യെമൻ ജയിലിലുള്ള മലയാളി നഴ്സ് നിമിഷപ്രിയയുടെ മോചനത്തിനായി ഇടപെട്ട ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരെ പ്രശംസിച്ച് കേരളം. യെമനിൽ നിമിഷ പ്രിയയുടെ വധശിക്ഷ നീട്ടിവയ്പ്പിച്ചതിനും അവരുടെ മോചനത്തിനായുള്ള പരിശ്രമം തുടരുന്നതിനും ഇടെയാണ് കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരെ പ്രശംസിച്ച് വിവിധ മന്ത്രിമാരും പ്രതിപക്ഷ നേതാക്കളുമടക്കമുള്ളവരും രംഗത്ത് വന്നത്. ഇന്ത്യയുമായി നയതന്ത്ര ബന്ധങ്ങളൊന്നും ഇല്ലാത്തത് യെമനിലെ ചർച്ചകൾ വഴിമുട്ടിയിരുന്നു. ഇതിനിടെ നിമിഷയുടെ വധശിക്ഷ ജൂലൈ 16ന് നടപ്പാക്കുമെന്ന തീരുമാനവും എത്തി. ഇങ്ങനെ എല്ലാ പ്രതീക്ഷയും അവസാനിച്ച് എന്ന് കരുതിയിടത്താണ് കാന്തപുരത്തിന്റെ ശ്രദ്ധേയ ഇടപെടൽ ഉണ്ടായത്.അറബ് രാഷ്ട്രങ്ങളിൽ വിശാലമായ ബന്ധമുള്ള കാന്തപുരം പ്രമുഖ ഇസ്ലാമിക പണ്ഡിതനും യെമെന്റെ ആഗോള മുഖവുമായ ഷെയ്ഖ് ഹബീബ് ഉമർ ബിൻ ഹഫീൾ വഴിയാണ് ഇടപെടലിന് ശ്രമിച്ചത്.കാന്തപുരവുമായി പതിറ്റാണ്ടുകൾ നീണ്ട സൗഹൃദവും കൂടിയുള്ള ഷെയ്ഖ്
ഹബീബ് ഉമർ ബിൻ ഹഫീൾ ഇടപെട്ടതോടെ ചർച്ചകൾക്ക് വേഗം കൂടി. ആദ്യമായി തലാലിന്റെ കുടുംബം ചർച്ചക്ക് തയാറായതും ഷെയ്ഖ് ഹബീബിന്റെ ഇടപെടൽ കൊണ്ട് മാത്രമാണ്. ഇതിനിടെയാണ് വധശിക്ഷ നീട്ടിവയ്ക്കാനുള്ള തീരുമാനം വന്നത്. ഇതിന്റെ രേഖകൾ കാന്തപുരം തന്നെ പുറത്ത് വിടുകയും ചെയ്തിരുന്നു.എല്ലാ പ്രതീക്ഷയും അവസാനിച്ചിടത്ത് നിന്ന് പ്രതീക്ഷയുടെ നേർത്ത വെളിച്ചമായി ആയി ഈ തീരുമാനം മാറി. ഇതോടെ കേരളം മുഴുവനായി കാന്തപുരത്തെ പ്രശംസിക്കുകയാണ്.
