ഒരുമിച്ചുള്ള യാത്ര തുടങ്ങിയിട്ട് 23 വർഷങ്ങൾ, കേക്ക് മുറിച്ച് നൽകി മോഹൻലാൽ, ചിപ്പിയുടെയും രഞ്ജിത്തിന്റേയും വിവാഹ വാർഷികം ആഘോഷമാക്കി താരങ്ങൾ

ചിപ്പിയുടെയും രഞ്ജിത്തിന്റെയും 23ാം വിവാഹവാർഷികം ആഘോഷമാക്കി മോഹൻലാലും എൽ360 സിനിമയുടെ അണിയറ പ്രവർത്തകരും. തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന പുതിയ മോഹൻലാൽ ചിത്രത്തിന്റെ ലൊക്കേഷനിൽ വച്ചായിരുന്നു ഇവരുെട വിവാഹവാർഷികാഘോഷം. രജപുത്ര ഫിലിംസിന്റെ ബാനറിൽ എം. രഞ്ജിത്ത് ആണ് ഈ മോഹൻലാൽ ചിത്രം നിർമിക്കുന്നത്.

മോഹൻലാൽ, തരുൺ മൂർത്തി, മണിയൻപിള്ള രാജു തുടങ്ങിയവർ ആഘോഷത്തിൽ പങ്കെടുത്തു. ചിപ്പിക്കും രഞ്ജിത്തിനുമായി പ്രത്യേക കേക്കും അണിയറ പ്രവർത്തകർ ഒരുക്കിയിരുന്നു. ചിപ്പി തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ ആഘോഷത്തിന്റെ ചിത്രങ്ങൾ പങ്കുവച്ചിട്ടുണ്ട്.

ചിപ്പി ഇതിന്റെ ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്. “എൽ 360 ലൊക്കേഷനിൽ ഞങ്ങളുടെ 23-ാം വിവാഹ വാർഷികം ആഘോഷിക്കുന്നു. ഊഷ്മളമായ ആശംസകൾക്ക് എല്ലാവർക്കും നന്ദി..”, ചിപ്പി ചിത്രങ്ങൾ പങ്കുവെക്കുന്നതിന് ഒപ്പം കുറിച്ചു.

മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ് ചിപ്പി രഞ്ജിത്. മലയാളത്തിലും കന്നഡത്തിലുമായി തിളങ്ങി നിൽക്കുന്നതിനിടെ 2001ലായിരുന്നു ചിപ്പിയുടെ വിവാഹം. വിവാഹശേഷം നടി സിനിമയിൽ നിന്നും വിട്ടുനിന്നു. എന്നാൽ അഭിനയം ഉപേക്ഷിക്കാൻ താരം ഒരുക്കമായിരുന്നില്ല. അങ്ങനെയാണ് ടെലിവിഷൻ പരമ്പരകളുടെ ഭാഗമാകുന്നത്. ഇവർക്ക് അവന്തിക എന്ന മകളുണ്ട്.

എൽ360 എന്ന സിനിമയുടെ എക്സിക്യുട്ടീവ് പ്രൊഡ്യൂസർ കൂടിയാണ് അവന്തിക. സിനിമയുടെ ചിത്രീകരണം തൊടുപുഴയിൽ പുരോഗമിക്കുന്നു.

Scroll to Top