചെയ്ത രേഖ കയ്യിലുണ്ടല്ലോ എന്നൊരു ധൈര്യം ഉണ്ടായിരുന്നു. പക്ഷേ, ചില ഔദ്യോഗിക കാര്യങ്ങളില്‍ അതുകൊണ്ട് കാര്യമുണ്ടാകില്ലെന്ന് തിരിച്ചറിഞ്ഞപ്പോഴേക്കും വൈകി. ഇതറിഞ്ഞ പിഷാരടി ചോദിച്ചത്, ‘നീ ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടില്ലേ’ എന്നായിരുന്നു. അങ്ങനെയാണ് ഒന്നൂടി രജിസ്റ്റര്‍ മ്യാരേജ് നടത്താമെന്ന തീരുമാനത്തിലെത്തിയത്. എന്നാല്‍ വിവാഹക്കാര്യം പുറത്തായതിന് പിന്നാലെ ചിലര്‍ ചോദിച്ചു, നിങ്ങള്‍ക്ക് നാണമില്ലേ എന്ന്!

എനിക്ക് ഒരു നാണവും ഉണ്ടായിരുന്നില്ല. എന്റെ ഉദ്ദേശ്യം എന്താണെന്ന് കൃത്യമായി അറിയാം. പിന്നെ നാണിക്കാന്‍ എന്തിരിക്കുന്നു? വിവാഹം കഴിഞ്ഞ് മണവാളനും മണവാട്ടിയുമായി നടക്കുന്ന സംഗതിയൊന്നും ഇല്ലല്ലോ. ഞങ്ങള്‍ ഞങ്ങളുടെ പതിവായിട്ടുള്ള ജീവിതം തന്നെയാണ് തുടരുന്നത്. വിവാഹം റജിസ്റ്റര്‍ ചെയ്യുന്നതടക്കം വെറും ഒരു മണിക്കൂര്‍ നേരത്തെ പരിപാടിയില്‍ ഒതുങ്ങുമെന്നാണ് കരുതിയത്. പക്ഷേ ഒരു ദിവസം നീണ്ടു നിന്നു എന്നതു മാത്രമാണ് അപ്രതീക്ഷിതമായി നടന്ന ഒരേ ഒരു കാര്യം. അതിന് കാരണം മാധ്യമങ്ങള്‍ വീട്ടിലെത്തിയത് കൊണ്ടാണ്. ഇങ്ങനൊരു വിവാഹവുമായി ബന്ധപ്പെട്ട് മറ്റൊരു ചടങ്ങും പ്ലാനില്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ അതൊരു ചടങ്ങാക്കി തീര്‍ത്തത് മാധ്യമങ്ങളാണെന്നും ധര്‍മജന്‍ പറയുന്നു.

Scroll to Top