മിന്നൽ കണ്ടക്ടർ, ബസിൽ നിന്ന് പുറത്തേക്ക് വീഴാൻ പോയ യാത്രക്കാരനെ രക്ഷിച്ച് കണ്ടക്ടർ, സമൂഹ മാധ്യമങ്ങളിൽ അഭിനന്ദന പ്രവാഹം

ബസിൽ നിന്ന് പുറത്തേക്ക് വീഴാൻപോയ യാത്രക്കാരനെ മിന്നല്‍വേഗത്തിൽ ഒറ്റക്കൈ കൊണ്ട് പിടിച്ചു കയറ്റുന്ന കണ്ടക്ടറുടെ വിഡിയോ വൈറൽ. ചവറ -അടൂർ -പന്തളം റൂട്ടിൽ സർവീസ് നടത്തുന്ന ‘സുനിൽ’ ബസിലെ സംഭവം നാടറിഞ്ഞതോടെ കണ്ടക്ടർ ബിജിത്ത് ലാൽ താരമായി.

ഇന്നലെ ഉച്ചയ്ക്ക് പന്തളം- ചവറ റൂട്ടില്‍ ഓടുന്ന ബസില്‍ കാറാളിമൂക്കില്‍ വച്ചാണ് സംഭവം. ബസിന്റെ പിന്നിലെ ഡോറിന് അരികില്‍ നിന്ന യാത്രക്കാരനെയാണ് കണ്ടക്ടർ അത്ഭുതകരമായി രക്ഷപ്പെടുത്തിയത്. യാത്രയ്ക്കിടെ നിയന്ത്രണംവിട്ട് വീണ് വാതിലിന്റെ ലോക്ക് തുറന്ന് പുറത്തേയ്ക്ക് വീഴാന്‍ പോയ യാത്രക്കാരനെയാണ് കണ്ടക്ടർ രക്ഷിച്ചത്.

ടിക്കറ്റ് നല്‍കി ബാലന്‍സ് വാങ്ങുന്നതിനിടെയാണ് യാത്രക്കാരന് ബാലന്‍സ് നഷ്ടപ്പെട്ടത്. വീഴുന്നത് കണ്ട് ഉടന്‍ തന്നെ ഒറ്റക്കൈ കൊണ്ട് യാത്രക്കാരനെ കണ്ടക്ടർ ബസിലേക്ക് പിടിച്ചുകയറ്റുകയായിരുന്നു. വീഡിയോ വൈറലായതിന് പിന്നാലെ മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥർ നേരിട്ടെത്തി കണ്ടക്ടർ ബിജിത്ത് ലാലിനെ അഭിനന്ദിച്ചു.

ബസിന്റെ പിന്നിലൂടെ കയറിയ യാത്രക്കാരൻ ടിക്കറ്റ് എടുത്ത ശേഷം മുന്നോട്ട് പോകാൻ ശ്രമിക്കുന്നതിനിടെയാണ് വീഴാൻ പോയത്. യാത്രക്കാരന്റെ കൈതട്ടി ഡോർ തുറക്കുകയും ചെയ്തു. നോക്കാൻ പോലും സമയം ലഭിക്കുന്നതിന് മുമ്പ് കണ്ടക്ടർ കൈ നീട്ടി പിടിക്കുകയായിരുന്നു. വർഷങ്ങളായി ബസിൽ ജോലി ചെയ്യുന്ന തനിക്ക് ആദ്യമായിട്ടാണ് ഇത്തരത്തിലൊരു അനുഭവമുണ്ടാകുന്നതെന്ന് കണ്ടക്ടർ പറയുന്നു.

‘‘പെട്ടെന്ന് എനിക്ക് പിടിക്കാന്‍ കഴിഞ്ഞതല്ല. അന്നേരത്തെ റിയാക്ഷനില്‍ അങ്ങനെ തോന്നിപ്പോയതാണ്. യാത്രക്കാരന്‍ ടിക്കറ്റ് എടുത്ത ശേഷം ബാലന്‍സ് വാങ്ങാന്‍ നില്‍ക്കുമ്പോഴാണ് സംഭവം. ബാലന്‍സ് ഇനി എത്രയാണ് തരാനുള്ളത് എന്ന് ചോദിക്കാനിരിക്കേ, ഒരു വളവ് വന്നു. വളവില്‍ വച്ച് യാത്രക്കാരന്‍ ബാലന്‍സ് തെറ്റി വീഴുകയായിരുന്നു. എനിക്ക് നോക്കാനുള്ള സമയം ഒന്നും കിട്ടിയില്ല. എന്നാല്‍ എനിക്ക് പെട്ടെന്ന് തോന്നിയ റിയാക്ഷനില്‍ കൈയില്‍ കയറി പിടിക്കുകയായിരുന്നു. യാത്രക്കാരന്റെ വലതുകൈ ആണ് എനിക്ക് ലഭിച്ചത്. നിരവധിപ്പേര്‍ വിളിച്ച് അഭിനന്ദിച്ചു’’- കണ്ടക്ടർ മാധ്യമങ്ങളോട് പറഞ്ഞു.

Scroll to Top