വിജയിച്ച ഏതു പുരുഷനു പിന്നിലും ഒരു സ്ത്രീയുണ്ടാകും, അച്ഛന്റെ വിജയത്തിന് പിന്നിൽ അമ്മ, തുറന്നു പറഞ്ഞ് ഗോകുൽ സുരേഷ്

മൂന്നാം മോദി മന്ത്രിസഭയിൽ കേരളത്തില്‍ നിന്ന് സുരേഷ് ഗോപി കേന്ദ്രമന്ത്രി ആയതിൽ സന്തോഷം പങ്കുവെച്ച് മകൻ ഗോകുൽ സുരേഷ്. വിജയിച്ച ഏതോരു പുരുഷനു പിന്നിലും ഒരു സ്ത്രീയുണ്ടാകുമെന്നും അച്ഛന്റെ വിജയത്തിനു പിന്നിൽ അമ്മയെന്നും ഗോകുല്‍ പറഞ്ഞു.

കൊച്ചിയിൽ നടക്കുന്ന മനോരമ ഓൺലൈൻ- ജെയിൻ യൂണിവേഴ്സിറ്റി റോബോവേഴ്‌സ് വിആർ എക്സ്പോയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു താരം. ഗഗനചാരി എന്ന സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ടാണ് ഗോകുലും അനാർക്കലി മരിക്കാറും റോബോവേഴ്‌സ് വിആർ എക്സ്പോയിൽ പങ്കെടുക്കാനെത്തിയത്.

അച്ഛന്റെ വിജയത്തിൽ സന്തോഷമുണ്ടെന്നും അച്ഛൻ ഇങ്ങനെയൊക്കെ തന്നെ ആകാണമെന്ന് താൻ ആഗ്രഹിച്ചിരുന്നുവെന്നും അങ്ങനെയൊക്കെ തന്നെ സംഭവിച്ചുവെന്നും താരം പറയുന്നു. ഒരു തരത്തിലുള്ള മുൻധാരണയോ അഴിമതിയോ ഉള്ള രാഷ്ട്രിയക്കാരൻ ആകില്ല തന്റെ അച്ഛൻ എന്നും ഗോകുൽ കൂട്ടിച്ചേർത്തു.

വിജയിച്ച ഏതു സ്ത്രീക്ക് പിന്നിൽ ഒരു പുരുഷനും പുരുഷന് പിന്നിൽ ഒരു സ്ത്രീയും ഉണ്ടാകും. ഒരു അവകാശവാദങ്ങളോ ഒന്നുമില്ലാതെ ഇന്നത് ചെയ്യരുത് അല്ലെങ്കിൽ ഇങ്ങനെ ചെയ്യണം എന്നൊന്നും പറയുന്ന ഒരു ഭാര്യ അല്ല അച്ഛന്റേതെന്നും താരം പറഞ്ഞു.

അച്ഛന് വളരാനായുള്ള ഇടം ഉണ്ടാക്കിക്കൊടുത്തിട്ടുള്ള, അച്ഛന് വേദനിക്കുമ്പോൾ വളരെ നിശബ്ദമായി ഒരു തുണയായി നിൽക്കുന്ന ഒരു അമ്മയാണ് ഞങ്ങളുടേതെന്നും ഗോകുൽ തുറന്നുപറഞ്ഞു. അച്ഛനു മാത്രമല്ല ഞങ്ങൾക്കും അമ്മ അങ്ങനെയാണ്.

അച്ഛനും അമ്മയും ഇന്നത് ശരി ഇന്നത് തെറ്റ് എന്നൊന്നും പറഞ്ഞു തന്നിട്ടില്ല എല്ലാം ഞങ്ങൾ ഓരോ പ്രായത്തിൽ കണ്ടു മനസ്സിലാക്കി വളർന്നതാണ്. ഞങ്ങൾ ചെയ്യുന്ന തെറ്റുകൾ തിരുത്തി വളരുന്നവരാണ് ഞങ്ങൾ. എന്റെ അമ്മയുടെ മികവ് തന്നെയാണ് അച്ഛന്റെ വിജയത്തിന് പിന്നിൽ.

Scroll to Top