പലതരം വിഷപ്പാമ്പുകളെ മുൻപ് പിടികൂടിയിട്ടുണ്ടെങ്കിലും രാജവെമ്പാലയെ പിടിക്കുന്നത് ആദ്യമായിട്ടെന്ന് ബീറ്റ് ഫോറസ്റ്റ് ഓഫിസർ ജി.എസ്. റോഷ്‌നി. തിരുവനന്തപുരം വിതുര പരുത്തിപ്പള്ളി റേഞ്ച് പരിധിയിൽ വരുന്ന ആര്യനാട് പാലോട് സെക്‌ഷനിലെ പേപ്പാറ റോഡിൽ മരുതൻ മൂടിയിൽനിന്നാണ് റോഷ്‌നി ഉൾപ്പെട്ട സംഘം 18 അടിയോളം നീളമുള്ള രാജവെമ്പാലയെ പിടികൂടിയത്. പാമ്പുകളെ ശാസ്ത്രീയമായി പിടികൂടി ഉൾവനത്തിൽ തുറന്നുവിടുന്നതിന് വനംവകുപ്പ് കൃത്യമായി പരിശീലനം നൽകിയിട്ടുണ്ടെന്നും ആ രീതിയിലാണ് പിടികൂടിയതെന്നും റോഷ്‌നി പറയുന്നു. ആളുകൾ കുളിക്കുന്ന സ്ഥലത്ത് പാമ്പിനെ കണ്ടുവെന്ന് അറിയിപ്പ് ലഭിച്ചതിന് പിന്നാലെ റോഷ്‌നി ഉൾപ്പെട്ട സംഘം സ്ഥലത്തെത്തുകയായിരുന്നു. 20 കിലോയോളം ഭാരവും 18 അടിയോളം നീളവുമുള്ള രാജവെമ്പാലയെ വിതുര വനാതിർത്തിയിൽ നിന്ന് വനം വകുപ്പിന്റെ ദ്രുതപ്രതികരണ സേനയുടെ ഭാഗമായ ബീറ്റ് ഫോറസ്റ്റ് ഓഫിസർ ജി.എസ്.റോഷ്‌നി, സെക്‌ഷൻ ഫോറസ്റ്റ് ഓഫിസർ കെ.പി.പ്രദീപ് കുമാർ, വാച്ചർമാരായ ഷിബു, സുഭാഷ് എന്നിവരുടെ നേതൃത്വത്തിലാണ് പിടികൂടി കൂട്ടിലാക്കിയത്. രാജവെമ്പാലയെ ഉൾക്കാട്ടിൽ തുറന്നു വിട്ടു. 2017ൽ ബീറ്റ് ഫോറസ്റ്റ് ഓഫീസറായാണ് റോഷ്നി ജോലിക്കു കയറിയത്. 2019-ലാണ് വനംവകുപ്പ് സുരക്ഷിതമായി എങ്ങനെ പാമ്പിനെ പിടിക്കാമെന്നതിൽ പരിശീലനം നൽകിയത്.
അതിനു ശേഷം പെരുമ്പാമ്പ്, അണലി എന്നിവയുൾപ്പെടെയുള്ള പാമ്പുകളെ റോഷ്നി പിടികൂടി. പാമ്പുകൾ മനുഷ്യവാസമുള്ള സ്ഥലങ്ങളിൽ പെട്ടുപോകുന്നതാണ്. പിടികൂടുന്ന പാമ്പുകളെ അവയുടെ ആവാസവ്യവസ്ഥയിലേക്കു സുരക്ഷിതമായി എത്തിക്കും. പാമ്പിനെ പിടികൂടുന്നതിനായി ടൂൾ കിറ്റും വനംവകുപ്പ് നൽകിയിട്ടുണ്ട്. ബാഗ്, പി.വി.സി. പൈപ്പ്, കൊളുത്ത് ഉൾപ്പെടെയുള്ള ഉപകരണങ്ങളാണ് കിറ്റിലുള്ളത്. ആയിരത്തോളം പാമ്പുകളെ ഇതുവരെ റോഷ്നി പിടികൂടിയിട്ടുണ്ട്. വനംവകുപ്പിൽ വന്നതിനു ശേഷമാണ് പാമ്പുകളെ പിടിക്കാനുള്ള ലൈസൻസ് എടുത്തത്. ലൈസൻസ് എടുക്കുമ്പോൾ റോഷ്നിയുടെ വീട്ടുകാർക്ക് ഒക്കെ പേടിയായിരുന്നു. പക്ഷേ റോഷ്നിക്ക് ഉള്ളിൽ ഒരു ആത്മവിശ്വാസവും ഉണ്ടായിരുന്നു. പാമ്പുകൾ ഉൾപ്പെടെയുള്ള വന്യമൃഗങ്ങളെ എല്ലാം തന്നെ ഇഷ്ടമാണ്. ഇഷ്ടമില്ലെങ്കിലാണ് അവയെ തൊടാനൊക്കെ അറയ്ക്കുന്നത്. ഇപ്പോൾ കൂടുതൽ പേർ വൊളന്റിയേഴ്‌സ് ആയി എത്തുന്നുണ്ട്. അതുകൊണ്ടു തന്നെ കൂടുതൽ ജീവൻ രക്ഷിക്കാൻ വനംവകുപ്പിന് കഴിയുന്നുണ്ട്. വന്യമൃഗങ്ങളെ രക്ഷിച്ച് പുനരധിവസിപ്പിക്കുന്ന റാപ്പിഡ് റെസ്‌പോൺസ് ടീമിലേക്ക് മാറ്റം ചോദിച്ച് വാങ്ങുകയായിരുന്നു. നിലവിൽ കുറ്റിച്ചൽ പരുത്തിപ്പള്ളി റേഞ്ച് ഓഫീസിലാണ് റോഷ്നി ജോലി ചെയ്യുന്നത്. സഹകരണ വകുപ്പിലെ സീനിയർ ഇൻസ്‌പെക്ടർ സജിത് കുമാറാണ് ഭർത്താവ്. വിദ്യാർഥികളായ രണ്ടു മക്കളുമുണ്ട്. പ്രാദേശികമായി പാമ്പിനെ പിടിക്കുന്നവരും മൂന്നു വർഷം മുൻപ് നടന്ന പരിശീലനത്തിൽ പങ്കെടുത്തിരുന്നു. ജില്ലയിൽ പരിശീലനം ലഭിച്ച പത്തോളം പാമ്പുപിടിത്തക്കാർ സേവനത്തിനുണ്ട്.സാധാരണ പാമ്പിനെ പിടിക്കുന്ന ചിത്രങ്ങളും ദൃശ്യങ്ങളും എടുക്കാൻ റോഷ്‌നി അനുവദിക്കാറില്ല. ബീറ്റ് ഫോറസ്റ്റ് ഓഫീസർ റോഷ്‌നി പാമ്പിനെ പിടികൂടുന്ന ദൃശ്യങ്ങൾ കാട്ടാക്കടയിൽ അനുവാദമില്ലാതെ ആരോ എടുത്തു. അതോടെ മൂർഖൻ പാമ്പിനെ റോഷ്നി പിടികൂടുന്ന വീഡിയോ സാമൂഹികമാധ്യമങ്ങളിൽ വൈറലായി. അതോടെ റോഷ്നിയും വൈറലായി.