വോട്ടെണ്ണൽ തലേന്ന് ഏറ്റുമാനൂരപ്പന് തുലാഭാരവും അഞ്ചു പറയും സമർപ്പിച്ച് സുരേഷ് ഗോപി, ദർശനം നടത്തിയത് ക്ഷേത്രാചാരങ്ങളെല്ലാം പാലിച്ച് ക്യൂ നിന്ന്

നാളെ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ നടക്കാനിരിക്കെ ക്ഷേത്ര ദർശനം നടത്തി വഴിപാടുകൾ അർപ്പിച്ച് നടനും തൃശൂരിലെ എൻഡിഎ സ്ഥാനാർത്ഥിയുമായി സുരേഷ് ഗോപി. ഏറ്റുമാനൂർ ക്ഷേത്രത്തിലാണ് നടൻ ഇന്ന് രാവിലെ ആറ് മണിക്ക് കുടുംബത്തോടൊപ്പം ദർശനം നടത്തിയത്. ഏറ്റുമാനൂരപ്പന് സുരേഷ് ഗോപി തുലാഭാരവും അപൂർവ വഴിപാടായ അഞ്ചു പറയും സമർപ്പിച്ചു.

ഭാര്യ രാധികയും മകൻ ഗോകുലും മറ്റ് ബന്ധുക്കളും ഒപ്പമുണ്ടായിരുന്നു. ക്ഷേത്രാചാരങ്ങളെല്ലാം പാലിച്ച് ക്യൂ നിന്നാണ് അദ്ദേഹം ദർശനം നടത്തിയത്. സുരേഷ് ഗോപിയുടെ നിർദേശത്തെ തുടർന്ന് ക്ഷേത്രത്തിനുള്ളിലെ ചടങ്ങുകളുടെ ചിത്രങ്ങൾ പകർത്തുന്നത് ദേവസ്വവും പൊലീസും വിലക്കിയിരുന്നു.

കഴിഞ്ഞ വെള്ളിയാഴ്ച മുതൽ സുരേഷ് ഗോപി ക്ഷേത്രത്തിൽ എത്തുമെന്ന് പ്രചരിച്ചിരുന്നു. പിന്നാലെ ഇന്ന് ക്ഷേത്രത്തിൽ ദർശനം നടത്തുകയായിരുന്നു. സുരേഷ് ഗോപി ക്ഷേത്ര ദർശനത്തിന് എത്തുമെന്ന് അറിഞ്ഞ മാദ്ധ്യമങ്ങൾ അവിടെ നിലയുറപ്പിച്ചെങ്കിലും അദ്ദേഹം ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രതികരിച്ചില്ല. ക്ഷേത്രത്തിൽ എത്തിയത് മുതൽ തിരിച്ചു പോകുവരെ നടന്റെ പ്രതികണം അറിയാൻ മാദ്ധ്യമങ്ങൾ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. പ്രതികരണത്തിനായി മെെക്ക് നീട്ടിയ മാദ്ധ്യമങ്ങൾക്ക് മുന്നിൽ തൊഴുത് ചിരിച്ചു കൊണ്ട് ഒഴിഞ്ഞുമാറുകയായിരുന്നു. ക്ഷേത്രത്തിലെത്തിയ മറ്റ് വിശ്വാസികളോട് സംസാരിച്ചെങ്കിലും രാഷ്ട്രീയ വിഷയത്തിൽ പ്രതികരിച്ചില്ലെന്നാണ് വിവരം.

Scroll to Top