സുരേഷേട്ടനെ എനിക്ക് ഇഷ്ടമാണ്, ഇത് ജനാധിപത്യ രാജ്യമാണല്ലോ, മതത്തിന്റെ പേരിൽ തല്ലുകൂടാത്ത ഇന്ത്യയിലെ ഒരേയൊരു സംസ്ഥാനമാണ് കേരളം, സുരേഷ് ഗോപിയുടെ വിജയത്തിൽ പ്രതികരിച്ച് നടൻ സന്തോഷ് കീഴാറ്റൂർ

ഇടതു പക്ഷ കാഴ്ചപ്പാടുള്ള ഒരു നടനാണ് സന്തോഷ് കീഴാറ്റൂർ. രാഷ്‌ട്രീയത്തിന്റെ പേരിലും മതത്തിന്റെ പേരിലും അദ്ദേഹം നടത്തി ചില പ്രസ്താവനകൾ ഏറെ വിവാദവും ആയിട്ടുണ്ട്. നടൻ ഉണ്ണി മുകുന്ദൻ പോസ്റ്റ് ചെയ്ത ഹനുമാൻ ജയന്തി ആശംസയ്‌ക്ക് കീഴിൽ സന്തോഷ് കീഴാറ്റൂർ കുറിച്ച പരിഹാസ കമന്റ് വലിയ വിവാദമായിരുന്നു. പ്രതിഷേധം ഇരമ്പിയതോടെ താരം മാപ്പും പറഞ്ഞു. ഇപ്പോഴിതാ, സുരേഷ് ഗോപിയുടെ വിജയത്തിൽ പ്രതികരിക്കുകയാണ് നടൻ. ഒരു മനുഷ്യസ്നേഹി എന്ന നിലയിൽ സുരേഷ് ഗോപിയുടെ വിജയത്തിൽ സന്തോഷമുണ്ടെന്നും കേരളത്തിന്റെ മതേതരത്വം അദ്ദേഹം കാത്തുസൂക്ഷിക്കുമെന്ന് വിശ്വസിക്കുന്നുവെന്നുമാണ് സന്തോഷ കീഴാറ്റൂരിന്റെ പ്രതികരണം.

“സുരേഷേട്ടനെ എനിക്ക് ഇഷ്ടമാണ്. ഇത് ജനാധിപത്യ രാജ്യമാണല്ലോ. ജനങ്ങളാണ് അദ്ദേഹത്തെ വോട്ട് ചെയ്ത് വിജയിപ്പിച്ചത്. സുരേഷേട്ടന്റെ രാഷ്‌ട്രീയവും എന്റെ രാഷ്‌ട്രീയം തമ്മിൽ ഒരു തരത്തിലും യോജിക്കില്ല. രണ്ടുപേരും വ്യത്യസ്തമായ ആശയത്തിലൂടെയാണ് പോകുന്നത്. ഒന്ന് രണ്ട് സിനിമകളിൽ അദ്ദേഹവുമായി ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. കീഴാറ്റൂർ സമരം നടക്കുമ്പോൾ അവിടെ വന്ന സമയത്ത് എന്നെ കണ്ട ആളാണ് സുരേഷേട്ടൻ. രാഷ്‌ട്രീയക്കാരൻ എന്നതിലപ്പുറം നല്ലൊരു മനുഷ്യൻ എന്ന നിലയിലാണ് ഞാൻ അദ്ദേഹത്തെ കാണുന്നത്. സമൂഹത്തിനു വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന് ആഗ്രഹിക്കുന്നത് വളരെ അപൂർവ്വം ആൾക്കാരാണ്”.

“സുരേഷേട്ടൻ ജയിച്ചു വരുമ്പോൾ നല്ലൊരു പ്രതീക്ഷയുണ്ട്. പക്ഷേ അദ്ദേഹം മറ്റൊരു തരത്തിൽ എവിടെയും ലോക്കായി പോകാൻ പാടില്ല. അദ്ദേഹം നല്ല ഭരണാധികാരി മന്ത്രിയും രാഷ്‌ട്രീയക്കാരനും ആകണം. കേരളം കാത്തുസൂക്ഷിക്കുന്ന വലിയ ഒരു മതേതരത്വം ഉണ്ട്. മതത്തിന്റെ പേരിൽ തമ്മിൽ തല്ലുകൂടാത്ത ഇന്ത്യയിലെ നല്ലൊരു സംസ്ഥാനമാണ് കേരളം. അതിൽ മാറ്റം ഉണ്ടാവില്ല എന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്. മതേതരത്വം കാത്തുസൂക്ഷിക്കുന്ന ഒരു രാഷ്‌ട്രീയക്കാരനായി സുരേഷേട്ടൻ മാറണം. ജനങ്ങൾക്ക് ഇഷ്ടമുള്ളത് കൊണ്ടാവണമല്ലോ അദ്ദേഹത്തെ വോട്ട് ചെയ്തു വിജയിപ്പിച്ചത്. അതിനെ ഞാൻ സ്വാഗതം ചെയ്യുന്നു”- സന്തോഷ് കീഴാറ്റൂർ പറഞ്ഞു.

Scroll to Top