ഏറ്റവും ഇഷ്ടമുള്ള റെക്‌സോണ സോപ്പും പിടിച്ച് നടക്കുന്ന നീയാണ് ഇന്നും മനസ്സിലുള്ളത്, സിദ്ദിഖിന്റെ മകൻറെ മരണത്തിൽ വികാരാധീനയായി ബീന ആന്റണി

നടന്‍ സിദ്ദിഖിന്റെ മകന്‍ റാഷിന്‍ സിദ്ദിഖിന്റെ മരണം ഏവരെയും ദുഖത്തിലാഴ്ത്തിയിരിക്കുകയാണ്. വ്യാഴാഴ്ച രാവിലെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. സാപ്പിയെ അനുസ്മരിച്ച് നടി ബീന ആന്റണിയെഴുതിയ കുറിപ്പ് ശ്രദ്ധനേടുകയാണ്. സാപ്പിയെ ആദ്യമായി കണ്ട ഓര്‍മകള്‍ പങ്കുവയ്ക്കുകയാണ് ബീന ആന്റണി

ഒരുപാട് വേദനയോടെ, കണ്ണീരോടെ, വിട. മോനേ സാപ്പീ, നിന്നെ ഒരുപാട് ഇഷ്ടമായിരുന്നു ഞങ്ങള്‍ക്കെല്ലാവര്‍ക്കും. എത്രയോ വര്‍ഷങ്ങള്‍ക്ക് മുന്‍പ് നീ കുഞ്ഞായിരിക്കുമ്പോഴാ ഞാന്‍ നിന്നെ ആദ്യമായി കാണുന്നത്. അന്ന് നിനക്ക് ഏറ്റവും ഇഷ്ടമുള്ള റെക്‌സോണ സോപ്പും പിടിച്ചോണ്ട് നടക്കുന്ന നീയാണ് ഇന്നും എന്റെ മനസ്സില്‍ ഉള്ളത്. എല്ലാവരോടും എന്തൊരു സ്‌നേഹമായിരുന്നു കുഞ്ഞേ നിനക്ക്. മനസ് പിടയുന്ന വേദനയോടെ ഇക്കയുടെ കുടുംബത്തിന്റെ വേദനയോടൊപ്പം ചേരുന്നു. അത് താങ്ങാനുള്ള കരുത്ത് ഇക്കയ്ക്കും കുടുംബത്തിനും കൊടുക്കണേ പടച്ചോനേ. പ്രാര്‍ത്ഥനകള്‍’ ബീന ആന്റണി കുറിച്ചു.

മൂത്തമകനായിരുന്നു സാപ്പിയെങ്കിലും കുഞ്ഞനുജനെപ്പോലെയാണ് സഹോദരങ്ങള്‍ അദ്ദേഹത്തെ നോക്കിയത്. സാപ്പിക്ക് ദിവസം ചെല്ലുംതോറും പ്രായം കുറയുന്നു എന്നാണ് അനുജന്‍ ഷഹീന്‍ പിറന്നാള്‍ ദിനത്തില്‍ കുറിച്ചത്. ഷഹീന്‍ വിവാഹം കഴിച്ചപ്പോള്‍ വീട്ടിലേക്കുവന്ന അമൃതയും സാപ്പിയുടെ കുഞ്ഞനുജത്തിയായി. അവരുടെ വിവാഹത്തിലെ ചിത്രങ്ങളിലെല്ലാം സാപ്പി നിറഞ്ഞു നില്‍ക്കുകയും ചെയ്തു.

സിദ്ദിഖിന് ആദ്യഭാര്യയില്‍ പിറന്ന മക്കളാണ് ഷഹീനും സാപ്പിയും. അവരുടെ മരണത്തിന് ശേഷം സിദ്ദിഖിന്റെ ജീവിതപങ്കാളിയായി സീനയെത്തി. അമ്മയില്ലാത്ത കുറവ് അറിയിക്കാതെ സ്വന്തം മക്കളെപ്പോലെയാണ് സീന ഷഹീനെയും സാപ്പിയെയും നോക്കിയിരുന്നത്. പിന്നീട് അവരുടെ ജീവിതത്തിലേക്ക് ഫര്‍ഹീന്‍ എന്ന കുഞ്ഞനുജത്തി കൂടിയെത്തി.

Scroll to Top