നവാസ് ആദ്യ വേദന ശ്രദ്ധിച്ചില്ല എന്ന അബദ്ധം.

ഹൃദയാഘാതത്തെ തുടർന്നു വെള്ളിയാഴ്ച രാത്രി അന്തരിച്ച നടൻ കലാഭവൻ നവാസിന് അന്നു രാവിലെ നെഞ്ചെരിച്ചിൽ അനുഭവപ്പെട്ടെങ്കിലും അഭിനയത്തോടുള്ള ആത്മാർഥത മൂലം ആശുപത്രിയിൽ പോകുന്നത് ഒരു ദിവസം നീട്ടിവയ്ക്കുകയായിരുന്നു. അവസാനം അഭിനയിച്ച ‘പ്രകമ്പനം’ സിനിമയുടെ ചോറ്റാനിക്കരയിലെ ലൊക്കേഷനിലായിരുന്നു 26 മുതൽ നവാസ്. ഷൂട്ടിങ്ങിന്റെ ആദ്യ ഷെഡ്യൂളിന്റെ അവസാന ദിവസമായിരുന്നു വെള്ളിയാഴ്ച. നെഞ്ചെരിച്ചിൽ ഉണ്ടായ വിവരം ഭാര്യാപിതാവിനെ ഫോൺ ചെയ്ത് അറിയിച്ചിരുന്നു. കുടുംബ ഡോക്ടർ അഹമ്മദ് കാരോത്തുകുഴിയുമായി ഉടൻ ബന്ധപ്പെടാൻ അദ്ദേഹം നിർദേശിച്ചു.അതനുസരിച്ചു രാവിലെ 6.57നു നവാസ്, ഡോ. അഹമ്മദിനെ ഫോണിൽ വിളിച്ചു. ഗ്യാസിന്റെ പ്രശ്നം ആയിരിക്കുമോ എന്ന സംശയവും പ്രകടിപ്പിച്ചു. വിവരങ്ങൾ ചോദിച്ചറിഞ്ഞ ഡോ. അഹമ്മദ്, ഇതു സാധാരണ നെഞ്ചെരിച്ചിൽ അല്ലെന്നും ഉടൻ ഏതെങ്കിലും ആശുപത്രിയിൽ എത്തണമെന്നും പറഞ്ഞു. ഇസിജി എടുത്തു തനിക്ക് അയയ്ക്കാനും ആവശ്യപ്പെട്ടു. ഷൂട്ടിങ് തടസ്സപ്പെടേണ്ട എന്നു കരുതിയാകാം രണ്ടും ചെയ്തില്ല.അന്നു വീട്ടിലേക്കു മടങ്ങുന്നതിനാൽ പിറ്റേന്നു ഡോക്ടറെ കാണാമെന്നു കരുതിയതുമാകാം. പകൽ ഷൂട്ടിങ് കഴിഞ്ഞു ലോഡ്ജിലേക്കു പോയ നവാസിന് അവിടെ വച്ചാണു ഹൃദയാഘാതം ഉണ്ടായത്. വിജേഷ് പാണത്തൂർ സംവിധാനം ചെയ്യുന്ന ക്യാംപസ് മൂവിയായ പ്രകമ്പനത്തിൽ രാഷ്ട്രീയ നേതാവിന്റെ റോളായിരുന്നു നവാസിന്. ‘സിപിഎൻ’ പാർട്ടിയുടെ ലോക്കൽ സെക്രട്ടറി. 2 ദിവസത്തെ ഷൂട്ടിങ് കൂടി ബാക്കിയുള്ളപ്പോഴാണ് വേർപാട്.ആദ്യത്തെ നെഞ്ചു വേദന വന്നപ്പോൾ ശ്രദ്ധിച്ചില്ല..

