കൊല്ലം സുധിയെ വെച്ച് കുറേ നേടുന്നുണ്ടല്ലോ, സിസി അടവാകുമ്പോൾ വീണ്ടും സുധിയെ ഓർക്കും, അടുത്ത വണ്ടി എടുക്കാനാകുമ്പോൾ വീണ്ടും വരും എന്റെ സുധിയേട്ടൻ എന്നും പറഞ്ഞ്, താർ വാങ്ങിയ ലക്ഷ്മിക്ക് വിമർശനം; സൈബർ ആക്രമണം സുധിയുടെ മണം പെർഫ്യൂമാക്കി നൽകിയതിന് പിന്നാലെ

വ്യത്യസ്തമായ അവതരണത്തിലൂടെ മലയാളികളുടെ ഇഷ്ടം പിടിച്ച് പറ്റിയ സുന്ദരിയാണ് ലക്ഷ്മി നക്ഷത്ര. സ്റ്റാർ മാജിക്ക് എന്ന പരിപാടിയിലൂടെ മലയാളിയുടെ സ്വീകരണ മുറിയിലെത്തുന്ന പരിചിത മുഖം. അവതാരകയുടെ വേഷത്തിലാണ് ലക്ഷ്മി നക്ഷ്ത്ര കൂടുതലായും ആളുകൾ‌ക്ക് മുമ്പിൽ എത്തിയിട്ടുള്ളത്.

റേഡിയോയിലും ടെലിവിഷനിലെ ചെറിയ പരിപാടികളും അവതാരകയായി പ്രത്യക്ഷപ്പെട്ട ശേഷമാണ് സ്റ്റാർ മാജിക്കിലേക്ക് താരത്തിന് ക്ഷണം വരുന്നത്. ഒരുപാട് ആ​ഗ്രഹിച്ചിട്ടും സ്റ്റാർ മാജിക്കിൽ അവതാരകയാകാൻ നിരവധി അവസരങ്ങൾ കിട്ടിയിട്ടും കയ്യെത്തും ​ദൂരത്ത് വെച്ച് ലക്ഷ്മിക്ക് അത് നഷ്ടപ്പെട്ടിരുന്നു. വീണ്ടും പ്രയത്നിച്ചതുകൊണ്ടാണ് അവസരം കിട്ടിയതും ഇന്ന് സ്റ്റാർ മാജിക്കിന്റെ മുഖമായി നിലകൊള്ളുന്നതും. ഒരു പ്രോ​ഗ്രാം കണ്ടുകഴിയുമ്പോൾ അതിലെ അവതാരകർ ആരാധകരുടെ മനസിൽ ആഴ്ന്നിറങ്ങും. അത്തരത്തിൽ ജനഹൃദയങ്ങൾ കീഴടക്കിയ ഒരാൾ കൂടിയാണ് ലക്ഷ്മി നക്ഷത്ര.

ഇപ്പോഴിതാ സോഷ്യൽമ‍ീഡിയയിൽ സജീവമായ ലക്ഷ്മി നക്ഷത്ര പങ്കിട്ട പുതിയ പോസ്റ്റും അതിന് വന്ന കമന്റുകളുമാണ് വൈറലാകുന്നത്. തന്റെ ​​ഗ്യാരേജിലേക്ക് പുതിയൊരു അം​ഗം കൂടി എത്തിയ സന്തോഷമാണ് പുതിയ ഇൻസ്റ്റ​ഗ്രാം പോസ്റ്റിലൂടെ ലക്ഷ്മി നക്ഷത്ര അറിയിച്ചിരിക്കുന്നത്. താരം ഏറ്റവും പുതിയതായി വാങ്ങിയ വാഹനം മഹേന്ദ്രയുടെ താറാണ്. കറുപ്പ് നിറത്തിലുള്ള താറിന്റെ മുന്നിൽ സ്റ്റൈലൻ ലുക്കിൽ നിൽക്കുന്ന ചിത്രം പങ്കിട്ടുകൊണ്ടാണ് പുതിയ വാഹനം വാങ്ങിയ സന്തോഷം ലക്ഷ്മി നക്ഷത്ര പങ്കിട്ടത്. കുറച്ച് നാളുകൾക്ക് മുമ്പ് ബിഎംഡബ്ല്യു 3 സീരിസ് സ്വന്തമാക്കിയിരുന്നു ലക്ഷ്മി നക്ഷത്ര.

