പണം തട്ടിപ്പ് കേസിൽ രാജ്യം വിട്ടെന്ന് വ്യാജ വാർത്ത,സത്യമറിയാതെ നൊമ്പരപ്പെടുത്താൻ ശ്രമിച്ചവരോടു പരിഭവമില്ല, നുണ പ്രചരണങ്ങൾക്ക് എതിരെ പ്രതികരിച്ച് താരം

സോഷ്യൽ മീഡിയയിൽ തനിക്കെതിരെ പ്രചരിക്കുന്ന തെറ്റായ വാർത്തകൾക്കെതിരെ പ്രതികരിച്ച് നടിയും നർത്തകിയുമായ ആശ ശരത്ത്. സമൂഹ മാധ്യമങ്ങൾ വ്യാജ വാർത്തകൾ ചമച്ച് നടത്തിയ നുണപ്രചരണങ്ങളെ അതിജീവിച്ച് തനിക്കൊപ്പം നിന്ന പ്രിയപ്പെട്ടവർക്ക് ഹൃദയത്തിൽ നിന്നും നന്ദി രേഖപ്പെടുത്തുന്നതായി ആശ ശരത്ത് കുറിച്ചു. നൊമ്പരപ്പെടുത്താൻ ശ്രമിച്ചവരോടു പരിഭവമില്ലെന്നും ഒരുസ്ഥാപിത താൽപര്യക്കാരെയും ഈ നാട് സംരക്ഷിച്ചിട്ടുമില്ലെന്നും ആശ കുറിച്ചു.

നടിയും നർത്തകിയുമായ ആശ ശരത്തുമായി ഒരു വിധത്തിലുള്ള ബിസിനസ് പങ്കാളിത്തവുമില്ലെന്ന കോയമ്പത്തൂർ ആസ്ഥാനമായ സ്പൈസസ് പ്രൊഡ്യൂസർ കമ്പനിയുടെ വാർത്താക്കുറിപ്പും ആശ, കുറിപ്പിനൊപ്പം പങ്കുവച്ചിട്ടുണ്ട്. ‘‘നന്ദി….സ്നേഹിച്ചവർക്ക് ഒപ്പം നിന്നവർക്ക്.

പ്രിയപ്പെട്ടവരെ, കഴിഞ്ഞ ദിവസം ചില സമൂഹ മാധ്യമങ്ങൾ വ്യാജ വാർത്തകൾ ചമച്ച് നടത്തിയ നുണപ്രചരണങ്ങളെ അതിജീവിച്ച് എനിക്കൊപ്പം നിന്ന പ്രിയപ്പെട്ടവർക്ക് ഹൃദയംകൊണ്ടെഴുതിയ നന്ദി രേഖപ്പെടുത്തുന്നു. കാര്യങ്ങൾ അറിയാതെ നൊമ്പരപ്പെടുത്താൻ ശ്രമിച്ചവരോടും പരിഭവം തെല്ലുമില്ല! ഒരു സ്ഥാപിത താൽപര്യക്കാരെയും ഈ നാട് സംരക്ഷിച്ചിട്ടുമില്ല. ഇനിയും കൂടെയുണ്ടാകണം.സ്നേഹത്തോടെ..ആശാ ശരത്ത്.’’–നടി ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചു.

സ്പൈസസ് പ്രൊഡ്യൂസർ കമ്പനി പുറത്തിറക്കിയ കുറിപ്പ്:
ഞങ്ങളുടെ ഉടമസ്ഥതയിലുള്ള സ്പൈസസ് പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡ് (SPC Ltd), ഫ്രീ യുവർ മൈൽഡ് സർവീസസ് പ്രൈവറ്റ് ലിമിറ്റഡ്, പ്രാണാ ഇൻസൈറ്റ് എന്നീ സ്ഥാപനങ്ങളുമായി സിനിമാ താരം ആശാ ശരത്തിനെ ബന്ധിപ്പിച്ച് തെറ്റായ ഓൺലൈൻ വാർത്തകൾ പ്രചരിപ്പിക്കുന്നതിനാൽ ഈ നോട്ടിസ് പ്രസിദ്ധീകരിക്കുന്നതാകുന്നു. മേൽപ്പറഞ്ഞ സ്ഥാപനങ്ങൾ പൂർണമായും ഞങ്ങളുടെ ഉടമസ്ഥതയിലും നിയന്ത്രണത്തിലും ഉള്ളതാകുന്നു. സിനിമാ താരം ആശാ ശരത്ത് ടി സ‌്ഥാപനങ്ങളുടെ ഉടമസ്ഥയോ, ഷെയർഹോൾഡറോ, ഡയറക്‌ടർ ബോർഡ് അംഗമോ, പ്രമോട്ടറോ, പ്രചാരകയോ അല്ലാത്തതാണ്.
പ്രാണാ ഇൻസൈറ്റ് ആപ്പിന്റെ ഒരു പ്രോഗ്രാമിൽ നർത്തകിയും, സിനി ആർട്ടിസ്‌റ്റും എന്ന നിലയിൽ ആശ ശരത്ത് അതിഥിയായി പങ്കെടുക്കുകയും ഞങ്ങൾ ആവശ്യപ്പെട്ട പ്രകാരം കോവിഡ് കാലഘട്ടത്തിൽ കലാപഠനം സാധാരണ ജനങ്ങളിലേക്ക് എത്തിക്കുന്നതിന് നൃത്തം, സംഗീതം, കഥകളി, മോഹിനിയാട്ടം, ഭരതനാട്യം തുടങ്ങി വിവിധയിനം കലകളുടെ ക്ലാസുകൾ ഷൂട്ട് ചെയ്‌ത് കല ഓൺലൈൻ ആയി അഭ്യസിക്കുന്നതിന് വേണ്ട ക്ലാസുകളുടെ കണ്ടന്റ് നൽകി എന്നതല്ലാതെ അവർക്ക് ഞങ്ങളുടെ സ്ഥാപനങ്ങളുമായി യാതൊരു പങ്കാളിത്തവും ഇല്ലാ എന്ന വിവരം അറിയിക്കുന്നു.

ഞങ്ങളുടെ മേൽ പറഞ്ഞ സ്‌ഥാപനങ്ങളുമായി ബന്ധമുണ്ടെന്ന രീതിയിൽ അപകീർത്തികരമായ വ്യാജ വാർത്തകൾ പ്രചരിച്ചതിൽ അവർക്കുണ്ടായ മനോവിഷമത്തിൽ നിർവ്യാജം ഖേദം പ്രകടിപ്പിക്കുന്നു.
ആശ ശരത്തിന്റെ പങ്കാളിത്തത്തിലുള്ള സ്പൈസസ് പ്രൊഡ്യൂസർ കമ്പനി ഓൺലൈൻ തട്ടിപ്പു നടത്തി ആളുകളെ പറ്റിച്ചുവെന്ന തരത്തിലായിരുന്നു സമൂഹ മാധ്യമങ്ങളിൽ വാർത്ത വന്നത്. നടിക്ക് ഈ കമ്പനിയിൽ ഷെയർ ഉണ്ടെന്നും പ്രാണ ഡാൻസ് ആപ്പും ഇതിന്റെ ഭാഗമാണെന്നായിരുന്നു ആരോപണം.

Scroll to Top