കടലില്‍ വീണപ്പോള്‍ ഏതെങ്കിലും ഹിന്ദു ദൈവത്തെ വിളിച്ച് കരയേണ്ട ഞാന്‍ ജീസസ് ക്രൈസ്റ്റിന്റെ പേരുവിളിച്ചാണ് അലറി കരഞ്ഞത്, ക്രിസ്ത്യൻ വിശ്വാസം സ്വീകരിക്കാനിടയായ സാഹചര്യത്തെക്കുറിച്ച് ജയസുധ

നടിയും മുൻ എംപിയുമാണ് തെന്നിന്ത്യയുടെ ആദ്യകാല നായിക ജയസുധ. തെലുങ്ക്, തമിഴ്, മലയാളം, കന്നഡ തുടങ്ങിയ ഭാഷകളിലായി നരവധി ചലച്ചിത്രങ്ങളിൽ നായികയായും സഹതാരമായും ജയസുധ അഭിനയിച്ചിട്ടുണ്ട്. മലയാളത്തിൽ അവസാനമായി അഭിനയിച്ച ‘ഇഷ്ടം’ ഏറെ ശ്രദ്ധനേടിയിരുന്നു. ഇപ്പോഴിതാ തന്റെ ജീവിതത്തിൽ യേശു ക്രിസ്തുവിനെ നേരിൽ കണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ജയസുധ.

1985ൽ ഭർത്താവ് നിഥിൻ കപൂറിനൊപ്പം ഹണിമൂണിനായി തായ്‌ലൻഡ് സന്ദർശിച്ചപ്പോൾ തനിക്ക് ജീസസിനെ നേരിൽ കാണാൻ സാധിച്ചെന്നാണ് ജയസുധ പറയുന്നത്. ‘യാത്രയിൽ ബീച്ചിലേക്ക് പോകാൻ ഞങ്ങൾ തീരുമാനിച്ചു. വാട്ടർ ആക്റ്റിവിറ്റീസിലെല്ലാം നിഥിൻ കയറി, എന്നെ നിർബന്ധിക്കുകയും ചെയ്തു. വെള്ളം പേടിയായതിനാൽ ഞാൻ അതിലൊന്നും കയറിയില്ല. എനിക്ക് നീന്തൽ അറിയില്ലായിരുന്നു.

അവസാനം നിഥിന്റെ നിർബന്ധത്തിന് വഴങ്ങി ജെറ്റ് സ്കീയിൽ കയറാമെന്ന് ഞാൻ തീരുമാനിച്ചു. എന്നാൽ കടലിൽ കുറച്ച് ദൂരം പോയപ്പോഴേക്കും ബാലൻസ് നഷ്ടപ്പെട്ട് ഞാൻ വെള്ളത്തിൽ വീണു. കടലിലേക്ക് വീണപ്പോഴെ ജീവിതം അവസാനിച്ചെന്നാണ് ഞാൻ മനസിൽ കരുതിയത്. ഞാൻ പെട്ടന്ന് അലറി വിളിച്ചു. ആ സമയം ഞാൻ കരയേണ്ടത് ഏതെങ്കിലും ഹിന്ദു ദൈവത്തെ വിളിച്ചാണ്. കാരണം അതാണ് എനിക്ക് അറിയാവുന്നത്. പക്ഷെ ഞാൻ ജീസസ് ക്രൈസ്റ്റിന്റെ പേരു വിളിച്ചാണ് അലറി കരഞ്ഞത്.

ഞാൻ ശ്വാസം അടക്കിപ്പിടിച്ച് രക്ഷപെടാൻ ശ്രമിച്ചു. കണ്ണുതുറന്നപ്പോൾ, ഇടതുവശത്തും വലതുവശത്തും മെല്ലെ ഒഴുകുന്ന കടൽപ്പായലും സൂര്യകിരണങ്ങളും കണ്ടു. സൂര്യകിരണങ്ങൾക്ക് പിന്നിൽ യേശുവും ഉണ്ടായിരുന്നു. യേശുവിൻ്റെ കണ്ണുകൾ കണ്ടപ്പോൾ, ഒരു ദിവ്യമായ സമാധാനബോധം എന്നെ കീഴ്പെടുത്തി. 25 വർഷം മുൻപുള്ള ആ അനുഭവത്തിന് ശേഷം യേശു യഥാർത്ഥമാണെന്ന് ഞാൻ മനസ്സിലാക്കി, ജയസുധ പറഞ്ഞു. .

ശേഷം താൻ മതപരിവർത്തനം നടത്താൻ തീരുമാനിച്ചെന്നും, അത് വീട്ടുകാരെ ബോധ്യപ്പെടുത്താൻ ഒത്തിരി ബുദ്ധിമുട്ടിയെന്നും ജയസുധ പറഞ്ഞു. 2001ൽ ജയസുധ ക്രിസ്തുമതം സ്വീകരിച്ചു.

Scroll to Top