സുരേഷ് ഗോപി എന്ന പച്ചയായ മനുഷ്യൻ ഗർഭിണിയായ പെൺകുട്ടിയെ പുത്രീവാത്സല്യത്തോടെ തലോടിയപ്പോൾ, സൗഹൃദത്തോടെ ഒരു ജേർണലിസ്റ്റിന്റെ തോളത്തു കൈവച്ചപ്പോൾ പൊളിറ്റിക്കൽ കറക്ട്നെസ്സ് ചികഞ്ഞ, അപവാദം പറഞ്ഞ അതേ പ്രബുദ്ധ കേരളത്തിലാണ് ഈ ചിത്രം കൈയ്യടി നേടുന്നത്, കെ രാധാകൃഷ്ണൻ ദിവ്യ ചിത്രത്തിൽ കുറിപ്പുമായി മാധ്യമ പ്രവർത്തക

ദിവ്യ എസ് അയ്യർ ഐഎഎസ് മുൻ മന്ത്രി കെ രാധാകൃഷ്ണനെ ആശ്ലേഷിക്കുന്ന ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ആലത്തൂർ എംപിയായി തെരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തിൽ മന്ത്രി സ്ഥാനം ഒഴിഞ്ഞ രാധാകൃഷ്ണനെ വീട്ടിലെത്തി കണ്ടശേഷം ദിവ്യ പങ്കുവെച്ച ചിത്രമാണ് കേരളക്കര ഏറ്റെടുത്തിരിക്കുന്നത്. ‘കനിവാർന്ന വിരലാൽ വാർത്തെടുത്തൊരു കുടുംബം’ എന്ന ക്യാപ്ഷനോടെയാണ് ദിവ്യ ചിത്രങ്ങൾ പങ്കുവെച്ചത്.

ചിത്രത്തെക്കുറിച്ച് മാധ്യമ പ്രവർത്തക അഞ്ജു പാർവതി പ്രഭീഷ് പങ്കിട്ട കുറിപ്പ് ശ്രദ്ധേയമാകുന്നു. ആറ്റുകാൽ പൊങ്കാലയിടുന്ന, ഹരിവരാസനം പാടുന്ന സവർണ്ണ അയ്യർ ദിവ്യ കലക്ടറിൽ നിന്നും, കൊച്ച് കുഞ്ഞിനെ വേദികളിൽ കൂടെ കൂട്ടുന്ന ഷോ കാട്ടുന്ന കളക്ടർ ദിവ്യയിൽ നിന്നും എത്രപെട്ടെന്ന് ആണ് ദിവ്യ എസ് അയ്യർ എന്ന IAS കാരി വെറും മനുഷ്യസ്നേഹിയായി ബുദ്ധിജീവി ഇടങ്ങളിൽ മാറിയത് എന്നോർക്കുമ്പോൾ ഈ ചിത്രത്തിന് മൈലേജ് കൂടുന്നെന്ന് അഞ്ജു സോഷ്യൽ മീഡിയയിൽ കുറിച്ചു

കുറിപ്പിന്റെ പൂർണ്ണരൂപം

രണ്ട് പച്ചയായ മനുഷ്യർക്കിടയിലെ ആത്മ ബന്ധം!! അതിനപ്പുറം ഒന്നും മനുഷ്യരെ മനുഷ്യരായി കാണുന്ന സാധാരണ മനുഷ്യർക്ക് ഈ ചിത്രം കണ്ടിട്ട് തോന്നുന്നില്ല, അങ്ങനെ തോന്നേണ്ട കാര്യവും ഇല്ല. ഈ ഭൂമിയിൽ പിറന്നു വീഴുന്ന ഓരോ കുഞ്ഞും തുടക്കത്തിൽ കുലം, ജാതി, മതം, പദവി എന്നിങ്ങനെയുള്ള ഒന്നിന്റെയും പ്രിവിലേജ് ഇല്ലാത്തവരാണ്. പിന്നീട് അവന് ചുറ്റിലും ഉള്ള ലോകം അവനെ കമ്പാർട്മെന്റിലും ഉൾപ്പെടുത്തി ഞാൻ അങ്ങനെ, നീ ഇങ്ങനെ എന്നൊക്കെയാക്കി മാറ്റുന്നു. അത്രേയുള്ളൂ!!

ഈ virtual ലോകത്തിന് ഇപ്പുറം മനുഷ്യർ ഇങ്ങനൊക്കെ തന്നെയാണ്. കേവലം വോട്ട് ബാങ്ക് രാഷ്ട്രീയം ചൂണ്ടികാണിക്കുന്ന സവർണ്ണ ഹെജിമണിയും ബ്രാഹ്മണിക്കൽ കുണ്ടാമണ്ടിയും ജാതി വെറിയും ഒന്നും സാധാരണ മനുഷ്യർക്ക് ഇല്ല എന്നതാണ് വാസ്തവം.

എങ്കിലും ഈ ചിത്രം കാണുമ്പോൾ അറിയാതെയെങ്കിലും ഒരു കാര്യം ഓർത്തുപ്പോയി. സുരേഷ് ഗോപി എന്ന പച്ചയായ മനുഷ്യൻ ഒരു ഗർഭിണിയായ പെൺകുട്ടിയെ പുത്രീവാത്സല്യത്തോടെ തലോടിയപ്പോൾ, ഹൃദയം നിറഞ്ഞ സൗഹൃദത്തോടെ ഒരു ജേർണലിസ്റ്റ് സ്ത്രീയുടെ തോളത്തു കൈവച്ചപ്പോൾ പൊളിറ്റിക്കൽ കറക്ട്നെസ്സ് ചികഞ്ഞ, അപവാദം പറഞ്ഞ അതേ പ്രബുദ്ധ കേരളത്തിലാണ് ഈ ചിത്രം ഇന്ന് കൈയ്യടി നേടുന്നത്. സുരേഷ് ഗോപിയുടെ രാഷ്ട്രീയം ഒന്ന് കൊണ്ട് മാത്രം അദ്ദേഹത്തെ വേട്ടയാടിയ പലരും ഇന്ന് ഈ സ്നേഹാശ്ലേശം കാണുമ്പോൾ സഖാവിനെ വാഴ്ത്തിപ്പാടുന്നു. ഇതെന്ത് ലോകം???

ആറ്റുകാൽ പൊങ്കാലയിടുന്ന, ഹരിവരാസനം പാടുന്ന സവർണ്ണ അയ്യർ ദിവ്യ കലക്ടറിൽ നിന്നും, കൊച്ച് കുഞ്ഞിനെ വേദികളിൽ കൂടെ കൂട്ടുന്ന ഷോ കാട്ടുന്ന കളക്ടർ ദിവ്യയിൽ നിന്നും എത്രപെട്ടെന്ന് ആണ് ദിവ്യ എസ് അയ്യർ എന്ന IAS കാരി വെറും മനുഷ്യസ്നേഹിയായി ബുദ്ധിജീവി ഇടങ്ങളിൽ മാറിയത് എന്നോർക്കുമ്പോൾ ഈ ചിത്രത്തിന് മൈലേജ് കൂടുന്നു

Scroll to Top