അടുത്തിടെ കിടിലൻ അമ്മ വേഷങ്ങൾ അവതരിപ്പിച്ച് പ്രേക്ഷകരെ ഞെട്ടിച്ചിരിക്കുകയാണ് നടി മഞ്ജു പിളള. ഹോമിലെ കുട്ടിയമ്മ മുതലിങ്ങിട്ട് രസകരമായ കഥാപാത്രങ്ങളാണ് നടിയെ തേടി എത്തുന്നത്. അതേ സമയം മഞ്ജുവിന്റെ വ്യക്തി ജീവിതത്തിൽ നടക്കുന്ന സംഭവങ്ങളും മറുവശത്ത് വലിയ രീതിയിൽ ചർച്ചചെയ്യപ്പെടാറുണ്ട്. ഛായാഗ്രാഹകൻ സുജിത്ത് വാസുദേവും മഞ്ജു പിള്ളയും അവരുടെ ദാമ്പത്യ ജീവിതം അവസാനിപ്പിച്ചുവെന്ന് വെളിപ്പെടുത്തിയിരുന്നു. പിന്നാലെ ഇതിന് കാരണമെന്താണെന്ന ചോദ്യം ഉയർന്നെങ്കിലും മറുപടി പറയാൻ ഇരുവരും തയ്യാറായില്ല.
എന്നാൽ പിരിഞ്ഞ ശേഷവും യാതൊരു വെറുപ്പും ദേഷ്യവും കാണിക്കാതെ സൗഹൃദത്തോടെ മുന്നോട്ട് പോവുകയാണ് താരങ്ങൾ. ഇപ്പോഴും സുഹൃത്തുക്കളായി തുടരാൻ സാധിക്കുന്നത് എങ്ങനെയാണെന്ന ചോദ്യത്തിന് മറുപടി പറയുകയാണ് മഞ്ജുവിപ്പോൾ. മൂവി വേൾഡ് മീഡിയ എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലൂടെ സംസാരിക്കുമ്പോഴാണ് ദാമ്പത്യ ജീവിതത്തെ കുറിച്ചും വിവാഹമോചനത്തെ കുറിച്ചുമൊക്കെ മഞ്ജു പിള്ള മനസ് തുറന്നത്.സുജിത്തുമായിട്ടുള്ള ഡിവോഴ്‌സിനെ കുറിച്ച് ഇതുവരെ തുറന്ന് സംസാരിക്കാത്തത് അതൊക്കെ വളച്ചൊടിക്കപ്പെടുന്നത് കൊണ്ടാണെന്നാണ് നടി പറയുന്നത്. അടുത്തിടെ സുജിത്ത് ഒരു അഭിമുഖത്തിൽ പങ്കെടുക്കുമ്പോൾ ചോദിച്ചത് വളരെ ബാലിശമായ ചോദ്യങ്ങളായിരുന്നു. വ്യക്തി ജീവിതത്തെ കുറിച്ച് ചോദ്യങ്ങൾ ചോദിക്കുമ്പോൾ അവരും മനുഷ്യരാണെന്ന് ഓർമ്മിക്കണം. അവർക്കും വേദനകളും പ്രയാസങ്ങളും ഉണ്ടെന്ന് ഓർക്കണം.
സെലിബ്രിറ്റി ആയത് കൊണ്ട് പ്രൊഫഷണൽ ലൈഫ് നാട്ടുകാരുടേതാണ്. പേഴ്‌സണൽ ലൈഫ് എന്റേത് മാത്രമാണ്. അതിട്ട് പന്താടാൻ ഞാൻ തയ്യാറല്ല.ഞങ്ങൾ രണ്ടാളും രണ്ട് വ്യക്തിത്വങ്ങളാണ്. എനിക്കും സുജിത്തിനും ഞങ്ങൾ രണ്ട് പേരുടെ വീട്ടുകാർക്കും യാതൊരു കുഴപ്പങ്ങളുമില്ല. ഞങ്ങൾ ഇപ്പോഴും നല്ല കോൺടാക്ടിൽ നിൽക്കുന്ന കുടുംബമാണ്. അച്ഛനും അമ്മയും വന്നപ്പോൾ സുജിത്തിന്റെ ഫ്‌ളാറ്റിൽ പോയി കണ്ടിരുന്നു. ഫോണിൽ വിളിച്ച് സംസാരിക്കുകയും നേരിൽ കാണുകയുമൊക്കെ ചെയ്യുന്നവരാണ് ഞങ്ങൾ. അങ്ങനെ സൗഹൃദത്തോട് മുന്നോട്ട് പോകുന്നു എന്നതാണ് വലിയ കാര്യം. ഞങ്ങൾ രണ്ടാളെയും ഒരുമിച്ച് നിർത്തുന്നത് മകളാണ്… എനിക്കും അദ്ദേഹത്തിനും മനസമധാനം തരുന്ന തീരുമാനമായിരുന്നു ഡിവോഴ്‌സ്. അതെന്ത് കൊണ്ടും നല്ലതല്ലേ? ഡിവോഴ്‌സ് എന്നത് കോംപ്ലിക്കേഷനാണെന്ന് പറയുന്നത് വെറുതേയാണ്. എങ്ങനെ സാധിക്കുന്നു എന്ന് ചോദിക്കുന്നു. ഞങ്ങൾക്ക് അതിന് സാധിച്ചില്ലേ? നാളെ ഒരു സ്ഥലത്ത് കാണുമ്പോൾ ചിരിച്ച് ഷേക്ക് ഹാൻഡ് കൊടുത്തിട്ട് കെട്ടിപിടിക്കാൻ പറ്റണം എന്നതായിരുന്നു എന്റെ ആഗ്രഹം. അതിന് ഞങ്ങൾക്ക് സാധിക്കുന്നുണ്ട്. സുജിത്തിന്റെ സഹോദരൻ മരിച്ച സമയത്ത് ഞാനവിടെ മുഴുവൻ സമയത്തും ഉണ്ടായിരുന്നു. എന്നാൽ പുറത്ത് വന്ന വാർത്ത ഇവിടേക്ക് മഞ്ജുവും മകളും വരുമോ എന്നൊക്കെ ചോദിച്ചായിരുന്നു. ചിലപ്പോൾ ചിരിയൊക്കെ വരുമെങ്കിലും ഇതൊക്കെ എന്ത് തരം അവസ്ഥയാണെന്ന് ചോദിച്ചാൽ മനസിലാവില്ലെന്നാണ് നടി പറയുന്നത്.