ലക്ഷ്മിയുടെ പുത്തൻ പോസ്റ്റ് ശ്രദ്ധിക്കപ്പെട്ടതോടെ സ്റ്റാർ മാജിക്കിലെ സഹതാരങ്ങളും ആരാധകരുമെല്ലാം ലക്ഷ്മിക്ക് ആശംസ അറിയിച്ചെത്തി. എന്നാൽ ഒരു വിഭാ​ഗം ആളുകൾ കൊല്ലം സുധിയുടെ പേരിൽ ലക്ഷ്മിയെ പരി​ഹസിച്ചും കമന്റുകൾ കുറിച്ചിട്ടുണ്ട്. കൊല്ലം സുധിയുടെ പേരിൽ ചെയ്ത വീഡിയോകളിൽ നിന്നും ലഭിച്ച പ്രതിഫലം ഉപയോ​ഗിച്ചാണ് ലക്ഷ്മി പുതിയ വാഹനം സ്വന്തമാക്കിയത് എന്ന തരത്തിൽ പരിഹസിച്ചുള്ളതായിരുന്നു കമന്റുകൾ. കഴിഞ്ഞ വർഷം വാഹനാപകടത്തിൽ കൊല്ലം സുധി മരിച്ചശേഷം അദ്ദേഹത്തിന്റെ കുടുംബത്തിന്റെ വിവരങ്ങൾ ലക്ഷ്മിയുടെ യുട്യൂബ് ചാനൽ വഴിയാണ് ആരാധകർ അറിയാറുള്ളത്.

കഴിഞ്ഞ ദിവസം സുധിയുടെ ഭാര്യ രേണു ആവശ്യപ്പെട്ടത് പ്രകാരം സുധിയുടെ വസ്ത്രത്തിലെ ​ഗന്ധം ദുബായിൽ വെച്ച് പെർഫ്യൂമാക്കി മാറ്റിയതിന്റെ വീഡിയോ ലക്ഷ്മി പങ്കിട്ടിരുന്നു. കൊല്ലം സുധിയേയും കുടുംബത്തേയും വെച്ച് വീഡിയോ ചെയ്ത് ലക്ഷ്മി കാശ് സമ്പാദിക്കുന്നുവെന്നാണ് വിമർശനം.

സുധിയെ വെച്ച് കുറേ നേടുന്നുണ്ടല്ലോ… സിസി അടവാകുമ്പോൾ വീണ്ടും സുധിയെ ഓർക്കും, അടുത്ത വണ്ടി എടുക്കാനാകുമ്പോൾ വീണ്ടും വരും എന്റെ സുധിയേട്ടൻ എന്നും പറഞ്ഞ്, സുധി ചേട്ടനെ വെച്ച് മാർക്കറ്റ് ഉണ്ടാക്കി മേടിച്ച വണ്ടി, എല്ലാം സുധി ചേട്ടന്റെ അനു​ഗ്രഹം എന്നിങ്ങനെ നീളുന്നു കമന്റുകൾ. കാശ് മോഹിച്ചല്ല വീഡിയോ ചെയ്യുന്നതെങ്കിൽ എന്തിന് മോണിറ്റൈസേഷൻ ഓണാക്കിവെക്കുന്നുവെന്നാണ് ലക്ഷ്മിയുടെ യുട്യൂബ് വീഡിയോയെ വിമർശിക്കുന്നവർ പ്രധാനമായും ചോദിക്കുന്നത്. എന്നാൽ ഒരു വിമർശനത്തോടും ലക്ഷ്മി ഇതുവരെ പ്രതികരിച്ചിട്ടില്ല.

Scroll to Top