കാന്തപുരത്തിന്റെ ഇടപെടലിനെ വാഴ്ത്തി മുഖ്യമന്ത്രി, മന്ത്രിമാരായ വീണാ ജോർജ്, ആർ ബിന്ദു, വി ശിവൻകുട്ടി, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ശശി തരൂർ തുടങ്ങി നിരവധി നേതാക്കളാണ് രംഗത്തെത്തിയത്. മനുഷ്യസ്നേഹത്തിന്റെ മഹദ് സന്ദേശത്തിന്റെ കേരളത്തിന്റെ മാതൃകയുടെ യഥാർത്ഥ രൂപമാണ് കാന്തപുരത്തിന്റെ ഇടപെടലെന്നാണ് ഇവർ അഭിപ്രായപ്പെട്ടത്. സമൂഹമാധ്യമത്തിൽ കാന്തപുരം ഉസ്താദിന്റെ ചിത്രമുൾപ്പടെ പങ്കുവെച്ചാണ് നേതാക്കളുടെ പ്രതികരണം.യമനിലെ സൂഫി പണ്ഡിതൻ ഷെയ്ക്ക് ഹബീബ് ഉമർ ബിൻ ഹാഫിസുമായി കാന്തപുരം നടത്തിയ ചർച്ചകൾക്കൊടുവിലാണ് നിർണായക തീരുമാനം പുറത്തുവന്നത്. ഇതിന് പിന്നാലെ വസാബിയിലെ ഷെയ്ഖ് ഇടപെട്ടതോടെ നിമിഷപ്രിയയുടെ വധശിക്ഷ മാറ്റി വയ്ക്കുകയാണെന്നും പുതിയ തീയതി പിന്നീട് അറിയിക്കുമെന്നും അറ്റോണി ജനറൽ ഉത്തരവ് പുറപ്പെടുവിച്ചു.
തലാലിന്റെ കുടുംബവുമായി ചർച്ചകൾ തുടരണമെന്നാണ് നിമിഷപ്രിയയുടെ കുടുംബത്തിന് നൽകിയിരിക്കുന്ന നിർദേശം. തലാലിന്റെ കുടുംബത്തിന്റെ അനുമതി ഇല്ലാതെയാണ് നിലവിൽ വധശിക്ഷ മാറ്റിവച്ച ഉത്തരവിറങ്ങിയതും. ദയാധനം സ്വീകരിക്കുന്നതിലോ മാപ്പ് നൽകുന്നതിലോ അന്തിമ തീരുമാനവും പുറത്തുവന്നിട്ടില്ല. യെമനിലെ നിമിഷ പ്രിയയുടെ വധശിക്ഷ മാറ്റിവെച്ച വിവരം വിദേശകാര്യ മന്ത്രാലയവും സ്ഥിരീകരിച്ചു. യെമൻ പൗരനെ കൊലപ്പെടുത്തിയ കേസിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുകയാണ് നിമിഷപ്രിയ. നാളെയാണ് വധശിക്ഷ നടപ്പിലാക്കാനുള്ള തീയതി നിശ്ചയിച്ചിരുന്നത്. വിധി നടപ്പാക്കാൻ മണിക്കൂറുകൾ മാത്രം അവശേഷിക്കെയാണ് വിധി നടപ്പാക്കുന്നത് മാറ്റിവച്ചതായുള്ള അറിയിപ്പ് വന്നത്. 2017 ജൂലൈ 25നാണ് കൊലപാതകം നടന്നത്. യെമനിൽ ഹൂതികളുടെ നിയന്ത്രണത്തിലുള്ള പ്രദേശത്താണ് നിമിഷപ്രിയ തടവിൽ കഴിയുന്നത്. ഉത്തര യെമനിലെ ഗോത്രവിഭാഗങ്ങൾക്കിടയിൽ വൈകാരികത ആളിക്കത്തിയ വിഷയം കൂടിയായിരുന്നു തലാലിന്റെ മരണം. യെമൻ പൗരനായ തലാൽ അബ്ദുമഹ്ദിയെ 2017 ജൂലൈയിൽ നിമിഷപ്രിയയും കൂട്ടുകാരിയും ചേർന്നു കൊലപ്പെടുത്തി മൃതദേഹം വീടിനുമുകളിലെ ജലസംഭരണിയിൽ ഒളിപ്പിച്ചുവെന്നതാണ് കേസ്. പാലക്കാട് തേക്കിൻചിറ സ്വദേശിയാണ് നിമിഷപ്രിയ. തലാലിന്റെ വധവുമായി ബന്ധപ്പെട്ട കേസിൽ പിടിയിലായ നിമിഷപ്രിയയെ വിചാരണയ്ക്കു ശേഷം 2020 ലാണ് കോടതി വധശിക്ഷയ്ക്ക് വിധിച്ചത്. ഈ തീരുമാനം പിന്നീട് ഹൂതി സുപ്രീം കൗൺസിലും അംഗീകരിച്ചിരുന്നു.