മറിമായം എന്ന സീരിയലിലൂടെയാണ് നടി മഞ്ജു പത്രോസ് സിനിമാ ലോകത്തെത്തുന്നത്… ഒരു ഘട്ടത്തിൽ നടി മഞ്ജു പത്രോസ് മറിമായത്തിൽ നിന്നും ഒഴിവായി. അതെങ്ങനെയെന്ന മഞ്ജു തന്നെ പറയുന്നു… എനിക്ക് കണ്ണൂരിൽ ഒരു സിനിമയുടെ രണ്ടാമത്തെ ഷെഡ്യൂൾ ഉണ്ടായിരുന്നു. എനിക്ക് ചെയ്യാതിരിക്കാൻ പറ്റില്ല. ഞാൻ ഈ ഷെഡ്യൂളിൽ ഉണ്ടാകില്ലെന്ന് മറിമായത്തിന്റെ സംവിധായകനെ വിളിച്ച് പറഞ്ഞു. എൻ്റെ കഷ്ടകാലത്തിന് ആ ഡയരക്ടർ ആ മാസം മാറി.പിന്നെ വന്ന സംവിധായകനോട് പുള്ളി ഇത് കമ്മ്യൂണിക്കേറ്റ് ചെയ്തില്ല. ചിലപ്പോൾ ജോലിത്തിരക്ക് കൊണ്ട് മറന്ന് പോയതായിരിക്കും. ഞാൻ കണ്ണൂരിൽ ഷൂട്ടിന് നിൽക്കുമ്പോൾ ഞങ്ങൾ താഴെ നിൽക്കുകയാണെന്ന് പറഞ്ഞ് ഡ്രൈവറുടെ കോൾ വന്നു. ഞാൻ പേടിച്ച് പോയി. ഞാൻ കണ്ണൂരിലാണ്. ഈ ഷെഡ്യൂളിൽ ഉണ്ടാകില്ലെന്ന് വിളിച്ച് പറഞ്ഞതാണല്ലോ എന്ന് പറഞ്ഞു. ഇയാൾ ഉടനെ കൺട്രോളറെ വിളിച്ചു.
കൺട്രോളർ എന്നോട് ഭയങ്കരമായി ഷൗട്ട് ചെയ്തു. എന്ത് പണിയാണ് മഞ്ജു കാണിച്ചത് എന്നെല്ലാം പറഞ്ഞു.ആ പ്രസ്ഥാനത്തിൻ്റെ തൊഴിലാളിയാണ് ഞാൻ, അവർക്ക് വേണ്ടി ചെയ്യേണ്ടത് എന്റെ ബാധ്യതയാണെന്ന തരത്തിൽ സംസാരിച്ചു. എന്നെ രക്ഷിക്കാൻ വേണ്ടിയല്ല എനിക്ക് വർക്ക് തന്നത്. അവർക്ക് ഒരു ലേഡി ആർട്ടിസ്റ്റിനെ വേണമായിരുന്നു. ഡയരക്ടറെ വിളിച്ച് പറഞ്ഞതാണെന്ന് പറഞ്ഞപ്പോൾ ആ ഡയരക്ടറൊക്കെ മാറി വേറെ ആളാണെന്ന് അയാൾ. ഞാൻ ഡയരക്ടറെ വിളിച്ച് പറഞ്ഞപ്പോൾ അയ്യോ വിട്ടു പോയതാണ് സോറി എന്ന് വളരെ മര്യാദയോടെ പറഞ്ഞു. സിനിമയുടെ ഡയരക്ട്ടറോട് സ്ഥിരമുള്ള വർക്കാണ് എന്തെങ്കിലും ചെയ്യാൻ പറ്റുമോ എന്ന് ചോദിച്ചു. സ്ഥിരമുള്ള വർക്കല്ലേ. ഇന്ന് രാത്രി കയറിക്കോ ആ ഷൂട്ട് കഴിഞ്ഞിട്ട് ജോയിൻ ചെയ്താൽ മതിയെന്ന് അദ്ദേഹം പറഞ്ഞു.ഇയാളെ തിരിച്ച് വിളിച്ച് നാളെ വരാം എന്ന് പറഞ്ഞപ്പോൾ വേണ്ട, വേണ്ട നിങ്ങൾക്ക് പകരം ഞങ്ങൾ വേറെ ആളെ വെച്ചെന്ന് പറഞ്ഞു. എനിക്കത് ഭയങ്കര ഷോക്കിംഗ് ആയിപ്പോയി. എന്റെ കണ്ണ് നിറഞ്ഞു. ഞാൻ ഭയങ്കരമായി സ്നേഹിച്ച സ്പേസാണ്. അതെന്താണ് അങ്ങനെ ചെയ്തതെന്ന് ചോദിച്ചു, നിങ്ങൾക്ക് ഞങ്ങളോടല്ലല്ലോ കുറ്, സിനിമയിൽ അഭിനയിക്കുന്നതല്ലേ എന്ന് അയാൾ. ഓക്കെ ശരി എന്ന് പറഞ്ഞ് ഞാൻ ഫോൺ വെച്ചു. അടുത്ത ഷെഡ്യൂൾ ആയപ്പോൾ എന്നെ വിളിച്ചു. ഇന്നത് മുതൽ ഇന്നത് വരെ ആണേ ഷൂട്ട് എന്ന് പറഞ്ഞു.
ഞാനില്ലല്ലോ. വേറെ ആളെ വെച്ചു, ഇനി വരേണ്ടെന്ന് പറഞ്ഞിട്ടുണ്ടെന്ന് ഞാൻ പറഞ്ഞപ്പോൾ അത് ആ ഷെഡ്യൂളിൽ ആയിരിക്കുമെന്ന് അവർ.
ഒരാളോട് പറയുമ്പോൾ മര്യാദ വേണ്ടേ, ഞാൻ വ്യക്തമായി വിളിച്ച് പറഞ്ഞ കാര്യം നിങ്ങൾ കമ്മ്യൂണിക്കേറ്റ് ചെയ്യാത്തതിന് എന്നെ മാറ്റി വേറെ ആളെ വെച്ച സ്പേസിലേക്ക് ഞാൻ ഇനി വരില്ലെന്ന് പറഞ്ഞു. എല്ലാവരും എന്നെ വിളിച്ച് നീ വാ എന്ന് പറഞ്ഞ് സംസാരിച്ചിരുന്നു. വരാൻ പറ്റില്ലെന്ന് ഞാൻ തീർത്ത് പറഞ്ഞു. വേറെ സ്ഥലത്ത് ജോലി കിട്ടുമെന്ന ധൈര്യം എനിക്കുണ്ട്. ജോലി ചെയ്യാനറിയാം. മഴവിൽ മനോരമയിൽ നിന്ന് വന്നതല്ലേ ഇവൾക്ക് നമ്മൾ ഒരു അവസരം കൊടുത്തതല്ലേ എന്ന ധാർഷ്ട്യമാണ് അയാൾക്ക്. അടിമകളാക്കി വെക്കാമെന്നത്. അതെനിക്ക് സഹിക്കാൻ പറ്റില്ലെന്നും മഞ്ജു പത്രോസ് വ്യക്തമാക്കി.