ചോറിന്റെ കൂടെ നല്ല എരിയും പുളിയുമുള്ള മീൻകറിയുണ്ടെങ്കിലോ? മലയാളിക്ക് വേറെന്ത് വേണം.. വറുത്തിട്ടായാലും കറിവച്ചിട്ടായാലും മീനിന്റെ ഒരു മണമെങ്കിലും മതി ചോറുണ്ണാൻ എന്നു പറയുന്ന മിക്ക കൂട്ടുക്കാരും നമുക്കുണ്ടാകും… എങ്കിൽ ഇനി മുതൽ മീൻകറി വയ്ക്കുമ്പോൾ അൽപ്പമൊന്ന് ശ്രദ്ധിക്കണം… കാരണമിതാണ്
പൊന്നുംവില കൊടുത്ത് കറി വയ്ക്കാൻ വാങ്ങിയ മീൻ വൃത്തിയാക്കുന്നതിനിടയിൽ മീനിന്റെ വയറ്റിൽ പാമ്പിനെ കണ്ടാൽ എന്തായിരിക്കും നിങ്ങളുടെ എക്‌സ്പ്രഷൻ? പേടിയും അറപ്പും വെറുപ്പും ആ മീൻ എപ്പോ എടുത്ത് കളഞ്ഞെന്ന് നോക്കിയാൽ മതി അല്ലേ..എന്നാലും അങ്ങനെയൊക്കെ സംഭവിക്കുമോ എന്ന് ചിന്തിക്കാൻ വരട്ടെ..ആലപ്പുഴ സ്വദേശി സനോജിന്റെ വീട്ടിൽ അങ്ങനെ ഒരു സംഭവമാണ് ഉണ്ടായത്..ആഴ്ചകൾക്ക് മുൻപ് മൂർഖൻ പാമ്പിനെ കാലില്ലാത്ത അരണയാണെന്ന് കരുതി കുപ്പിയിൽ പിടിച്ചിട്ട കുട്ടികളുടെ വാർത്ത പുറത്തുവന്നിരുന്നു. ഇപ്പോൾ ഈ വാർത്തയും പുറത്തുവന്നതോടെ മൂർഖൻ പാമ്പിനിപ്പോ പഴയ ശൗര്യമില്ലെന്ന പ്രതികരണങ്ങളാണ് വരുന്നത്..
കറിവയ്ക്കാൻ വെട്ടിയ വരാൽ മീനിന്റെ വയറ്റിൽ രണ്ടടി നീളമുള്ള മൂർഖനെ കണ്ടെത്തി. ആലപ്പുഴ ചാരുംമൂട് സ്വദേശി സനോജിന്റെ വീട്ടിലാണ് സംഭവം. വീടിന് സമീപത്തെ കോതിച്ചിറ പാടത്ത് നിന്നാണ് 900ഗ്രാം തൂക്കമുള്ള വരാലിനെ സനോജ് ചൂണ്ടയിട്ട് പിടിച്ചത്.സനോജിന്റെ ഭാര്യ ശാലിനി കറിവയ്ക്കാനായി വെട്ടിയപ്പോൾ വരാലിന്റെ വയറ്റിൽ നിന്നും മൂർഖൻ പാമ്പ് പാത്രത്തിൽ വീണു. പാമ്പിന്റെ തൊലി അഴുകി തുടങ്ങിയിരുന്നു. തലഭാഗത്തെ അടയാളം കണ്ടാണ് വീട്ടുകാർ ഇത് മൂർഖനാണെന്ന് തിരിച്ചറിഞ്ഞത്. പിന്നീട് പാമ്പിനെയും വരാലിനെയും അവർ കുഴിച്ചിട്ടു. വരാൽ മൂർഖൻ പാമ്പിനെ ഭക്ഷിക്കുന്നത് അപൂർവമാണെന്ന് ജന്തുശാസ്ത്ര വിദഗ്ദ്ധർ അഭിപ്രായപ്പെട്ടു.. അവശനായ പാമ്പിനെ ഒരുപക്ഷേ വരാൽ വിഴുങ്ങിയതാവാം. ജന്തുലോകത്തെ വൈവിദ്ധ്യങ്ങളിൽപ്പെട്ട അത്ഭുതമായി ഇതിനെ കണക്കാക്കാമെന്ന് മുതിർന്ന ജന്തുശാസ്ത്ര പ്രൊഫസർ ഡോ.ജി.നാഗേന്ദ്രപ്രഭു പറഞ്ഞു…