സ്വർഗ്ഗീയ വാസത്തിൻ്റെ 20 വർഷം, അപ്പാ….ഞങ്ങളുടെ ജീവിതത്തിലെ അദൃശ്യമായ സർവ്വവ്യാപിയാണ് നിങ്ങൾ- അച്ഛന്റെ ഓർമ ദിനത്തിൽ വികാരാദീനനായി കുഞ്ചാക്കോ ബോബൻ

ചലച്ചിത്രനടൻ, സംവിധായകൻ, നിർമാതാവ്, ഉദയ സ്റ്റുഡിയോ തലവൻ എം കുഞ്ചാക്കോയുടെ മകൻ… പിന്നെ മലയാളത്തിന്റെ നിത്യഹരിത റൊമാന്റിക് ഹീറോ കുഞ്ചാക്കോ ബോബന്റെ അച്ഛൻ. ബോബൻ കുഞ്ചാക്കോയ്ക്ക് വിശേഷണങ്ങൾ ഏറെയാണ്.

ബോബൻ കുഞ്ചാക്കോയുടെ 20-ാം ചരമവാർഷിക ദിനത്തിൽ അച്ഛനെയോർത്ത് കുഞ്ചാക്കോ ബോബൻ പങ്കുവച്ച ഹൃദ്യമായ കുറിപ്പാണ് ശ്രദ്ധ നേടുന്നത്. അപ്പന്റെ കുഴിമാടത്തിനരികെ പൂക്കളർപ്പിക്കുന്ന ചിത്രവും അച്ഛനൊപ്പമുള്ളൊരു ബാല്യകാല ചിത്രവും പോസ്റ്റിനൊപ്പം ചാക്കോച്ചൻ പങ്കുവച്ചിട്ടുണ്ട്.

ബോബൻ കുഞ്ചാക്കോ. സ്വർഗ്ഗീയ വാസത്തിൻ്റെ 20 വർഷം. അപ്പാ….ഞങ്ങളുടെ ജീവിതത്തിലെ അദൃശ്യമായ സർവ്വവ്യാപിയാണ് നിങ്ങൾ. നിങ്ങൾ സ്വാധീനിച്ച ആളുകളിലൂടെ നിങ്ങളിന്നും ജീവിക്കുന്നു. ഓർമ്മകൾ ഇപ്പോഴും വാക്കുകളിലും പ്രവൃത്തികളിലും നിറഞ്ഞുനിൽക്കുന്നു. ഞങ്ങൾക്ക് മുന്നോട്ട് പോകാനുള്ള കരുത്ത് നൽകുന്നു, ശക്തമായി ഒരുമിച്ച്. എനിക്ക് ഈ കുടുംബത്തെയും സുഹൃത്തുക്കളേയും സിനിമയേയും തന്നതിനു നന്ദി അപ്പാ,” ചാക്കോച്ചൻ കുറിച്ചു.

ഉദയായുടെ ആദ്യകാല ചിത്രങ്ങളിൽ ബാലതാരമായി അഭിനയിച്ചുകൊണ്ടാണ് ബോബൻ കുഞ്ചാക്കോ ചലച്ചിത്ര രംഗത്തെത്തിയത്. എം.ആർ.എസ്. മണിയുടെ സംവിധാനത്തിൽ 1952ൽ പ്രദർശനത്തിനെത്തിയ അച്ഛൻ ആണ് ബോബൻ അഭിനയിച്ച ആദ്യ ചിത്രം.

Scroll to Top