അതായിരുന്നു നവാസിന് പറ്റിയ അബദ്ധമെന്ന് പറയുകയാണ് കുടുംബ ഡോക്ടർ അഹമ്മദ് കാരോത്തുകുഴി…കലാഭവൻ നവാസിന്റെ അപ്രതീക്ഷിത വിയോഗം വലിയ ഞെട്ടലാണ് സിനിമാ ലോകത്തുണ്ടാക്കിയിരിക്കുന്നത്. നടനായും ഗായകനായും മിമിക്രി താരമായും അവതാരകനായുമെല്ലാം തന്നെ അടയാളപ്പെടുത്തിയിട്ടുണ്ട് നവാസ്. മലയാളികൾക്ക് കാലങ്ങളായി അടുത്തറിയുന്ന, തങ്ങളിൽ ഒരാളെന്ന പോലെ സുപരിചിതനായ താരമായിരുന്നു നവാസ്. അതുകൊണ്ട് തന്നെ ആ മരണ വാർത്ത ഉൾക്കൊള്ളാൻ പലർക്കും ഇപ്പോഴും സാധിച്ചിട്ടില്ല.ഹൃദയാഘാതം മൂലമാണ് മരണം സംഭവിച്ചതെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. ശനിയാഴ്ച രാവിലെ കളമശ്ശേരി മെഡിക്കൽ കോളേജിലാണ് പോസ്റ്റ്‌മോർട്ടം നടത്തിയത്. വെള്ളിയാഴ്ച രാത്രി എട്ട് മണിയോടെ ഹൃദയാഘാതമുണ്ടായെന്നാണ് റിപ്പോർട്ട്. മുമ്പും ഹൃദയാഘാതമുണ്ടായതിന്റെ സൂചനകളും പോസ്റ്റ്‌മോർട്ടത്തിൽ കണ്ടെത്തി. നെഞ്ചുവേദന വന്നപ്പോൾ സഹായം തേടാൻ ഹോട്ടൽ മുറിയ്ക്ക് പുറത്തിറങ്ങാൻ നവാസ് ശ്രമിച്ചിരുന്നു. എന്നാൽ കുഴഞ്ഞ് വീഴുകയായിരുന്നുവെന്നാണ് കരുതപ്പെടുന്നത്. വീഴ്ചയുടെ ആഘാതത്തിൽ തലയിൽ മുറിവുണ്ടായിട്ടുണ്ട്. ഇത്തരത്തിൽ ശരീരം നൽകുന്ന സൂചനകൾ അവ​ഗണിക്കരുതെന്ന് പറയുകയാണ് ഡോകടർമാർ… നവാസ് തന്റെ സിനിമാ ജീവിതത്തിലേക്ക് തിരികെ വന്നതിന് ശേഷമാണ് ഈ മഹാദുരന്തമുണ്ടായിരിക്കുന്നത്… 2021ന് ശേഷം അയാൾ ക്യാമറയ്ക്ക് മുന്നിലേക്ക് പിന്നെയും എത്തി. പഴയതിലും ആവേശത്തിൽ. സിനിമയിൽ ഇനി അയാളുടെ കാലമെന്ന ബോധ്യം അയാളിലേക്ക് എത്തിയപോലെ. അത്രമേൽ സിനിമയിലെ ഓരോ ചലനങ്ങളും അയാൾ ഇഷ്ടപ്പെട്ടിരുന്നു. ലൂയിസ് എന്ന ചിത്രത്തിൽ പാട്ടിന്റെ ഓളം തീർത്തു. സജീവമായപ്പോൾ നവാസിനായി കാത്തിരുന്നത് ഒരുപിടി നല്ല ചിത്രങ്ങളാണ്. ഒരു അന്വേഷണത്തിന്റെ തുടക്കം എന്ന ചിത്രത്തിൽ മികച്ചവേഷം. ആദ്യമായി തമിഴിൽ അഭിനയിച്ചു. മിമിക്രി സ്കിറ്റ് വേദികളിൽ വീണ്ടും നിറസാന്നിധ്യമായി. അടുത്തകാലത്തെ സിനിമകളിൽ ഏറ്റവും ഇഴയടുപ്പം അത് ഇഴ ചിത്രം തന്നെയാകും. അതിന് കാരണവുമുണ്ട്, ഭാര്യ രഹ്ന കുറേ നാളുകൾക്ക് ശേഷം തന്റെ നായികയായ ചിത്രം. സിറാജ് റെസയുടെ ചിത്രം എല്ലാവരും ഏറ്റെടുത്തു. നിരൂപക പ്രശംസ നേടി.

Scroll to Top