12 വർഷം കൂടെയുണ്ടായിരുന്ന സഹചാരി പടിയിറങ്ങുന്നു, നിറമിഴിയോടെ യാത്രാമൊഴി നൽകി താരകല്യാൺ

പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട കുടുംബമാണ് താരാ കല്യാണിന്റേത്. ഇന്നത്തെ തലമുറ ഒരുപക്ഷേ താര കല്യാണിനെ കൂടുതൽ പരിചയിച്ചത് സൗഭാഗ്യയുടെ അമ്മയായും സുധാപ്പൂവിന്റെ അമ്മൂമ്മയായും ആയിരിക്കും. എന്നാൽ, അതിനു മുൻപുള്ള തലമുറ നർത്തകിയും നടിയും എന്ന നിലയിലാണ് താരാ കല്യാണിന്റെ മുഖം കണ്ടിട്ടുള്ളത്. മകളും മരുമകനും കൊച്ചുമകളും എല്ലാം സോഷ്യൽ മീഡിയ താരങ്ങൾ

അടുത്തിടെ ഒരു വലിയ ശസ്ത്രക്രിയയും, അതിൽ നിന്നും ശബ്ദം വീണ്ടെടുക്കാനുള്ള ശ്രമവും എല്ലാമായി താര കല്യാൺ ഒരു വലിയ കടമ്പ കടന്നതേയുണ്ടായിരുന്നുള്ളൂ. ഇപ്പോൾ വീണ്ടുമൊരു പോസ്റ്റുമായി താരാ കല്യാൺ വരുന്നു. 12 വർഷം കൂടെയുണ്ടായിരുന്ന, പ്രിയപ്പെട്ട രാജാ ചേട്ടന്റെ ജന്മദിനവുമായി ചേർന്നുകിടക്കുന്ന ഒരോർമ. 12 വർഷത്തെ ആ സഹചാരി താര കല്യാണിന്റെ വീടിന്റെ പടിയിറങ്ങി പോയിരിക്കുന്നു; എന്നന്നേക്കുമായി. അനുഗ്രഹിച്ച്, ആശീർവദിച്ച്‌ വിട്ടുവെങ്കിലും ആ വീട്ടിൽ നിന്നും എന്നന്നേക്കുമായി ആ പ്രിയ ഹോണ്ട സിറ്റി നീങ്ങുമ്പോൾ താരാ കല്യാണിന്റെ കണ്ണുകൾ നിറഞ്ഞു

കൊച്ചിയിൽ നിന്നുമാണ് ഈ ഹോണ്ട സിറ്റി താരാ കല്യാണിന്റെ തിരുവനന്തപുരത്തെ വീട്ടുമുറ്റത്തേക്കെത്തിയത്. അന്നത് താരയുടെ മാത്രം ആഗ്രഹമായിരുന്നു. എന്നാൽ, യാദൃശ്ചികമായി കാർ സ്വന്തമാക്കിയ ദിവസം ഭർത്താവ് രാജാ വെങ്കിടേഷിന്റെ ജന്മദിനം കൂടിയായിരുന്നു

12 വർഷത്തെ ഒന്നിച്ചുള്ള യാത്രയിൽ താരാ കല്യാണിന്റെ ഒപ്പം നിരവധി പുണ്യസ്ഥലങ്ങൾ സന്ദർശിക്കാൻ ഭാഗ്യം സിദ്ധിച്ച വാഹനം കൂടിയാണിത്. താക്കോൽ പൂജ ഗുരുവായൂർ ക്ഷേത്രത്തിൽ വച്ചായിരുന്നു. ഗുരുവായൂർ ക്ഷേത്രം, ചോറ്റാനിക്കര, പൂർണത്രയീശൻ, എറണാകുളത്തപ്പൻ, പത്മനാഭ സ്വാമി ക്ഷേത്രം, ശ്രീകണ്ഠേശ്വരം, ആറ്റുകാൽ തുടങ്ങി നിരവധി ക്ഷേത്രങ്ങൾ സന്ദർശിച്ചത് ഈ കാറിലാണ്

ഈ കാർ എക്സ്ചേഞ്ച് ചെയ്ത് പുത്തൻ കാർ വാങ്ങാനുള്ള തീരുമാനമെടുത്തതും താരാ കല്യാൺ ആണ്. കാർ ഏറ്റുവാങ്ങാനെത്തിയ സുരേഷ് എന്ന വ്യക്തിയും അത്യന്തം ഭക്തിയോടും ബഹുമാനത്തോട് കൂടിയുമാണ് കാർ സ്വീകരിച്ചത്.

Scroll to Top