സിംഹാസനത്തിലിരുന്ന് ഉർവശി, കിരീടം ചൂടിച്ച് കുഞ്ഞാറ്റ, അമ്മയുടെയും മകളുടെയും ചിത്രങ്ങൾ വൈറൽ

മലയാളികൾക്ക് എക്കാലത്തെയും പ്രിയങ്കരിയാണ് നടി ഉർവശി. മികച്ച സിനിമകൾ മലയാളികൾക്ക് സമ്മാനിച്ച താരം എന്നും മലയാളികളുടെ ലേഡി സൂപ്പര്‍സ്റ്റാര്‍ തന്നെ. അടുത്തകാലത്താണ് ഉർവശി സമൂഹമാധ്യമങ്ങളിൽ സജീവമായി തുടങ്ങിയത്.

മക്കൾക്കൊപ്പമുള്ള ചിത്രങ്ങളും ഇടയ്ക്ക് ഉർവശി ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ മകൾ കുഞ്ഞാറ്റ എന്നു വിളിക്കുന്ന തേജ ലക്ഷ്മിയ്ക്ക് ഒപ്പമുള്ള ഉർവശിയുടെ ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

സിംഹാസനത്തിലിരിക്കുന്ന ഉർവശിയ്ക്ക് കിരീടം ചൂടിക്കുന്ന കുഞ്ഞാറ്റയെ ആണ് ചിത്രങ്ങളിൽ കാണാനാവുക. ഇതിൻറെ ചിത്രങ്ങൾ കുഞ്ഞാറ്റ തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്. നടൻ മനോജ് കെ. ജയനുമായുള്ള വിവാഹത്തിൽ ഉർവശിക്കുണ്ടായ മകളാണ് കുഞ്ഞാറ്റ. 2008ൽ ഉർവശിയും മനോജ് കെ. ജയനും വേർപിരിഞ്ഞു. 2013ൽ ചെന്നൈയിലെ ബിൽഡറായ ശിവപ്രസാദിനെ ഉർവശി വിവാഹം കഴിച്ചു.

മലയാളികളുടെ എക്കാലത്തേയും പ്രിയങ്കരിയായ നടിയാണ് ഉർവശി. മലയാളത്തിനൊപ്പം തമിഴിലും കന്നടയിലും തെലുങ്കിലുമെല്ലാം ഒരുപോലെ തിളങ്ങിയ അഭിനയപ്രതിഭ. എന്നും തന്നോട് തന്നെയാണ് ഉർവശിയുടെ മത്സരം. ഹാസ്യമോ ഗൗരവമോ കണ്ണീരോ കുശുമ്പോ ​എന്നു തുടങ്ങി കഥാപാത്രത്തിന്റെ സ്ഥായീഭാവം ഏതുമായി കൊള്ളട്ടെ, ആ കഥാപാത്രത്തെ തന്മയത്വത്തോടെ അവതരിപ്പിക്കുന്ന തെന്നിന്ത്യയുടെ പകരക്കാരില്ലാത്ത പ്രിയനടിയാണ് ഉർവശി.

ലേഡി സൂപ്പർസ്റ്റാർ എന്ന വിശേഷണം പലപ്പോഴും മഞ്ജു വാര്യർക്ക് ചാർത്തപ്പെടുമ്പോഴും സിനിമാപ്രേമികൾ പലപ്പോഴും തിരുത്താറുണ്ട്, മലയാളം കണ്ട എക്കാലത്തെയും വലിയ ലേഡി സൂപ്പർസ്റ്റാർ ഉർവശിയാണെന്ന് വാദിക്കുന്ന വലിയൊരു വിഭാഗം പ്രേക്ഷകരുണ്ട്.

Scroll to Top