പെങ്ങളുടെ കല്യാണത്തിന് പോലും ഞാൻ സദ്യ കഴിച്ചിട്ടില്ല, അത് എന്റെ ഒരു നിലപാട്, എന്റെ ഒരു വട്ട്- ​ഗോകുൽ സുരേഷ് പറഞ്ഞത്

കുടുംബത്തിന് നേരെ ചിലർ നടത്തിയ അതിരുകടന്ന അധിക്ഷേപങ്ങൾക്കെതിരെ തുറന്നടിച്ചിട്ടുള്ള താരമാണ് ഗോകുൽ സുരേഷ്. രാഷ്‌ട്രീയത്തിന്റെ പേരിൽ സുരേഷ് ഗോപിക്കെതിരെ സമൂഹമാധ്യമങ്ങളിൽ മോശം കമന്റുകൾ പ്രത്യക്ഷപ്പെടുമ്പോൾ അതിന് തക്കതായ മറുപടി ഗോകുൽ നൽകിയിട്ടുണ്ട്. അത്തരത്തിലുള്ള തന്റെ പ്രതികരണങ്ങൾ മഹത്വവൽക്കരിച്ച് ചോദിക്കുന്നത് തനിക്ക് വേദന മാത്രമേ ഉണ്ടാക്കിയിട്ടുള്ളു എന്നാണ് താരം പറയുന്നത്. എല്ലാവരുടെയും മനസ് കുറച്ചെങ്കിലും നന്മയുടെ പാതയിൽ സഞ്ചരിച്ചാൽ സമൂഹത്തിലെ പല പ്രശ്നങ്ങളും പരിഹരിക്കപ്പെടുമെന്ന് ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഗോകുൽ സുരേഷ് പറഞ്ഞു.

“ചില ചോദ്യങ്ങൾ എനിക്ക് വേദനയാണ്. നല്ലത് ചെയ്യുമ്പോൾ അതിന് ചോദ്യങ്ങൾ ഒന്നും വന്നിട്ടില്ല എന്നത് എന്നും എനിക്ക് വേദനയാണ്. നല്ലത് ചർച്ച ചെയ്യപ്പെടുന്നത് കുറവും, ചീത്ത ചർച്ച ചെയ്യപ്പെടുന്നത് കൂടുതലുമാണ്. ഇത് എന്റെ അച്ഛന്റെ കാര്യത്തിൽ മാത്രമല്ല, ഏതൊരു കാര്യത്തിലും ആരെയും ഇങ്ങനെ തന്നെ. ചില വിഷയങ്ങൾ എടുത്ത് ഇടണമെന്നുണ്ട്. പക്ഷേ, വേണ്ട എന്ന് വിചാരിച്ചതു കൊണ്ടാണ്. രണ്ടാള് പിന്നിൽ ഉണ്ടെങ്കിൽ എന്തും പറയാം എന്ന ധാരണയാണ് ചിലർക്ക്. എന്റെ പിറകിൽ ആരുമില്ലെങ്കിലും ഞാൻ പ്രതികരിക്കേണ്ടത് പ്രതികരിക്കും. ‘നിന്റെ ഭാഗത്ത് ന്യായം ഉണ്ടെങ്കിൽ നീ എന്റെ മുന്നിൽ നിന്നുവന്ന് പറ’. ഇങ്ങനെ പറയാൻ എനിക്കറിയാം. പക്ഷേ, ഇതിൽ ആവശ്യമില്ലാത്ത ഒരു ചർച്ച വരേണ്ട എന്ന് കരുതി മിണ്ടാതിരിക്കുന്നതാണ്”.

“ആൾക്കാരുടെ മനസ്സ് കുറച്ച് നന്മയുടെ വശത്തേക്ക് തിരിഞ്ഞാൽ തന്നെ കുറെയധികം മാറ്റം വരും. ഭക്ഷണം ഇല്ലായ്മ, മാതാപിതാക്കളെ വൃദ്ധസദനത്തിൽ ആക്കുന്ന പ്രവണത ഇതിൽ എല്ലാം മാറ്റം ഉണ്ടാവും. ലോകത്ത് പല രാജ്യങ്ങളിലായി കുഞ്ഞുങ്ങൾ ഭക്ഷണമില്ലാതെ മരിക്കുമ്പോൾ നമ്മൾ ഇവിടെയിരുന്ന് ഭക്ഷണം കളയാറുണ്ട്. ഞാൻ സദ്യ കഴിക്കാറില്ല. എന്റെ പെങ്ങളുടെ കല്യാണത്തിന് പോലും സദ്യ ഞാൻ കഴിച്ചിട്ടില്ല. അത് എന്റെ ഒരു നിലപാട്, എന്റെ ഒരു വട്ട്. കുറെ ഇലകളിൽ ഭക്ഷണം വേസ്റ്റ് ആവും. അത് കാണുമ്പോൾ ഒരു ബുദ്ധിമുട്ട്. പല കല്യാണങ്ങളിലും പോകുമ്പോൾ ലോഡ് കണക്കിന് ബിരിയാണി കുഴിയിൽ മൂടുന്നത് കണ്ടിട്ടുണ്ട്. ഒരുപാട് മനുഷ്യർ ഭക്ഷണം ഇല്ലാതെ തെരുവിൽ കാണും. അവർക്കെങ്കിലും കൊണ്ടു കൊടുക്കരുതോ?. അത് ചൂണ്ടിക്കാണിക്കുമ്പോൾ ‘കൊടുക്കാം’ എന്ന് നമ്മളെ സുഖിപ്പിക്കാൻ വെറുമൊരു വാക്കു മാത്രം പറയും”- ഗോകുൽ സുരേഷ് പറഞ്ഞു.

Scroll to Top