അമ്മയിൽ നിന്നും രാജിവെച്ചതിൽ പശ്ചാത്താപമില്ല, എല്ലാം ആലോചിച്ച് എടുത്ത തീരുമാനങ്ങൾ, വർഷങ്ങൾക്ക് ശേഷം തുറന്നു പറച്ചിലുമായി പാർവതി

‘നോട്ട് ബുക്ക്’ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ എത്തി, മലയാള സിനിമയിൽ അഭിനയം കൊണ്ടും നിലപാടുകൊണ്ടും അത്ഭുതപ്പെടുത്തിയ അഭിനേത്രിയാണ് പാർവതി തിരുവോത്ത്. വിവാദങ്ങളിൽ അകപ്പെട്ടതോടെ പല സിനിമകളിൽ നിന്നും മാറ്റിനിർത്തപ്പെടുന്ന അവസ്ഥവരെ എത്തിയിരുന്നു. ഇപ്പോഴിതാ മലയാള സിനിമയിലെ താരസംഘടനയായ ‘അമ്മ’യില്‍ നിന്ന് രാജിവെച്ച സംഭവത്തെ കുറിച്ച് സംസാരിക്കുകയാണ് പാർവതി തിരുവോത്ത്. താന്‍ എടുത്ത തീരുമാനങ്ങളെല്ലാം വളരെയധികം ചിന്തിച്ചും അലോചിച്ചും എടുത്തവയാണെന്നും പാര്‍വതി പറഞ്ഞു. ഉള്ളൊഴുക്ക് എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായി  സംസാരിക്കവെയാണ് പാര്‍വതി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

”എന്റെ എല്ലാ തീരുമാനങ്ങളും ചിന്തിച്ചും ആലോചിച്ചുമാണ് എടുത്തത്. അവര്‍ എന്താ അത് ചെയ്യാത്തത് എന്ന് ചോദിക്കുന്നത് ഞാന്‍ നിര്‍ത്തി. ഞാന്‍ എന്ത് ചെയ്യുന്നു എന്നേ ഞാന്‍ നോക്കുന്നുള്ളു. ഞാന്‍ തിരിഞ്ഞ് നോക്കുമ്പോള്‍ എനിക്ക് ഒരു പശ്ചാത്തപവുമില്ല. ഏറ്റവും നല്ല കാര്യം എന്താണെന്നാല്‍, നിങ്ങള്‍ ഒരു മാറ്റമായി മാറുക. ഞാന്‍ അതാണ് പ്രാവര്‍ത്തികമാക്കുന്നത്. വിമര്‍ശനങ്ങളും കാര്യങ്ങളുമൊക്കെ പ്രധാനമാണ് ഒരു പരിധി വരെ’ പാർവതി പറഞ്ഞു.

നെറ്റ്ഫ്‌ളിക്‌സില്‍ കറി ആന്‍ഡ് സയനൈഡ് എന്ന ഡോക്യുമെന്ററി ഒരുക്കി ശ്രദ്ധ നേടിയ ക്രിസ്റ്റോ ടോമിയാണ് ഉള്ളൊഴുക്ക് എന്ന സിനിമ സംവിധാനം ചെയ്യുന്നത്. പാര്‍വതിക്കൊപ്പം ഉര്‍വശിയും സിനിമയില്‍ ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. അലന്‍സിയര്‍,പ്രശാന്ത് മുരളി തുടങ്ങിയ താരങ്ങളും സിനിമയിലുണ്ട്. ഈ മാസം 21നാണ് സിനിമ തിയേറ്ററുകളിലെത്തുന്നത്.

Scroll to Top