പുറത്തുനിന്ന് കഥകൾ മെനയുന്നവർക്കും കാറി തുപ്പുന്നവർക്കും യഥാർത്ഥ വസ്തുത അറിയില്ല, ഇടവേളകളില്ലാതെ ഓടിയ നിങ്ങള്‍ ,ഇപ്പോള്‍ ഇത്തിരി ഇടവേള എടുക്കുന്നു എന്നേ ഞങ്ങള്‍ക്ക് തോന്നിയിട്ടുള്ളൂ; കുറിപ്പുമായി സീമ ജി നായര്‍

മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയാണ് അമ്മ. എല്ലാ വര്‍ഷവും നടക്കാറുള്ളത് പോലെ ജൂണ്‍ മാസത്തില്‍ അമ്മയുടെ വാര്‍ഷിക പൊതുയോഗം നടന്നിരിക്കുകയാണ്. മുന്‍ വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്തമായ ചില കാര്യങ്ങള്‍ കൂടി ഇത്തവണ ഉണ്ടായിരുന്നു. അതിലേറ്റവും ശ്രദ്ധേയം ഇടവേള ബാബുവിനെ കുറിച്ചുള്ള റിപ്പോര്‍ട്ടുകളാണ്.


അമ്മയുടെ അമരക്കാരനില്‍ ഒരാളായി പ്രവര്‍ത്തിച്ചിരുന്ന ഇടവേള ബാബു ആ സ്ഥാനത്ത് നിന്നും പിന്മാറിയിരിക്കുകയാണ്. അമ്മയുടെ ജനറല്‍ സെക്രട്ടറി എന്ന സ്ഥാനത്ത് കഴിഞ്ഞ 25 വര്‍ഷം പ്രവര്‍ത്തിച്ച നടനാണ് ഇടവേള ബാബു. ശേഷം ഇത്തവണ അദ്ദേഹം സ്ഥാനം ഒഴിഞ്ഞ് മറ്റൊരാള്‍ക്ക് കൊടുക്കുകയായിരുന്നു.

നടന്‍ സിദ്ദിഖാണ് ഇനി മുതല്‍ അമ്മയുടെ ജനറല്‍ സെക്രട്ടറി. അതേ സമയം ഇത്രയും വര്‍ഷം ഇടവേള ബാബു അമ്മയ്ക്കും അതിലെ മെമ്പര്‍മാര്‍ക്കും വേണ്ടി ചെയ്ത കാര്യങ്ങളെ പറ്റി പറയുകയാണ് നടി സീമ ജി നായര്‍.

ശുഭദിനം 💖ഇന്ന് ഇടവേള ബാബുവിന് ഒരു കത്തെഴുതണമെന്നു തോന്നി ..എത്രയും സ്നേഹം നിറഞ്ഞ ബാബു ..ഒരു സംഘടനക്ക് വേണ്ടി തന്റെജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട 25 വയസ്സാണ് നിങ്ങൾ മാറ്റി വെച്ചത് ..അത് ഒന്നോ ,രണ്ടോ ,വർഷം അല്ല നീണ്ട 25 വർഷം ..ശരിക്കും നിങ്ങൾ നിങ്ങൾക്ക് വേണ്ടിയല്ല ഈ കാലയളവ് ജീവിച്ചിരുന്നത് .

അത് നിങ്ങൾ,നിങ്ങളുടെ കുടുംബമായി കണ്ട ഒരു പ്രസ്ഥാനത്തിന് വേണ്ടി ..ഇതിനിടയിൽ സ്വന്തം ജീവിതവും മറന്നു ..ഈ കാലയളവിൽ നിങ്ങൾക്ക്‌ ,നിങ്ങളുടെ പ്രിയപ്പെട്ടവർ തന്നത് പൂച്ചെണ്ടുകൾ മാത്രം ആയിരുന്നില്ല ..കല്ലുകളും ,മുള്ളുകളും നിറഞ്ഞ ഈ പാതയിലൂടെ നടന്നു നീങ്ങുമ്പോൾ ബാബുവിന്റ മനസ്സിന്റെ നിശ്ചയദാർഢ്യം ഒന്നുകൊണ്ടു മാത്രമാണ് ഈ സംഘടനയെ കാലിടറാതെ ഇവിടം വരെ എത്തിച്ചത് .

മറ്റുള്ളവരുടെ വിയർപ്പിന്റെ വിലയെ ഒട്ടും കുറച്ചു കാണുന്നില്ല 🙏പല ഇടപെടലുകൾ മൂലം തകർന്നുപോകാവുന്ന ഒരു സംഘടനയായി പോലും ‘അമ്മ ‘മാറിയിരുന്നു ..പുറത്തു നിന്ന് കഥ പറയുന്നവർക്കും ,കഥകൾ മെനയുന്നവർക്കും ,കാറി തുപ്പുന്നവർക്കും,യഥാർത്ഥ വസ്തുത അറിയില്ലല്ലോ,ഇന്നലെ നിങ്ങൾ സ്ഥാനം ഒഴിയുമ്പോൾ ,നിങ്ങളുടെ വിടവാങ്ങൽ പ്രസംഗം നടക്കുമ്പോൾ ,ഇത്തിരിയെങ്കിലും ആത്മാർത്ഥയുള്ളവരുടെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു .

,ഏതു പാതിരാത്രി ഒരാവശ്യത്തിന് വിളിക്കുമ്പോൾ വലുതെന്നോ ,ചെറുതെന്നോ,തരം തിരിവില്ലാതെ അവരുടെ കാര്യങ്ങൾക്കു വേണ്ടി ഓടുകയും ,അതിനൊരു തീരുമാനം എടുക്കുകയും ചെയ്തിരുന്നു .ഞാനും ചെറിയ രീതിയിൽ സോഷ്യൽ വർക്ക് ചെയ്യുന്നവൾ ആയതുകൊണ്ട് ,ഇതിന്റെ എല്ലാ വൈഷ്യമിങ്ങളും എനിക്കറിയാം ..എഴുതാൻ ഒരുപാടുണ്ട് ..ഈ ചെറിയ കത്തിൽ എഴുതി തീരില്ല ഒന്നും

ഇത്രയും നാൾ അമ്മക്ക് വേണ്ടി ജീവിച്ച ബാബുവിന് ,സ്വന്തം അമ്മയോടുള്ള സ്നേഹം എന്തായിരുന്നുവെന്ന് ഞങ്ങൾക്കറിയാം ,അതിലും കൂടുതൽ സ്നേഹവും ,ബഹുമാനവും അമ്മ,എന്ന സംഘടനക്കും ,അതിലെ മക്കൾക്കും നിങ്ങൾ കൊടുത്തിട്ടുണ്ട്,ഇടവേളകളില്ലാതെ ഓടിയ നിങ്ങൾ ,ഇപ്പോൾ ഇത്തിരി ഇടവേള എടുക്കുന്നു എന്നെ ഞങ്ങൾക്ക് തോന്നിയിട്ടുള്ളൂ ..അതങ്ങനെ ആവട്ടെ എന്ന് വിശ്വസിക്കുന്നു ..സ്വന്തം ആരോഗ്യം നോക്കണം ,കുറെ മരുന്നുകളുമായാണല്ലോ നടപ്പ്..അതൊക്കെ ആരറിയാണല്ലേ..ഒരുപാട് സ്നേഹത്തോടെ ,ഒത്തിരി ഇഷ്ടത്തോടെ നിർത്തുന്നു .

Scroll to Top