നടൻ ജോജു ജോർജിന് ഷൂട്ടിങ്ങിനിടെ പരിക്ക്; അപകടം ഹെലികോപ്റ്റർ രംഗം ചിത്രീകരിക്കുന്നതിനിടെ

സിനിമ ചിത്രീകരണത്തിനിടെ നടന്‍ ജോജു ജോർജിന് പരിക്ക്. പോണ്ടിച്ചേരിയിൽ വെച്ചാണ് അപകടമുണ്ടായത്. ഹെലികോപ്റ്ററില്‍ നിന്നും താരം ചാടുന്ന രംഗമായിരുന്നു ചിത്രീകരിച്ചുകൊണ്ടിരുന്നത്. ഇതിനിടെ ജോജു ജോർജ് താഴേക്ക് വീഴുകയായിരുന്നു. വീഴ്ചയില്‍ ഇടതു പാദത്തിന്റെ എല്ലിന് പൊട്ടലേറ്റു. ഉടനെ തന്നെ താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സ നലകി.

പ്രാഥമിക ചികിത്സയ്ക്ക് ശേഷം ജോജു ജോർജ് കൊച്ചിയില്‍ മടങ്ങിയെത്തി. കമല്‍ഹാസന്‍ നായകനായ ‘തഗ്‌ലൈഫിന്റെ’ ചിത്രീകരണത്തിനിടയിലാണ് അപകടം. കമൽ ഹാസനും നാസറിനും ഒപ്പം ഹെലികോപ്റ്ററിൽനിന്ന് ചാടി ഇറങ്ങുമ്പോഴാണ് അപകടം ഉണ്ടായത്.

കഴിഞ്ഞ വര്‍ഷം കമല്‍ ഹാസന്‍റെ പിറന്നാള്‍ ദിനത്തോടനുബന്ധിച്ചാണ് ചിത്രത്തിന്‍റെ പേര് പ്രഖ്യാപിച്ചത്. നേരത്തെ ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍ അഭിനയിക്കും എന്ന് വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ ഡേറ്റ് ദുല്‍ഖര്‍ പിന്‍മാറുകയായിരുന്നു. പകരം ചിലമ്പരശനാണ് ഈ റോളിലേക്ക് എത്തിയത്.

അതേ സമയം ജോജു ആദ്യമായി സംവിധാനം ചെയ്യുന്ന പണി എന്ന ചിത്രം റിലീസിന് തയ്യാറാകുകയാണ്. മികച്ച കഥാപാത്ര സൃഷ്ടികൾ തന്ന ജോജു രചനയും സംവിധാനവും നിർവഹിക്കുന്ന ‘പണി’യുടെ വിശേഷം ആദ്യം മുതൽ തന്നെ ശ്രദ്ധ നേടിയിരുന്നു. വൻ താരനിര തന്നെ അണിനിരക്കുന്ന ചിത്രത്തിൽ അറുപതോളം പുതിയ താരങ്ങളാണ് അഭിനയിക്കുന്നത്.

Scroll to Top