അനുഗ്രഹീത കലാകാരി, കിരീടം ഉൾപ്പെടെ ഒട്ടേറെ സിനിമകളിൽ ഒന്നിച്ച് അഭിനയിച്ചു- കനകലതയെ കുറിച്ച് മോഹൻലാൽ

നടി കനകലതയെ അനുസ്മരിച്ച് നടന്‍ മോഹന്‍ലാല്‍. കിരീടം ഉൾപ്പെടെ ഒട്ടേറെ സിനിമകളിൽ തങ്ങൾക്ക് ഒന്നിച്ച് അഭിനയിക്കാൻ സാധിച്ചുവെന്ന് ലാല്‍ അനുസ്മരിച്ചു. കിരീടത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച കഥാപാത്രത്തിന്‍റെ ചേച്ചിയായിട്ടാണ് കനകലത അഭിനയിച്ചത്. വര്‍ണപ്പകിട്ട് എന്ന സിനിമയിലും ലാലിന്‍റെ സഹോദരിയായിരുന്നു താരം. സ്ഫടികം, രാജാവിന്‍റെ മകന്‍, മിഥുനം, ചെങ്കോല്‍, ഒരു യാത്രാമൊഴി, തച്ചോളി വര്‍ഗീസ് ചേകവര്‍, അപ്പു തുടങ്ങിയ ചിത്രങ്ങളിലും കനകലത മോഹന്‍ലാലിനൊപ്പം അഭിനയിച്ചിട്ടുണ്ട്.

മോഹന്‍ലാലിന്‍റെ കുറിപ്പ്

മലയാളസിനിമയിൽ ഒരു കാലഘട്ടത്തിലെ നിറസാന്നിധ്യമായിരുന്നു പ്രിയപ്പെട്ട കനകലത. ഇരുനൂറ്റി എൺപതിലധികം മലയാള ചിത്രങ്ങളിലും ഒട്ടേറെ തമിഴ് ചിത്രങ്ങളിലും വ്യത്യസ്തമായ വേഷങ്ങൾ ചെയ്ത അനുഗ്രഹീത കലാകാരി. കിരീടം ഉൾപ്പെടെ ഒട്ടേറെ സിനിമകളിൽ ഞങ്ങൾക്ക് ഒന്നിച്ച് അഭിനയിക്കാൻ സാധിച്ചു. ഈ ലോകത്തോട് വിടപറഞ്ഞ പ്രിയ സഹോദരിക്ക് വേദനയോടെ ആദരാഞ്ജലികൾ.

പാർക്കിൻസൺസിനെയും അല്‍ഷിമേഴ്‌സിനെയും തുടർന്ന് ചികിത്സയിലിരിക്കെ തിങ്കളാഴ്ച ആയിരുന്നു കനകലതയുടെ അന്ത്യം. നാടകത്തില്‍നിന്ന് വെള്ളിത്തിരയിലെത്തിയ കനകലത തൊണ്ണൂറുകളില്‍ മലയാള സിനിമയില്‍ ചെറുതും വലുതുമായ നിരവധി വേഷങ്ങള്‍ ചെയ്തിട്ടുണ്ട്.

ചില്ല്, കരിയിലക്കാറ്റുപോലെ, ജാഗ്രത,എന്‍റെ സൂര്യപുത്രിക്ക്, കൗരവര്‍, അമ്മയാണെ സത്യം,അനിയത്തിപ്രാവ്, ഹരികൃഷ്ണന്‍സ്, മാട്ടുപ്പെട്ടി മച്ചാന്‍, പ്രിയം, പഞ്ചവര്‍ണതത്ത തുടങ്ങി മലയാളത്തിലും തമിഴിലുമായി 350-ലധികം ചിത്രങ്ങളിൽ വേഷമിട്ടിട്ടുണ്ട്.

Scroll to Top