മലയാളികളുടെ എവർ​ഗ്രീൻ നായിക കാർത്തിക ചക്കിയുടെ കല്യാണം കൂടാൻ എത്തി, ആ വട്ടപ്പൊട്ടിനും ചിരിക്കും ഒരു മാറ്റവുമില്ലെന്ന് ആരാധകർ

മലയാള സിനിമയോട് വിട പറഞ്ഞുപോയ എവർഗ്രീൻ നായികയാണ് കാർത്തിക. എൺപതുകളിലെ ഏറ്റവും തിരക്കേറിയ നായികയായിരുന്നു കാർത്തിക, വിവാഹ ശേഷം അഭിനയ ജീവിതത്തോട് പൂർണ്ണമായി വിട പറയുകയായിരുന്നു. സിനിമയിൽ നിന്നും പൊതു പരിപാടികളിൽ നിന്നുമെല്ലാം എപ്പോഴും മാറി നിൽക്കാൻ ഇഷ്ടപ്പെടുന്ന ഒരാളാണ് കാർത്തിക.അപൂർവ്വമായി സഹപ്രവർത്തകരുടെ മക്കളുടെ വിവാഹവേദികളിലോ മറ്റോ കണ്ടാലായി എന്നു മാത്രം. ഇപ്പോഴിതാ, ജയറാമിന്റെ മകൾ മാളവികയുടെ വിവാഹ റിസപ്ഷനെത്തിയ കാർത്തികയുടെ ചിത്രങ്ങളും വൈറലാവുകയാണ്.

തിരുവന്തപുരം സ്വദേശിയായ കാർത്തിക, 1979ൽ പുറത്തിറങ്ങിയ പ്രഭാത സന്ധ്യ എന്ന സിനിമയിൽ ശ്രീവിദ്യയുടെ ചെറുപ്പകാലം അഭിനയിച്ചുകൊണ്ടാണ് ചലച്ചിത്ര മേഖലയിലേക്ക് ചുവടുവയ്ക്കുന്നത്. പിന്നീട് പത്മരാജൻ സംവിധാനം ചെയ്ത ദേശാടനക്കിളി കരയാറില്ല എന്ന ചിത്രത്തിൽ മോഹൻലാലിന്റെ നായികയായി അഭിനയിച്ചു. മോഹൻലാലിനൊപ്പം നിരവധി ചിത്രങ്ങളിൽ അഭിനയിച്ച കാർത്തിക, 1985- 90 കാലത്തെ മലയാളത്തിലെ മുൻ നിരനായികമാരിലൊരാളായി മാറി.

ഇരുപതോളം സിനിമകളിൽ അഭിനിച്ച കാർത്തിക, ഗാന്ധിനഗർ സെക്കന്റ് സ്ട്രീറ്റ്, സന്മനസ്സുള്ളവര്‍ക്ക് സമാധാനം, ഉണ്ണികളേ ഒരു കഥ പറയാം തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധനേടി. വിജി തമ്പി ആദ്യമായി സംവിധായകനായ ‘ ഡേവിഡ് ഡേവിഡ് മിസ്റ്റർ ഡേവിഡ് ‘ ആയിരുന്നു കാർത്തികയുടെ അവസാന ചിത്രം.