‘ഈ ഒരു രാത്രി താങ്ങില്ല.. അതിന് മുന്‍പ് മരിച്ചു പോകും’.. നടി കനിഹയ്ക്ക് സംഭവിച്ചത്

മരണത്തോടു പോരാടി ജീവിതത്തിലേക്കു തിരിച്ചെത്തിയ കുട്ടിയാണ് തന്റെ മകനെന്ന് നടി കനിഹ. കനിഹയുടെ മകൻ ഋഷി ജീവിതത്തിലേക്കു തിരിച്ചെത്തിയത് എങ്ങനെയെന്ന് വനിതയ്ക്കു നൽകിയ അഭിമുഖത്തിൽ നടി വിശദീകരിക്കുന്നു. ഋഷി ഞങ്ങളുടെ അദ്ഭുത ബാലനാണ്. മരിക്കും എന്നു ഡോക്ടർമാർ വിധി എഴുതിയിട്ടും മരണത്തെ തോൽപ്പിച്ച് ജീവിതത്തിലേക്കു മടങ്ങിയെത്തിയ പോരാളിയാണ് അവൻ. അമേരിക്കയിലെ ആശുപത്രിയിലായിരുന്നു കനിഹയുടെ പ്രസവം. ജനിച്ചപ്പോഴെ കുഞ്ഞിന് ഹൃദയത്തിനു തകരാറുണ്ടായിരുന്നു. കുഞ്ഞിനെ കയ്യിൽ തന്നിട്ട് ഉടൻ മടക്കി വാങ്ങി, ഒരുപക്ഷേ, ഇനി അവനെ ജീവനോടെ കാണില്ലെന്നു പറഞ്ഞു.

തളർന്നു പോയി ഞാൻ. പത്തു മാസം ചുമന്നു പ്രസവിച്ച കുഞ്ഞിന്റെ ജീവനാണ് എന്റെ കയ്യിൽ നിന്നു തട്ടിയെടുക്കുന്നത്. ഞാൻ അലറിക്കരഞ്ഞു. ഓപ്പൺ ഹാർട്ട് സർജറി നടത്താനായിരുന്നു ഡോക്ടർമാരുടെ തീരുമാനം. പരാജയപ്പെട്ടാൽ കുട്ടിയുടെ മരണം ഉറപ്പ്. വിജയിച്ചാൽത്തന്നെ ജീവിതത്തിലേക്കു മടങ്ങിവരാൻ ഒരുപാട് കടമ്പകൾ.’‘പ്രാർഥനയോടെ ഒരോ നിമിഷവും തള്ളിനീക്കി. ഷിർദി സായിബാബയെ ആണ് ഞാൻ പ്രാർഥിക്കുന്നത്. മനസുരുകി കരഞ്ഞു പ്രാർഥിച്ചു. ആദ്യമായാണ് ഒരു ജീവനു വേണ്ടി പ്രാർഥിക്കുന്നത്. അതുവരെ നല്ല ജീവിതത്തിനു വേണ്ടി മാത്രമാണു പ്രാർഥിച്ചിട്ടുള്ളത്. ഒരോ ദിവസവും എന്നെക്കൊണ്ട് പല പേപ്പറുകളിലും ഒപ്പു വയ്പ്പിക്കും.

കുഞ്ഞിന്റെ ജീവൻ അപകടത്തിലാണെന്നും എന്തെങ്കിലും പറ്റിയാൽ ആശുപത്രിയും ഡോക്ടർമാരും ഉത്തരവാദികളല്ലെന്നുമുള്ള സമ്മതപത്രങ്ങളാണ് അവ. ഒടുവിൽ അമ്പതാം ദിവസമാണ് എനിക്കെന്റെ കുഞ്ഞിനെ കാണാൻ പറ്റുന്നത്, കനിഹ പറയുന്നു. സൂചി കുത്താത്ത ഒരിഞ്ചു സ്ഥലം ഉണ്ടായിരുന്നില്ല ആ കുഞ്ഞ് ശരീരത്തിൽ. രണ്ടു മാസം ഐസിയുവിൽ മരണത്തോടു പോരാടി വിജയിച്ചു ജീവിതത്തിലേക്കു മടങ്ങിയെത്തി. മകന്റെ ദേഹത്ത് ഇപ്പോഴും സർജറിയുടെ പാടുണ്ടെന്നും കനിഹ പറയുന്നു.

Scroll to Top