മതംമാറ്റാനുള്ള കാമുകന്റെയും കുടുംബത്തിന്റെയും സമ്മർദ്ദത്തെ തുടർന്ന് 23കാരിയായ ടിടിസി വിദ്യാർഥിനി ജീവനൊടുക്കിയ കേസിൽ വലിയ ചർച്ചകളാണ് കേരളത്തിൽ വീണ്ടും നടക്കുന്നത്…കോതമംഗലത്ത് ടിടിഐ വിദ്യാർത്ഥിനി ജീവനൊടുക്കിയ സംഭവത്തിൽ ആൺസുഹൃത്ത് റമീസിനെ പൊലീസ് അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലിന് ശേഷമാണ് കോതമംഗലം പൊലീസ് റമീസിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. സോന എൽദോസിന്റെ മരണത്തിൽ സുഹൃത്ത് റമീസിനെതിരെ വാട്‌സ്ആപ്പ് ചാറ്റുകൾ അടക്കമുള്ള തെളിവുകൾ പൊലീസിന് ലഭിച്ചിരുന്നു. താൻ ആത്മഹത്യ ചെയ്യുമെന്ന് സോന പറയുമ്പോൾ ചെയ്‌തോളാനായിരുന്നു റമീസിന്റെ മറുപടി. സോനയെ മർദിച്ചതിന്റെ തെളിവുകളും പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇരുവരും തമ്മിലുള്ള വാട്‌സാപ് ചാറ്റുകളിൽ നിന്നാണ് പൊലീസിന് തെളിവുകൾ ലഭിച്ചത്… റമീസിനെതിരെ ആത്മഹത്യാപ്രേരണാക്കുറ്റം, ശാരീരിക ഉപദ്രവം തുടങ്ങിയ കുറ്റങ്ങൾ ചുമത്തി കേസെടുത്തിട്ടുണ്ട്.
റമീസിനെ നേരത്തെ അനാശാസ്യത്തിന് ലോഡ്ജിൽ നിന്നും പൊലീസ് പിടികൂടിയിട്ടുണ്ട്. ലഹരി കൈവശം വെച്ചതിനും റമീസിനെതിരെ നേരത്തെ കേസെടുത്തിട്ടുണ്ട്. ഇക്കാര്യം അറിഞ്ഞപ്പോഴാണ് മതം മാറാനുള്ള തീരുമാനത്തിൽ നിന്നും സോന പിന്മാറിയതെന്നും ബന്ധുക്കൾ പറഞ്ഞു. റമീസിന്റെ മാനസികവും ശാരീരികവുമായ പീഡനങ്ങളാണ് സോനയെ ജീവനൊടുക്കാൻ പ്രേരിപ്പിച്ചതെന്നും വീട്ടുകാർ ആരോപിക്കുന്നു…രജിസ്റ്റർ വിവാഹം കഴിക്കാമെന്ന് തെറ്റിദ്ധരിപ്പിച്ചാണ് സോനയെ റമീസ് വീട്ടിലെത്തിക്കുന്നത്. തുടർന്ന് മതം മാറണമെന്ന് നിർബന്ധിച്ചു. വീട്ടിൽ പൂട്ടിയിട്ട് മർദ്ദിച്ചു. മതംമാറാൻ പൊന്നാനിക്ക് കൊണ്ടുപോകാൻ കാർ റെഡി ആക്കിയിട്ടിരിക്കുകയാണെന്ന് പറഞ്ഞായിരുന്നു മർദനം. പൊന്നാനിയിൽ ചെന്ന് രണ്ടുമാസം കഴിഞ്ഞേ രജിസ്റ്റർ മാര്യേജ് ഉള്ളൂവെന്നും മതംമാറാതെ പറ്റില്ലെന്നും റമീസ് പറഞ്ഞു. അയാളുടെ വാപ്പയും ഉമ്മയും പെങ്ങളും കൂട്ടുകാരും അവിടെയുണ്ടായിരുന്നുവെന്നും യുവതിയുടെ ബന്ധുക്കൾ പറയുന്നു.അദ്ധ്യാപികയാകാൻ മോഹിച്ച 23കാരിയ്ക്ക് പഠനം പൂർത്തിയാക്കും മുമ്പേ ഒരു മുഴം കയറിൽ ജീവൻ ത്യജിക്കേണ്ടിവന്നത് ജീവനുതുല്യം സ്‌നേഹിച്ച കാമുകൻ റമീസിന്റെ മതഭ്രാന്തും ചതിയും മൂലമെന്നാണ് ആരോപണം ഉയർന്നിരിക്കുന്നത്. ആലുവ യു.സി. കോളേജിൽ ബി.എ മലയാളം ക്‌ളാസിൽ സഹപാഠികളായിരിക്കെ തുടങ്ങിയതാണ് റമീസുമായുള്ള പ്രണയം.
പഠിക്കാൻ മിടുക്കിയായിരുന്ന യുവതി, ഡിഗ്രി തോറ്റ റമീസിനെ ഒരു വർഷം കാത്തിരുന്ന് അയാളെ പഠിപ്പിച്ച് ജയിപ്പിച്ച ശേഷമാണ് ടി.ടി.സിക്ക് ചേർന്നത്. പാനായിക്കുളത്തെ വീടിനടുത്ത് ആരുമായും അധികം സൗഹൃദം പുലർത്താത്തയാളാണ് അറസ്റ്റിലായ റമീസ്. ഇയാളുടെ പിതാവ് റഹിമും ക്രിസ്ത്യാനിയായിരുന്ന മാതാവ് ഷെറിയും പ്രേമിച്ച് വിവാഹിതരായതാണ്. പറവൂർ വെടിമറയിലെ തറവാട്ടിൽ നിന്ന് 20 വർഷം മുമ്പ് പാനായിക്കുളത്തേക്ക് താമസം മാറി. ഇറച്ചി, കോഴിക്കച്ചവടമാണ് റഹിമിന്. പാനായിക്കുളത്ത് രണ്ട് വർഷം മുമ്പ് തുടങ്ങിയ ബീഫ് സ്റ്റാൾ നോക്കി നടത്തിയത് റമീസായിരുന്നു. ഇത് പൂട്ടിയതിനെ തുടർന്ന് ജോലിയൊന്നുമില്ലാതായി. വെടിമറയിലെ ബന്ധുക്കളായ യുവാക്കളുമായി മാത്രം സൗഹൃദം. അനാശാസ്യ കേസ് കൂടാതെ മദ്യപിച്ച് വാഹനമോടിച്ചതിന് ബിനാനിപുരം സ്റ്റേഷനിൽ രണ്ട് കേസുകളുമുണ്ട്. പാനായിക്കുളത്തും പരിസരത്തുമായി മൂന്ന് ഇറച്ചിക്കടകൾ നടത്തുകയാണ് പിതാവ് റഹീം. പാനായിക്കുളത്തെ പഴയവീടിനോട് ചേർന്നാണ് ഒരു കട. അടുത്തിടെ മില്ലുപടി ബസ് സ്റ്റോപ്പിലെ ഗോഡൗണിന് സമീപം പുതിയ വീട് വാങ്ങി താമസം ഇവിടെയാക്കി. പാനായിക്കുളത്തെ ഇവരുടെ ഒരു കടയിൽ നിന്ന് രണ്ടുവർഷം മുമ്പ് കഞ്ചാവ് പിടികൂടിയിട്ടുണ്ട്. റമീസിന് വിവാഹിതയായ സഹോദരിയുണ്ട്. സാമ്പത്തികമായി നല്ല നിലയിലുള്ളതാണ് ഇവരുടെ കുടുംബം