കണ്ണിന് കാഴ്ചയില്ല, ജീവിക്കുന്നത് ലോട്ടറി വിറ്റ്, അതും സ്ഥിരമായി മോഷ്ടിച്ച് ഒരാൾ, ഒടുവിൽ കള്ളനെ പെൻ ക്യാമറയിൽ കുടുക്കി റോസമ്മ

പെൻ ക്യാമറയിൽ ലോട്ടറി കള്ളനെ കുടുക്കി അന്ധയായ ലോട്ടറി ടിക്കറ്റ് വിൽപ്പനക്കാരി. കോട്ടയം കളത്തിപ്പടിയിൽ പത്തുവ‍ർഷമായി ലോട്ടറി വിൽക്കുന്ന റോസമ്മയാണ് രഹസ്യ ക്യാമറ വഴി മോഷ്ടാവിനെ പിടികൂടിയത്.

ജന്മനാ അന്ധയായ റോസമ്മ ലോട്ടറി വിറ്റാണ് ജീവിക്കുന്നത്. റോസമ്മയുടെ ഭർത്താവും ഇതേ ജോലിയാണ് ചെയ്തത്. അദ്ദേഹത്തിനും കാഴ്ചയുണ്ടായിരുന്നില്ല. രണ്ട് വർഷം മുൻപ് ഭർത്താവ് മരിച്ചതോടെയാണ് റോസമ്മ മുഴുവൻ സമയം ലോട്ടറി വിൽക്കാൻ തുടങ്ങിയത്. എന്നാൽ അടുത്ത കാലത്താണ് ലോട്ടറി കാണാതാകുന്നത് ഇവരുടെ ശ്രദ്ധയിൽപ്പെട്ടത്. മോഷണമാണെന്ന് തിരിച്ചറിഞ്ഞതോടെ കള്ളനെ പിടികൂടാനുള്ള ശ്രമമായി.

അന്ധനായ സുഹൃത്താണ് പെൻ ക്യാമറയുടെ കാര്യം പറയുന്നത്. ലോട്ടറി വാങ്ങാൻ ആളെത്തുമ്പോൾ റോസമ്മ ക്യാമറയിൽ റെക്കോർഡ് ചെയ്യും. അങ്ങനെയാണ് ഒടുവിൽ കാത്തിരുന്നാണ് മോഷ്ടാവിലേക്ക് എത്തിയത്.‌‌ ആദ്യം താനല്ലെന്ന് പറഞ്ഞ് അയാൾ ബഹളമുണ്ടാക്കിയെങ്കിലും ദൃശ്യങ്ങൾ കാണിച്ചതോടെ പിന്നെ നിശബ്ദനായി.

കളളനെ കണ്ടുപിടിച്ചെങ്കിലും നിയമവഴിയിൽ പോകാൻ റോസമ്മയ്‌ക്ക് താൽപര്യമില്ല. ഇനിയാരെയും ദ്രോഹിക്കരുതെന്നുപദേശിച്ച് ചെയ്ത തെറ്റിനോട് ക്ഷമിച്ച് പറഞ്ഞയക്കുകയായിരുന്നു റോസമ്മ ചെയ്തത്. ക്യാമറയിലുള്ള ദൃശ്യങ്ങൾ മാറ്റാരെയും കാണില്ലെന്ന വാക്കും റോസമ്മ കൊടുത്തു.

Scroll to Top