പുതിയ വീട്ടിലേക്ക് ശ്രീക്കുട്ടിയുടെ മൃതദേഹം.. നെഞ്ചുപൊട്ടിക്കരഞ്ഞ് അച്ഛന്‍

കൊട്ടാരക്കര എംസി റോഡിൽ പനവേലി ജംക്‌ഷനിൽ ബസ് കാത്തുനിന്നവരുടെ ഇടയിലേക്ക് പാഴ്സൽ വാൻ പാഞ്ഞു കയറി 2 സ്ത്രീകൾ മരിച്ചു. ഇതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു…പനവേലി നിരപ്പിൽ ഷാൻ ഭവനിൽ സോണിയ(43), മടത്തിയറ ചരുവിള വീട്ടിൽ ശ്രീക്കുട്ടി(27) എന്നിവരാണു മരിച്ചത്. ഇന്നലെ രാവിലെ 6.55നായിരുന്നു ദാരുണ സംഭവം. കൊട്ടാരക്കര ഭാഗത്തേക്കുള്ള ബസ് കാത്തു നിൽക്കുകയായിരുന്നു യാത്രക്കാർക്കിടയിലേക്ക് നിയന്ത്രണം വിട്ടെത്തിയ വാൻ പാഞ്ഞു കയറുകയായിരുന്നു. ഭർത്താവ് ഷാനിന്റെ കൺമുൻപിലായിരുന്നു സോണിയയുടെ മരണം.സ്ത്രീകളെ ഇടിച്ച് മുന്നോട്ട് ‍പാഞ്ഞുപോയ വാൻ കവലയിൽ പാർക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷയും തകർത്തു. ഓട്ടോറിക്ഷ ഡ്രൈവർ പനവേലി പ്ലാവിള വീട്ടിൽ വിജയന്റെ (57)കാൽ ഒടിഞ്ഞു തൂങ്ങി. 7 വർഷം മുൻപ് സമാനമായ അപകടത്തിൽ ഇതേ കാലിന് പരുക്കേറ്റ് അസ്ഥികളിൽ കമ്പി ഇട്ടിരിക്കുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്. വാൻ ഉപേക്ഷിച്ച് ഡ്രൈവറും ജീവനക്കാരനും കടന്നുകളഞ്ഞെങ്കിലും പിന്നീടു പൊലീസ് പിടികൂടി. ‘എന്നെയങ്ങെടുത്തിട്ട് എന്റെ മകളെ വിടാമായിരുന്നില്ലേ’, 10 വർഷങ്ങൾക്കു മുൻപ് സ്‌ലാബിൽ നിന്നു വീണു നടുവൊടിഞ്ഞ് ചികിത്സയിലായ 68 വയസ്സുകാരൻ വിശ്വംഭരൻ തുടയിലെ പരുക്ക് കാട്ടി ‍അലറി വിളിക്കുമ്പോൾ കണ്ടുനിൽക്കുന്നവർക്ക് അദ്ദേഹത്തെ ആശ്വസിപ്പിക്കാൻ വാക്കുകൾ കിട്ടുന്നില്ല. അപകടത്തിൽ മരിച്ച ശ്രീക്കുട്ടിയുടെ അച്ഛനാണു വിശ്വംഭരൻ. തട്ട് നിർമാണ ജോലിക്കാരനായിരുന്നു വിശ്വംഭരൻ. അപകടത്തെത്തുടർന്നു ജോലിക്കു പോകാൻ കഴിയാതായി.

സാമ്പത്തികമായി ഏറെ പിന്നാക്കം നിൽക്കുന്ന കുടുംബത്തിന്റെ എല്ലാം ആയിരുന്നു ശ്രീക്കുട്ടി. എല്ലാ ദുഃഖങ്ങളും ഉള്ളിലൊതുക്കി ചിരിച്ച മുഖവുമായി ആണു ശ്രീക്കുട്ടി മുന്നോട്ടു പോയിരുന്നത്. വിവാഹപ്രായം കഴിഞ്ഞിട്ടും അവൾ വീട്ടുകാർക്കു വേണ്ടി മാത്രം ജീവിച്ചു. ബേക്കറിയിൽ നിന്നു ലഭിക്കുന്ന തുച്ഛമായ വേതനം കൊണ്ടു കുടുംബം പോറ്റി. വിശ്വംഭരന് ഇടയ്ക്കിടെ ആശുപത്രികളിൽ പോകണം. കൊട്ടാരക്കര, കൊട്ടിയം ആശുപത്രികളിലും തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലും ആണു ചികിത്സ. ശ്രീക്കുട്ടി ആണ് എല്ലായിടത്തും കൊണ്ടുപോയിരുന്നത്. നല്ല ഒരു വീട് എന്ന സ്വപ്നം യാഥാർഥ്യത്തിലേക്ക് അടുക്കുമ്പോൾ ആണ് വിധി ശ്രീക്കുട്ടിയെ തട്ടിയെടുത്തത്. പഞ്ചായത്ത് അനുവദിച്ച വീടിന്റെ നിർമാണം പാതിവഴിയിലാണ്. വീട് ഉണ്ടാക്കിയതിനു ശേഷം വിവാഹം എന്നതായിരുന്നു ശ്രീക്കുട്ടിയുടെ സ്വപ്നം.27 വയസ്സായിരുന്നു ശ്രീക്കുട്ടിക്ക്. നിരവധി വിവാഹ ആലോചനകളും വന്നിരുന്നു. എന്നാൽ വീട് എന്ന സ്വപ്‌നം പൂർത്തിയായതിന് ശേഷം മതി വിവാഹം എന്ന പിടിവാശിയിലായിരുന്നു ശ്രീക്കുട്ടി. ഇപ്പോൾ ഒരു ചെറ്റക്കുടിലിലാണ് താമസിക്കുന്നത്. അതും സ്വന്തമല്ല. കുഞ്ഞമ്മയുടെ മറ്റോ വീടാണ് അത്. അതിന്റെ അടുത്ത് തന്നെയായി പുതിയ വീട് നിർമ്മിക്കുകയായിരുന്നു. വീടിന്റെ പണി പകുതിക്ക് നിൽക്കേയാണ് അപ്രതീക്ഷിത വിയോഗം നടന്നിരിക്കുന്നത്. ശ്രീക്കുട്ടിയുടെ അമ്മയും അസുഖക്കാരിയാണ്. നാട്ടുകാർക്കും വീട്ടുകാർക്കും പ്രിയപ്പെട്ടവളായിരുന്നു. എല്ലാ സങ്കടങ്ങളും ഉള്ളിൽ ഒതുക്കി എല്ലാവരോടും സന്തോഷത്തോടെ മാത്രം സംസാരിച്ചിരുന്ന ശ്രീക്കുട്ടിയെ അവിടുത്തെ നാട്ടുകാരും ഓർക്കുന്നു.

Scroll to Top