ഈരാറ്റുപേട്ട പനയ്ക്കപ്പാലത്ത് ദമ്പതികൾ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഈരാറ്റുപേട്ട പൊലീസ് അന്വേഷണം ആരംഭിച്ചു. ദമ്പതികളുടെ ആത്മഹത്യയ്ക്കു പിന്നിൽ ബ്ലേഡ് മാഫിയ സംഘങ്ങളുടെ ഭീഷണിയെന്ന് വിവരം. രശ്മി ഇന്ന് ജോലിക്ക് എത്താതിരുന്നതോടെ ആശുപത്രിയിൽ നിന്നും അന്വേഷിച്ചു. ഈ അന്വേഷണത്തിനൊടുവിലാണ് ഇരുവരെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കൈയിൽ സിറിഞ്ച് ഉപയോഗിച്ച് മരുന്ന് കുത്തിവെച്ച നിലയിലായിരുന്നു മൃതദേഹങ്ങൾ. ഏതാനും മാസങ്ങൾക്ക് മുമ്പാണ് പനക്കപ്പാലത്ത് ഇവർ വീട് വാടകയ്ക്ക് എടുത്തത്. രാമപുരം സ്വദേശിയായ വിഷ്ണു കോൺട്രാക്ടുകൾ എടുത്ത് ചെയ്യുന്ന വ്യക്തിയാണ്. ഇയാൾക്ക് ചില സാമ്പത്തിക പ്രശ്‌നങ്ങൾ ഉണ്ടായിരുന്നതായും ബന്ധുക്കൾ പറയുന്നു. കടുത്തുരുത്തിയിലെ ബ്ലേഡ് മാഫിയ സംഘാംഗങ്ങളായ യുവാക്കൾ ഇന്നലെ രാവിലെ ഇവരുടെ വീട്ടിലെത്തി ഭീഷണി മുഴക്കിയെന്നും വിഷ്ണുവിനെ മർദിച്ചെന്നുമാണ് വിവരം.
ജോലിയുടെ ഭാഗമായി ഹോസ്റ്റലിൽ താമസിക്കുന്ന രശ്മിയെ അവിടെയെത്തി അവഹേളിച്ചിരുന്നുവെന്നും കുടുംബാംഗങ്ങൾ പറയുന്നു. കെട്ടിട നിർമാണ കരാറുകാരനായ വിഷിണുവിന് കോവിഡിനു ശേഷമാണ് സാമ്പത്തിക ബാധ്യതയുണ്ടായത്. ബ്ലേഡ് മാഫിയയുടെ കെണിയിൽപ്പെട്ട ഇവർ നിരന്തരം ഭീഷണി നേരിട്ടിരുന്നു. ചെറുകിട കരാർ ഏറ്റെടുത്ത് തന്നാലാവും വിധം ബ്ലേഡ് മാഫിയ സംഘങ്ങൾക്ക് പലിശ നൽകി മുന്നോട്ട് പോകുന്നതിനിടെയാണ് ഇന്നലെ കടുത്തുരുത്തി സംഘത്തിന്റെ ഭീഷണിയും മർദനവും ഉണ്ടായത്. യൂത്ത് കോൺഗ്രസിന്റെ രാമപുരം മുൻ മണ്ഡലം പ്രസിഡന്റായിരുന്നു വിഷ്ണു. ബ്ലേഡ് മാഫിയയുമായി ബന്ധപ്പെട്ട കുടുംബത്തിന്റെ ആരോപണം അന്വേഷിക്കുന്നതിന്റെ ഭാഗമായി വീട്ടിലെ സിസിടിവി പരിശോധിക്കാനുള്ള തയാറെടുപ്പിലാണ് പൊലീസ്. കൈകൾ ടേപ്പ് ഉപയോഗിച്ച് കെട്ടിയനിലയിലായിരുന്നു വിഷ്ണുവിന്റെയും രശ്മിയുടെയും മൃതദേഹം. ഇതു സിറിഞ്ച് ടേപ്പ് ആണെന്നാണ് പൊലീസ് പറയുന്നത്. മരുന്നു കുത്തിവച്ചാണ് മരണമെന്നു സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. കെട്ടിപിടിച്ചു കിടക്കുന്ന നിലയിലായിരുന്നു മൃതദേഹങ്ങൾ. ആറുമാസമായി ദമ്പതികൾ ഇവിടെ വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു. ഇന്ന് രാവിലെ വിഷ്ണുവിന്റെ മാതാവ് ഇവരെ ഫോണിൽ വിളിച്ചിട്ട് കിട്ടിയില്ല. പിന്നാലെ മാതാവ് വീട്ടിലേക്ക് എത്തിയപ്പോൾ വീടിന്റെ വാതിൽ തുറന്നു കിടക്കുകയായിരുന്നു. എന്നാൽ ഇവരുടെ കിടപ്പുമുറി ഉള്ളിൽ നിന്നും പൂട്ടിയ നിലയിലായിരുന്നു. മൃതദേഹങ്ങൾക്കരികിൽ നിന്ന് സിറിഞ്ചുകൾ കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം ചെയ്യും. സംഭവത്തിൽ അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് അറിയിച്ചു.