മരിക്കുന്ന ദിവസം വരെയും സിനിമാ പ്രേമികൾക്കും ആരാധകർക്കും കലാഭവൻ നവാസ് ഒരു നടൻ മാത്രമായിരുന്നിരിക്കാം. മരണശേഷം ഓരോ കുടുംബത്തിലെയും ഒരംഗം എന്ന നിലയിൽ മാറാൻ അദ്ദേഹത്തിന് കഴിഞ്ഞു എങ്കിൽ ആ കലാകാരൻ ലക്ഷങ്ങളുടെ ഹൃദയത്തെ സ്പർശിച്ചു കടന്നുപോയി എന്നല്ലേ പറയാൻ കഴിയൂ. ദിവസങ്ങൾ കഴിഞ്ഞിട്ടും, നവാസിന്റെ മുഖമോർത്ത് ഉണരുന്നവരും, ആ ഓർമ നെഞ്ചിൽ തട്ടി നീറുന്നവരും ഒന്നും, അദ്ദേഹവുമായി രക്തബന്ധമോ സൗഹൃദമോ പങ്കിടുന്നവർ മാത്രമായിരിക്കില്ല. ഒരിക്കൽ പോലും നവാസിനെയും രഹ്നയെയും അവരുടെ കുടുംബത്തെയും നേരിട്ട് കണ്ടിട്ടില്ലാത്തവരാകും..വിവാഹം കഴിഞ്ഞ ശേഷം രഹ്ന വീട്ടമ്മയായും, നവാസ് നടനായും അവരുടെ ജീവിതം തുടർന്ന് വരികയായിരുന്നു. അറിയപ്പെടുന്ന നടിയായിരുന്ന രഹ്നയെ വിവാഹം കഴിഞ്ഞതും നവാസ് വീട്ടിലിരുത്തി എന്ന് ആക്ഷേപിച്ചവർക്ക് ഒടുവിൽ രഹ്നയാണ് മറുപടി നൽകിയത്.
കുഞ്ഞുങ്ങൾ എന്നും തന്റെ ദൗർബല്യമാണ്. അവരെ കൂടെ നടന്നു വളർത്തി വലുതാക്കാനും, തന്റെ ശ്രദ്ധ മുഴുവനും നൽകാനും ആഗ്രഹിച്ച അമ്മയായതു കൊണ്ട് നവാസിനോട് ഇനി അഭിനയിക്കുന്നില്ല എന്ന കാര്യം പറഞ്ഞത് രഹ്നയാണ്. ആ ആഗ്രഹത്തിന് നവാസും എതിർപ്പ് പ്രകടിപ്പിച്ചില്ല. രണ്ട് പതിറ്റാണ്ടുകളുടെ ആ പതിവിന് പക്ഷേ ഈ വർഷം തിരശീല വീണിരുന്നു…നവാസും രഹ്നയും കൂടി ഒരു സിനിമയും ഒരു സംഗീത വീഡിയോയും അഭിനയിച്ചു തീർത്തു. രണ്ടിലും ആ ദമ്പതികൾ തന്നെ ജോഡിയായി വേഷമിട്ടു. നീണ്ട നാളുകൾക്ക് ശേഷം ക്യാമറയ്ക്കു മുന്നിൽ, അതും ഭർത്താവിന്റെ കൂടെ അഭിനയിച്ചപ്പോൾ, ചിരിയടക്കാൻ കഴിഞ്ഞില്ല എന്ന് രഹ്ന പറഞ്ഞിരുന്നു. ‘ഇഴ’ എന്നാണ് അവർ ഒന്നിച്ചഭിനയിച്ച ആ സിനിമയുടെ പേര്. നവാസിന്റെ മരണ ശേഷം ആ ചിത്രം പ്രേക്ഷകരുടെ മുന്നിലുമെത്തി. അതേപ്പറ്റി പറയുമ്പോൾ, സംവിധായകൻ സിറാജ് റേസക്കും കണ്ഠമിടറുന്നു. ഒരു സിനിമ റിലീസ് ചെയ്യുമ്പോൾ ഉണ്ടാവേണ്ട സന്തോഷം ഒരു തരിപോലും അനുഭവിക്കാൻ കഴിയാത്ത അവസരത്തിലാണ് അവർ…’ഒട്ടും സന്തോഷിക്കാനുള്ള ഒരു മാനസികാവസ്ഥയിലൂടെ അല്ല ഇപ്പോൾ പോയിക്കൊണ്ടിരിക്കുന്നത് എന്നിരിക്കെ, നവാസ്ക്കയും, രഹ്നയും ഒരുമിച്ച് അഭിനയിച്ച ‘ഇഴ’ സിനിമ ഏത് പ്ലാറ്റുഫോമിലാണ് ഇനി കാണാൻ കഴിയുക എന്നുള്ള ഒരുപാടു പേരുടെ ഫോൺ വിളികളും, മെസ്സേജുകളും വന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ‘ഇഴ’ റേസ എന്റർടൈൻമെന്റ് യൂട്യൂബ് ചാനലിൽ റിലീസ് ചെയ്തിട്ടുണ്ട്’ എന്ന് സംവിധായകൻ കുറിച്ച വാക്കുകൾ. ഇതിൽക്കയറി സിനിമ കാണാൻ കയറിയാൽ, നവാസിനെ സ്നേഹിക്കുന്നവർ എത്രത്തോളമുണ്ട് എന്ന് ആ ചിത്രത്തിന്റെ കമന്റ് ബോക്സ് തെളിയിക്കും…’നവാസിക്ക മരിച്ചില്ല എന്ന് കരുതുക’, ‘ഒരിക്കലും മറക്കാത്ത നവാസിക്കടെ സൂപ്പർ സിനിമ, ‘നവാസ് ഇക്കാക്കും രഹ്‌നക്കും വേണ്ടി മാത്രമാണ് ഈ മൂവി ഇറങ്ങിയത്’, ‘ഒരു വിങ്ങലോടെയല്ലാതെ ഈ ചിത്രം ആർക്കും കണ്ട് തീർക്കാൻ പറ്റില്ല.
ജീവിച്ചു കൊതി തീരാതെയാണ് നവാസ് ഇക്ക നമ്മോട് വിടവാങ്ങിയത്’ എന്നിങ്ങനെ കമന്റ് കുറിച്ച ഓരോരുത്തരും ഹൃദയവേദനയോടെയാണ് അവരുടെ വാക്കുകൾ രേഖപ്പെടുത്തിയിട്ടുള്ളത്. പെട്ടെന്നുണ്ടായ ഹൃദയാഘാതത്തെ തുടർന്ന്, ഷൂട്ടിംഗ് പാക്കപ്പ് ആയ വേളയിലാണ് നവാസ് പൊടുന്നനെ വിടവാങ്ങിയത്…ഒരു മകളുടെയും രണ്ടാണ്മക്കളുടെയും മാതാപിതാക്കളാണ് കലാഭവൻ നവാസും രഹ്നയും. നടൻ കലാഭവൻ നിയാസ്, നവാസിന്റെ സഹോദരനാണ്. ‘ഇഴ’ എന്ന ചിത്രം യൂട്യൂബ് റിലീസിന് മണിക്കൂർ തിയാകും മുൻപേ മൂന്നേകാൽ ലക്ഷത്തിലധികം പേര് കണ്ടുകഴിഞ്ഞു. ‘മറന്നുവോ സഖീ…’ എന്ന ഗാനം നവാസിന്റെ ആലാപനത്തിലാണ് പുറത്തിറങ്ങിയത്